ആ ചിത്രം പകര്‍ത്തിയത് മറ്റൊരാള്‍?; നിലവിളിച്ചോടുന്ന പെണ്‍കുട്ടിയുടെ ഫോട്ടോ വിവാദത്തില്‍

ചിത്രം എടുത്തത് അമേരിക്കന്‍ വാര്‍ത്താ ഏജന്‍സിയായ അസോഷ്യേറ്റ് പ്രസിന്റെ (എപി) ഫൊട്ടോഗ്രഫര്‍ നിക്ക് ഊട്ട് ആണെന്നാണ് ഇതുവരെയുള്ള വിവരം
dispute over who clicked the iconic 'Napalm Girl' photo
പുലിറ്റ്‌സര്‍ സമ്മാനം സ്വീകരിക്കുന്ന നിക്ക് ഊട്ട് എക്‌സ്
Updated on

ന്യൂയോര്‍ക്ക്: അന്‍പത് വര്‍ഷം മുന്‍പ് തെക്കന്‍ വിയറ്റ്‌നാമില്‍ നാപാം ബോംബാക്രമണത്തില്‍ പൊള്ളലേറ്റു നഗ്‌നയായി നിലവിളിച്ചോടുന്ന പെണ്‍കുട്ടിയുടെ ദയനീയത പകര്‍ത്തിയ ചിത്രത്തിന് പുതിയ അവകാശവാദം.

നിലവിളിച്ചോടി വരുന്ന പെണ്‍കുട്ടിയുടെ ചിത്രം എടുത്തത് അമേരിക്കന്‍ വാര്‍ത്താ ഏജന്‍സിയായ അസോഷ്യേറ്റ് പ്രസിന്റെ (എപി) ഫൊട്ടോഗ്രഫര്‍ നിക്ക് ഊട്ട് ആണെന്നാണ് ഇതുവരെയുള്ള വിവരം. എന്നാല്‍ ചിത്രത്തിന് പുതിയ അവകാശ വാദം ഉന്നയിച്ചിരിക്കുകയാണ് യുഎസിലെ യൂട്ടായില്‍ സണ്‍ഡാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച 'ദ് സ്ട്രിങ്ങര്‍' എന്ന ഡോക്യുമെന്ററി. ഫ്രീലാന്‍സ് ഫോട്ടോഗ്രഫര്‍ നോയന്‍ ടാന്‍ നെ ആണു ആ ചിത്രമെടുത്തതെന്നാണ് ഡോക്യുമെന്ററിയില്‍ പറയുന്നത്.

വിയറ്റ്‌നാം യുദ്ധ പ്രതീകമായ 'നാപാം പെണ്‍കുട്ടി' എന്ന ചിത്രത്തിന് പുലിറ്റ്‌സര്‍ സമ്മാനം ലഭിച്ചിരുന്നു. ഫ്രഞ്ച് ഫൊറന്‍സിക് ടീം നടത്തിയ അന്വേഷണത്തില്‍ ഫോട്ടോ നിക്ക് ഊട്ട് എടുത്തതാകാന്‍ സാധ്യത വളരെ കുറവാണെന്നാണു കണ്ടെത്തിയതെന്നും ഡോക്യുമെന്ററി അവകാശപ്പെടുന്നു.

ഗാരി നൈറ്റും സംഘവും തയാറാക്കിയ ഡോക്യുമെന്ററിയുടെ പ്രദര്‍ശനത്തിനുശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ നോയന്‍ ടാന്‍ നെ പങ്കെടുത്തു. താനാണു നാപാം പെണ്‍കുട്ടിയായ കിം ഫുക്കിന്റെ പടമെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. 1972 ജൂണ്‍ 8ന് ആണ് ചിത്രമെടുത്തത്. എന്‍ബിസി വാര്‍ത്താസംഘത്തിനൊപ്പമാണു ട്രാങ് ബാങ് നഗരത്തില്‍ പോയത്. നിലവിളിച്ചോടി വന്ന 9 വയസ്സുകാരിയായ കിം ഫുക്കിന്റെ ചിത്രമെടുത്തത് അവിടെവച്ചാണ്. 20 ഡോളറിനു ചിത്രം എപിക്കു വില്‍ക്കുകയായിരുന്നു. സത്യം കണ്ടെത്താനായി 2 വര്‍ഷത്തിലേറെ നീണ്ട അന്വേഷണമാണു നടത്തിയതെന്ന് ഡോക്യുമെന്ററിയുടെ സംവിധായകന്‍ പറഞ്ഞു.

അതേസമയം ഈ അവകാശവാദം വ്യാജമാണെന്നും ഡോക്യുമെന്ററിയോടു യോജിക്കുന്നില്ലെന്നും കാനഡയിലുള്ള കിം ഫുക് പ്രതികരിച്ചു. നിക്ക് ഊട്ട് തന്നെയാണു ഫോട്ടോയെടുത്തതെന്നും ഇക്കാര്യം അന്വേഷണത്തില്‍ ബോധ്യപ്പെട്ടതാണെന്നാണ് എപിയുടെ വാദം. മറ്റു തെളിവുകള്‍ ഉണ്ടെങ്കില്‍ കൈമാറാന്‍ ഡോക്യുമെന്ററിയുടെ നിര്‍മാതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വാര്‍ത്താ ഏജന്‍സി വക്താവ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com