ചെ: നിലച്ചിട്ടും ദശകങ്ങളായി മനുഷ്യ മനസ്സുകളിൽ യാത്ര ചെയ്യുന്ന ആ പഴയ നോർട്ടോൺ 500 സിസി മോട്ടോർസൈക്കിൾ
യാത്ര നിലച്ച് 58 വർഷം കഴിഞ്ഞിട്ടും ആ പഴയ നോർട്ടോൺ 500 സിസി മോട്ടോർസൈക്കിൾ (Norton 500cc motorcycle) ഇന്നും ലോകമെമ്പാടുമുള്ള ജനങ്ങൾക്കിടയിലൂടെ സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു. 39 ആം വയസ്സിൽ വെടിയുണ്ടകൾ കൊണ്ട് നിലച്ചുപോയ ജീവിതത്തിൽ നിന്ന് ഊർജ്ജം ആവാഹിച്ച ആ യാത്ര ഭൂഖണ്ഡങ്ങളുടെ അതിരുകളും കലണ്ടർ കണക്കുകളിലെ ദശകങ്ങളും താണ്ടി മനുഷ്യമനസ്സുകളിൽ പുതിയ ലോകത്തിന്റെ സ്വപ്നങ്ങൾ പകർന്ന് നൽകിയാണ് ഇന്നും യാത്ര ചെയ്യുന്നത്. ഇന്നും ലോകത്തെവിടെയും റൊസാരിയ എന്ന സ്ഥലനാമത്തെ പരിചതമാക്കിയതായിരുന്നു ആ നോർട്ടോൺ മോട്ടോർ സൈക്കിൾ, ഒപ്പം വിമോചനത്തിന്റെ പ്രത്യയശാസ്ത്രത്തെയും.
കഴിഞ്ഞ നൂറ്റാണ്ടിൽ ലോകത്തെ മാറ്റിമറിച്ച വിപ്ലങ്ങളുടെ കാലമായിരുന്നു. അക്കാലത്തായിരുന്നു അർജന്റീനയിലെ റൊസാരിയോയിൽ 1928 ജൂലൈ 14 നാണ് സീലിയ ദെ ലാ സെർന ലോസയുടേയും ഏണസ്റ്റോ ഗുവാര ലിഞ്ചിന്റേയും അഞ്ച് മക്കളിൽ മൂത്തവനായി ഏണസ്റ്റോ ഗുവാര ഡി ലാ സെർന (Che Guevara) ജനിച്ചത്. യൗവ്വനകാലത്ത് തന്നെ യുദ്ധതന്ത്രങ്ങളുടെയും സ്നേഹത്തിന്റെയും സാമൂഹിക നീതിയുടെയും പ്രത്യയശാസ്ത്രത്തിന്റെ ഹൃദയമിടിപ്പ് അറിയുന്നവനായി ലോകത്തോളം വളർന്നു. 39 മത്തെ വയസ്സിൽ അമേരിക്കൻ ഭരണകൂട പിന്തുണയോടെ സൈനികരുടെ വെടിയുണ്ടകൾ നിരായുധനായ ആ മനുഷ്യന്റെ ജീവനെടുക്കുമ്പോൾ നാല് പതിറ്റാണ്ടിൽ താഴെ മാത്രമുള്ള ജീവിതം കൊണ്ട് വരുന്ന നൂറ്റാണ്ടുകളിലേക്ക് ആ മനുഷ്യൻ യാത്ര തുടങ്ങിയിരുന്നു.
മെഡിക്കൽ വിദ്യാർത്ഥിയിൽ നിന്ന് നിപുണനായ ഗറില്ലാ യുദ്ധതന്ത്രജ്ഞൻ, നയതന്ത്രജ്ഞൻ,പ്രത്യയശാസ്ത്ര വിശാരദൻ,അണുവിട മാറാത്ത കമാൻഡർ എന്നൊക്കെയായിത്തീർന്നിരുന്നു ഫിദൽ കാസ്ട്രോയുടെ "തലച്ചോർ" എന്ന് വിശേഷിപ്പിക്കപ്പെട്ട ചെഗുവേര എന്ന ഏണസ്റ്റോ ഗുവേര ഡി ലാ സെർന. 1951 ഡിസംബറിൽ, 23 വയസ്സുള്ള അർജന്റീനിയൻ മെഡിക്കൽ വിദ്യാർത്ഥിയായ ഏണസ്റ്റോ റാഫേൽ ഗുവേര ഡി ലാ സെർന തന്റെ സുഹൃത്തും തന്നേക്കാൾ ആറ് വയസ് മുതിർന്ന ബയോകെമിസ്റ്റുമായ ആൽബെർട്ടോ ഗ്രനാഡോയുടെ പഴയ നോർട്ടൺ 500 സിസി മോട്ടോർസൈക്കിളിന്റെ പിന്നിൽ കയറി അർജന്റീനയിലെ കോർഡോബ നഗരത്തിൽ നിന്ന് വേഗത്തിൽ പുറത്തേക്ക് പാഞ്ഞു. ആ യാത്രയിൽ ലോകത്തെ മാറ്റിമറിക്കാൻ പോകുന്ന കാഴ്ചകളിലേക്കാണ് തങ്ങൾ സഞ്ചരിക്കുന്നത് ഇരുവരും അറിഞ്ഞിരുന്നില്ല.
ക്രൈസ്തവ വിമോചന ശാസ്‌ത്രത്താൽ സ്വധീനിക്കപ്പെട്ടിരുന്ന ഗുവേര ആ യാത്രയിൽ കണ്ട കാഴ്ചകൾ ജനങ്ങളുടെ ദരിദ്രമായ സാഹചര്യങ്ങളും അവരുടെ കഷ്ടപ്പാടുകളും അവർ നേരിടുന്ന ചൂഷണങ്ങളുമായിരുന്നു. ഈ യാത്രകളിൽ അനുഭവിച്ചറിഞ്ഞ സാമൂഹിക യാഥാർത്ഥ്യങ്ങൾ പരിഹരിക്കാനുള്ള പ്രതിവിധി വിപ്ലവമാണെന്ന നിലപാടിലേക്ക് അദ്ദേഹത്തെ എത്തിച്ചു. മാർക്സിയൻ ആശയങ്ങളിൽ ആകൃഷ്ടനായ ഗുവാര അതിലേക്കുള്ള യാത്രകളിലായി പിന്നീട്.
മെക്സിക്കോയിൽ വച്ച് 1956 ലാണ് ഗുവേര ഫിദൽ കാസ്ട്രോയുടെ വിപ്ലവ പാർട്ടിയായ ജൂലൈ 26മായി ബന്ധപ്പെടുന്നത്. പിന്നീട് 1956 ൽ ഏകാധിപതിയായ ജനറൽ ഫുൾജെൻസിയോ ബാറ്റിസ്റ്റയെ ക്യൂബയിൽ നിന്നും തുരത്തി അധികാരം പിടിച്ചെടുക്കുക എന്ന ഉദ്ദേശ്യത്തോടെയുള്ള പോരാട്ടത്തിൽ ഫിദലിന്റെ വലം കൈ ആയി മാറി ഗുവാര. ഗ്രൻമ എന്ന പായ്ക്കപ്പലിൽ അദ്ദേഹം ക്യൂബയിലേക്ക് നടത്തിയ യാത്രയും തുടർന്നുള്ള യുദ്ധതന്ത്രങ്ങലും വിമോചന പോരാട്ട ചരിത്രങ്ങളിലെ ഐതിഹാസികവും അതിസാഹിസികവുമായ ഒന്നായി കണക്കാക്കപ്പെടുന്നു.
ക്യൂബൻ വിപ്ലവാനനന്തരം പുതിയ ഭരണകൂടത്തിൽ പല പ്രധാന തസ്തികകളും വഹിക്കുകയും ഗറില്ലാ യുദ്ധമുറകളെ പറ്റി പുസ്തകങ്ങളും ലേഖനങ്ങളും എഴുതുകയും ചെയ്ത ചെഗുവാര 1965-ൽ കോംഗോയിലും തുടർന്ന് ബൊളീവിയയിലും വിപ്ലവം സംഘടിപ്പിക്കുകയെന്ന ഉദ്ദേശത്തോടെ ക്യൂബ വിട്ടു. ബൊളീവിയയിൽ വെച്ച് സി ഐ ഐ യുടേയും അമേരിക്കൻ ഐക്യനാടുകളിലെ സൈന്യത്തിന്റെ പ്രത്യേക സേനയുടേയും സഹായത്തോടെയുള്ള ഒരു ആക്രമണത്തിൽ പിടിയിലായ ചെഗവാരയെ 1967 ഒക്ടോബർ 9-നു ബൊളീവിയൻ സൈന്യം വാലിഗ്രനേഡിനടുത്തുള്ള ലാ ഹിഗ്വേരയിൽ വെച്ച് വിചാരണ കൂടാതെ വധിച്ചു.
മരണശേഷവും ജീവിക്കുന്ന ചെ
ചെ ഗുവാരയുടെ ജീവചരിത്രകാരന്മാരിൽ ഒരാളായ ജോൺ ലീ ആൻഡേഴ്‌സൺ, ചെ ഗുവേരയെയും അദ്ദേഹത്തിന്റെ നിരവധി സഖാക്കളെയും മധ്യ ബൊളീവിയയിലെ വല്ലെഗ്രാൻഡെ പട്ടണത്തിനടുത്തുള്ള ഒരു കൂട്ടക്കുഴിമാടത്തിൽ അടക്കം ചെയ്തതായി അറിഞ്ഞതായി 1995-ൽ പറഞ്ഞു. 1997-ൽ വിപ്ലവകാരിയുടേതെന്ന് കരുതപ്പെടുന്ന ഒരു അസ്ഥികൂടവും അദ്ദേഹത്തിന്റെ ആറ് സഖാക്കളുടെയും അവശിഷ്ടങ്ങൾ കണ്ടെത്തി ക്യൂബയിലേക്ക് കൊണ്ടുപോയി, ചെ ഗുവാരയുടെ 30-ആം ചരമവാർഷികത്തിൽ സാന്താ ക്ലാരയിലെ സ്മാരകത്തിൽ സംസ്കരിച്ചു.
അദ്ദേഹത്തിന്റെ 80-ആം ജന്മദിനത്തിൽ, 2008-ൽ, അദ്ദേഹത്തിന്റെ ജന്മനാടായ അർജന്റീനയിലെ റൊസാരിയോയിൽ, ചെ ഗുവാരയുടെ സ്മാരകം, ഒരു പ്രതിമ സമർപ്പിച്ചു. 2007-ൽ ഒരു ഫ്രഞ്ചുകാരനും സ്പാനിഷ് പത്രപ്രവർത്തകനും ക്യൂബയിലേക്ക് കൊണ്ടുവന്ന മൃതദേഹം യഥാർത്ഥത്തിൽ ചെ ഗുവാരയുടേതല്ലെന്ന് വാദിച്ചു. ക്യൂബൻ സർക്കാർ ഈ അവകാശവാദം നിരാകരിച്ചു, 1997 ലെ ശാസ്ത്രീയ തെളിവുകൾ (ദന്തഘടന ഉൾപ്പെടെ) ഉദ്ധരിച്ച്, അത് ചെ ഗുവാരയുടേതാണെന്ന് തെളിയിച്ചതായി ക്യൂബൻ സർക്കാർ പറഞ്ഞു.

ചെ വിപ്ലകാരിയിൽ നിന്ന് റാഡിക്കൽ ചിക് ആയി മാറിയ കാലം
ചെ എന്ന ഓമനപ്പേര് ക്യൂബൻ സഖാക്കൾ ഏണസ്റ്റോവിന് നൽകിയതാണെന്നും സഖാവ്, ചങ്ങാതി, സഹോദരൻ എന്നൊക്കെയാണ് ഈ വാക്കിനർഥമുണ്ടായിരുന്നതെന്നും പറയപ്പെടുന്നു.
ഏതാനും വർഷം മുമ്പ് വരെ ചെഗുവാര ഇന്ത്യയിലെയും വിദേശത്തെയും പല കമ്മ്യൂണിസ്റ്റുകാർക്കു പോലും പ്രിയപ്പെട്ടവനായിരുന്നില്ല. അരാജകവാദിയായിട്ടാണ് അവർ അദ്ദേഹത്തെ കണ്ടിരുന്നത്. എന്നാൽ, ക്യൂബൻ മന്ത്രിയായിരിക്കെ ഇന്ത്യയിലെത്തിയ ചെ യെ അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രു സ്വീകരിച്ചിരുന്നു. ഇവിടെ തീവ്ര ഇടതുപക്ഷക്കാരുടെ ഐക്കൺ ആയിട്ടായിരുന്നു ആദ്യകാലങ്ങളിൽ ഗുവാര എന്ന വിപ്ലവകാരി എത്തിയത്. പിന്നീട്, ഇടതുപക്ഷത്തിന്റെ പൊതു മുദ്രയായി അദ്ദേഹത്തിന്റെ പ്രതിഷ്ഠാപനം നടക്കുകയായിരുന്നു. ഏതാണ്ട് ഇതേ സമയത്ത് തന്നെ ചെ യെ മാർക്സിൽ നിന്നും മാർക്കറ്റിലേക്ക് മാറ്റുന്നതിനും വിപണിയുടെ തന്ത്രങ്ങൾക്ക് സാധിച്ചുവെന്നതും മറക്കാനാവില്ല
ഹവാനയിലേക്ക് ആയുധങ്ങൾ കൊണ്ടുവന്ന ഒരു കപ്പൽ പൊട്ടിത്തെറിച്ച് 1960 മാർച്ച് 5-ന് മരിച്ചവർക്കായി ( ഇത് അമേരിക്ക നടത്തിയ കൊലപാതകമായിരുന്നുവെന്ന് ആരോപണമുണ്ട്) നടന്ന ഒരു ചടങ്ങിൽ ക്യൂബൻ ഫോട്ടോഗ്രാഫർ ആൽബെർത്തോ കോർദ എടുത്ത ചെയുടെ ചിത്രമാണ് പിന്നീട് വിഗ്രവൽക്കരിക്കപ്പെട്ട പ്രതീകമായി മാറിയത്. ആ ഫോട്ടോയിൽ പിന്നീട് 1967 ലെ ഐറിഷ് കലാകാരനായ ജിം ഫിറ്റ്സ്പാട്രിക് ആണ് ഇതിന് ആദ്യമായി ഒരു കലാപരമായ പുനർനിർമ്മാണം നൽകിയത്. ഈ ഐക്കണിക് ചിത്രം ആദ്യമായി ഒരു ഫാഷൻ ഡിസൈനായി ഉപയോഗിച്ചത് എപ്പോഴാണെന്ന് അറിയില്ല, എന്നാൽ, ആദ്യ കാലങ്ങളിൽ ഇതൊരു ഒരു വിപ്ലവ പ്രസ്താവനയായും പിന്നീട് കമ്പോളത്തിന് ഉപയോഗയോഗ്യമായി മാറി.അതോടെ അത് റാഡിക്കൽ ചിക് പ്രതീകമായും, കാലക്രമേണ, ഒരുതരം അമൂർത്ത ലോഗോയായും പരിവർത്തനം ചെയ്യപ്പെട്ടു, അതിന്റെ യഥാർത്ഥ പ്രാധാന്യം അത് ധരിച്ചയാൾക്ക് നഷ്ടപ്പെട്ടിരിക്കാം, എന്നാലും അദ്ദേഹം വിപ്ലവകാരികൾക്കും വിമോചനം സ്വപ്നം കാണുന്നവർക്കും പ്രചോദനമായും പ്രതിസംസ്കാരത്തിന്റെ പ്രതീകമായും തുടരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates