

ഹനോയ്: ഒരു കുടുംബത്തില്‍ രണ്ട് കുട്ടികള്‍ എന്ന നയം തിരുത്തി വിയറ്റ്‌നാം. രാജ്യത്തെ ജനന നിരക്കില്‍ വന്ന വലിയ ഇടിവാണ് പതിറ്റാണ്ടുകളായി നടപ്പാക്കിവന്ന നയം തിരുത്താന്‍ വിയറ്റ്‌നാമിനെ പ്രേരിപ്പിച്ചത്. (Vietnam scrapped policy limiting families to two children) എത്ര കുട്ടികള്‍ വേണമെന്നതിലും കുട്ടികള്‍ക്ക് ഇടയിലെ സമയ പരിധിയും ഇനി ദമ്പതികള്‍ക്ക് തീരുമാനിക്കാം. വിയറ്റ്‌നാം സര്‍ക്കാരിന്റെ പുതിയ നയം സംബന്ധിച്ച തീരുമാനം ബുധനാഴ്ചയാണ് സ്‌റ്റേറ്റ് മീഡിയ പുറത്തുവിട്ടത്. ഒരു കുടുംബത്തിന് ഒന്നോ രണ്ടോ കുട്ടികള്‍ മാത്രം പാടുള്ളു എന്ന തീരുമാനമാണ് കമ്യൂണിസ്റ്റ് രാഷ്ട്രമായ വിയറ്റ്‌നാം തിരുത്തുന്നത്.
1960 - ല്‍ വടക്കന്‍ വിയറ്റ്‌നാം ആണ് കുട്ടികളുടെ എണ്ണത്തില്‍ ആദ്യം നിയന്ത്രണം ഏര്‍പ്പെടുത്തിയത്. പിന്നീട് ഐക്യ വിയറ്റ്‌നാം രൂപം കൊണ്ടപ്പോള്‍ രാജ്യവ്യാപകമായി നയം നടപ്പാക്കി. 1988-ല്‍ കുടുംബാസൂത്രണം നയമായി പ്രഖ്യാപിക്കുകയും ചെയ്തു.
എന്നാല്‍, വിയറ്റ്‌നാമിലെ ജനന നിരക്ക് വലിയ തോതില്‍ ഇടിഞ്ഞതാണ് ഇപ്പോഴത്തെ മാറ്റത്തിന് കാരണം. 2024 ലെ കണക്ക് പ്രകാരം ഒരു സ്ത്രീക്ക് 1.91 കുട്ടി എന്നതാണ് വിയറ്റ്‌നാമിലെ ജനന നിരക്ക്. ഈ സാഹചര്യം തുടര്‍ന്നാല്‍ രാജ്യം പ്രായമായവരുടെ നാടായി മാറുമെന്നും തൊഴില്‍ ശക്തിയില്‍ ഉള്‍പ്പെടെ തിരിച്ചടി നേരിടേണ്ടിവരുമെന്നും വിലയിരുത്തപ്പെടുന്നു. രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെ കാര്യമായി ബാധിച്ചേക്കാവുന്ന സാഹചര്യങ്ങള്‍ മറികടക്കാനാണ് ഇപ്പോഴത്തെ നയം മാറ്റം എന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ 2003-ല്‍ രണ്ട് കുട്ടികള്‍ എന്ന നയത്തില്‍ വിയറ്റ്‌നാം ഇളവ് വരുത്തിയിരുന്നു. എന്നാല്‍ 2008-ല്‍ ഇത് പിന്‍വലിക്കുകയും ചെയ്തു.
രാജ്യത്തെ നഗര മേഖലകളിലാണ് ജനന നിരക്ക് ഏറ്റവും കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. ജീവിത ചെലവിലെ വര്‍ധനയുള്‍പ്പെടെ ഇതിന് പിന്നിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നഗര മേഖലയില്‍ 2023 ലെ ജനനനിരക്ക് വെറും 1.32 ആണെന്നാണ് കണക്കുകള്‍. കുട്ടികളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ക്ഷേമ പദ്ധതികള്‍ ഉള്‍പ്പെടെ പ്രാദേശിക ഭരണകൂടങ്ങള്‍ ഇതിനോടകം നടപ്പാക്കി വരുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 35 വയസ്സിന് മുമ്പ് രണ്ട് കുട്ടികളുള്ള സ്ത്രീകള്‍ക്ക് ഏകദേശം 1 ദശലക്ഷം ഡോങ് സാമ്പത്തിക പ്രതിഫലം ഉള്‍പ്പെടെ ആണ് വാഗ്ദാനം. കൂടാകെ മെറിറ്റ് സര്‍ട്ടിഫിക്കറ്റും വാഗ്ദാനം ചെയ്യുന്നു. മൂന്ന് വര്‍ഷത്തിനിടെ രണ്ട് കുട്ടികള്‍ക്ക് ജന്‍മം നല്‍കുന്നതും പാരിതോഷികങ്ങള്‍ക്ക് അര്‍ഹതയാണ്. 30 മില്യണ്‍ ഡോങ് വരെ ഒരോ പ്രാദേശിക സമൂഹങ്ങള്‍ക്കും ജനനനിരക്ക് ഉയര്‍ത്തുന്നതിന് നല്‍കിവരുന്നുണ്ട്. തെക്കന്‍ വിയറ്റ്‌നാമിലെ ടിയാന്‍ ജിയാങ് പോലുള്ള ചില പ്രവിശ്യകള്‍ ആണ് ഇത്തരം പ്രോത്സാഹനങ്ങള്‍ നല്‍കുന്നത്. എന്നാല്‍ പ്രവിശ്യയിലെ ജനനനിരക്ക് ഇപ്പോഴും കുറയുന്ന ട്രെന്‍ഡ് ആണ് നിലവിലുള്ളത് എന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2021-ല്‍ ഒരു സ്ത്രീക്ക് 2.11 കുട്ടികള്‍ എന്നതായിരുന്നു വിയറ്റ്‌നാമിലെ നനനിരക്ക്. 2024 ല്‍ ഇത് ഒരു സ്ത്രീക്ക് 1.91 കുട്ടികള്‍ എന്ന നിലയിലേക്ക് ഇടിഞ്ഞു.
ജനന നിരക്കിലെ ഇടിവിന് പുറത്ത് ലിംഗാനുപാതത്തിലും രാജ്യത്ത് അസന്തുലിതാവസ്ഥ നിലനില്‍ക്കുന്നുണ്ട്. ഓരോ 100 പെണ്‍കുട്ടികള്‍ക്കും 112 ആണ്‍കുട്ടികള്‍ എന്നതാണ് നിലവിലെ ലിംഗാനുപാതം. ആണ്‍കുട്ടികളോടുള്ള താത്പര്യമാണ് ഈ വ്യതാസത്തിന് കാരണം. ഈ സാഹചര്യം മറികടക്കാന്‍ ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണയത്തിന് പിഴ വര്‍ധിപ്പിച്ചിട്ടുണ്ട്. ഏകദേശം 3800 ഡോളറാണ് ഇത്തരം സംഭവങ്ങളില്‍ പിഴചുമത്തപ്പെടുക.
വിയറ്റ്‌നാമിന് പുറമെ സിംഗപ്പൂര്‍, തായ്ലന്‍ഡ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലും ജനനനിരക്കില്‍ കാര്യമായ ഇടിവ് രേഖപ്പെടുത്തുന്നുണ്ട്. ജപ്പാനില്‍, 2024-ല്‍ ജനനനിരക്ക് ആദ്യമായി 700,000-ത്തില്‍ താഴെയെത്തിയതായി കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 2016-ല്‍ ചൈന 'ഒരു കുട്ടി നയം' അവസാനിപ്പിച്ചിരുന്നു. 2021-ല്‍ ദമ്പതികള്‍ക്ക് മൂന്ന് കുട്ടികള്‍ ആകാമെന്നും പ്രഖ്യാപിച്ചിരുന്നു. എന്നിട്ടും 2024-ല്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ജനസംഖ്യ കുറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
