
ഫ്‌ളോറിഡ : ആക്‌സിയം 4 വിക്ഷേപണ ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശത്തെത്തിയ ഇന്ത്യൻ വ്യോമസേനാ ഗ്രൂപ്പ് കമാൻഡർ ശുഭാംശു ശുക്ലയും സംഘവും ഇന്ന് അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ എത്തും. സംഘം സഞ്ചരിക്കുന്ന ഡ്രാഗൺ പേടകം ഇന്ത്യൻ സമയം ഇന്ന് വൈകിട്ട് 4.31ന് അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ ഡോക്ക് ചെയ്യും.
നിലയത്തിൽ തുടരുന്ന സംഘം രണ്ടാഴ്‌ചയ്ക്കുശേഷം മടങ്ങും. ഇതോടെ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരനാകും ശുഭാംശു ശുക്ല. രാകേഷ് ശർമക്ക് ശേഷം ബഹിരാകാശത്ത് എത്തുന്ന രണ്ടാമത്തെ ഇന്ത്യാക്കാരനും. സാങ്കേതിക തകരാറുകളും കാലാവസ്ഥാ പ്രശ്‌നങ്ങളും മൂലം ആറുവട്ടം മാറ്റിയ ദൗത്യമാണിത്.
ബുധനാഴ്ച ഉച്ചയ്ക്ക് 12.01ന് ഫ്ളോറിഡയിലെ നാസ കെന്നഡി സ്‌പേസ് സെന്ററിൽ നിന്നായിരുന്നു വിക്ഷേപണം. പുലർച്ചെ എല്ലാ പരിശോധനകളും പൂർത്തിയാക്കി സംഘം വിക്ഷേപണത്തറയിലെ ഡ്രാഗൺ പേടകത്തിൽ കയറിയിരുന്നു. വിക്ഷേപണത്തിന് തൊട്ടു മുമ്പ് ചെറിയ സാങ്കേതിക പ്രശ്‌നം ശ്രദ്ധയിൽപ്പെട്ടെങ്കിലും പെട്ടെന്ന് പരിഹരിക്കാനായി. സ്‌പേസ് എക്‌സിന്റെ ഫാൽക്കൻ9 റോക്കറ്റാണ് പേടകവുമായി കുതിച്ചത്.
വിക്ഷേപണത്തിന്റെ ആദ്യ മിനിറ്റിൽ റോക്കറ്റിന്റെ ഒന്നാംഘട്ടം വേർപെട്ട് ഭൂമിയിൽ തിരിച്ചെത്തി. പുനരുപയോഗിക്കാൻ കഴിയുന്ന റോക്കറ്റ് ഭാഗമാണിത്. തുടർന്ന് രണ്ടാംഘട്ട ജ്വലനത്തിന്റെ കരുത്തിൽ പേടകം ബഹിരാകാശത്തേക്ക് നീങ്ങി. ഒൻപതാം മിനിറ്റിൽ റോക്കറ്റിൽനിന്ന് ഡ്രാഗൺ വേർപെട്ടു. 257 കിലോമീറ്റർ ഉയരത്തിലെത്തിയ പേടകം ഭൂമിയെ വലംവച്ചു തുടങ്ങി. ദൗത്യത്തിന്റെ ടെസ്റ്റ് പൈലറ്റായ ശുക്ല തുടർന്ന് രാജ്യത്തെ ജനങ്ങൾക്കായുള്ള സന്ദേശം വായിച്ചു.
സഞ്ചാരപഥം ഉയർത്തി പേടകത്തെ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്ക് അടുപ്പിച്ച് ഡോക്കിങ്ങിനുശേഷം സംഘാംഗങ്ങൾ നിലയത്തിൽ പ്രവേശിക്കും. ഭാവി ബഹിരാകാശ ദൗത്യങ്ങൾക്കും മറ്റുമായുള്ള 60 പരീക്ഷണങ്ങളിൽ ഏർപ്പെടും. ഗഗൻയാൻ ദൗത്യമടക്കമുള്ള പദ്ധതികൾക്കുള്ള പരിശീലനത്തിന്റെ ഭാഗമാണ് യാത്ര. ചെലവ് 550 കോടി. നാസയുടെ മുൻ ബഹിരാകാശയാത്രികയും ആക്‌സിയം സ്‌പേസിന്റെ ഹ്യൂമൻ സ്‌പേസ് ഫ്ളൈറ്റ് ഡയറക്‌ടറുമായ പെഗ്ഗി വിറ്റ്സനാണ് ദൗത്യ കമാൻഡർ. നാസ, സ്‌പേസ്എക്‌സ്, ആക്‌സിയം സ്‌പേസ്, ഐഎസ്‌ആർഒ എന്നിവയുടെ സംയുക്ത പദ്ധതിയാണിത്. 14 ദിവസത്തിനുശേഷം മടങ്ങുന്ന ഇവരുടെ പേടകം പസഫിക്കിൽ പതിക്കും.
Axiom-4 mission: shubhanshu Shukla and crew in Dragon aircraft
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates