ഗാസയിലേക്കുള്ള വൈദ്യുതിയും തടഞ്ഞ് ഇസ്രയേല്‍; വെടിനിര്‍ത്തലിന് സമ്മര്‍ദം, ബ്ലാക്ക്‌മെയിലെന്ന് ഹമാസ്

ഒന്നാം ഘട്ട വെടിനിര്‍ത്തല്‍ പൂര്‍ത്തിയാവുകയും രണ്ടാം ഘട്ട വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ വഴിമുട്ടുകയും ചെയ്തതിന് പിന്നാലെയാണ് ഇസ്രയേല്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്.
gaza
ഗാസ സിറ്റി
Updated on

ഗാസ സിറ്റി: ഇസ്രയേല്‍ ഹമാസ് വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഒരു വശത്ത് തുടരവെ ഗാസയ്ക്ക് മേല്‍ നിയന്ത്രണങ്ങള്‍ അടിച്ചേര്‍പ്പിക്കുന്നത് തുടര്‍ന്ന് ഇസ്രയേല്‍. ഗാസയിലേക്കുള്ള വൈദ്യുതി വിതരണം പൂര്‍ണമായും നിര്‍ത്തിവച്ചതാണ് ഇതിലെ ഏറ്റവും ഒടുവിലെ സംഭവം. ഒന്നാം ഘട്ട വെടിനിര്‍ത്തല്‍ പൂര്‍ത്തിയാവുകയും രണ്ടാം ഘട്ട വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ വഴിമുട്ടുകയും ചെയ്തതിന് പിന്നാലെയാണ് ഇസ്രയേല്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്.

ഗാസയിലേക്കുള്ള എല്ലാ ദുരിതാശ്വാസ സഹായങ്ങളും തടഞ്ഞതായിരുന്നു ഇതിലെ ആദ്യ നടപടി. ഒരാഴ്ച പിന്നിടും മുന്‍ ഇപ്പോള്‍ വൈദ്യുതിയും പൂര്‍ണമായി തടയുകയും ചെയ്തു. വൈദ്യുതി തടഞ്ഞതിന്റെ പരിണിത ഫലം ഉടന്‍ തിരിച്ചറിയില്ലെങ്കിലും കുടിവെള്ള ശുദ്ധീകരണം ഉള്‍പ്പെടെ സുപ്രധാന മേഖലകളെ നിയന്ത്രണം സാരമായി ബാധിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

നടപടികള്‍ കടുപ്പിക്കുന്ന ഇസ്രയേല്‍ തീരുമാനം ഗാസയിലെ ജനങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ ദുരിതത്തില്‍ ആഴ്ത്തുന്നതാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രയേല്‍ ഉപരോധം ഗാസയില്‍ അടിസ്ഥാന ഭക്ഷണം പോലും പാകം ചെയ്യുന്നത് അസാധ്യമാക്കിയിരിക്കുന്നു എന്ന് ഖാന്‍ യൂനിസ് നിവാസി സമഹ് സഹ്ലൗള്‍ എന്നയാളെ ഉദ്ധരിച്ച് അല്‍ ജസീറ പറയുന്നു.

''വൈദ്യുതിയില്‍ ഭക്ഷണം ഉണ്ടാക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ വൈദ്യുതിയില്ല, വിറക് ലഭിക്കാനില്ല. കുട്ടികളുടെ ഭക്ഷണം ആണ് ഏറ്റവും വലിയ പ്രതിസന്ധി. അവര്‍ക്ക് വേണ്ടിപോലും ഭക്ഷണം ഉണ്ടാക്കാന്‍ കഴിയുന്നില്ല'' അദ്ദേഹം പറയുന്നു. ഇസ്രേയേല്‍ നിയന്ത്രണങ്ങള്‍ക്ക് പിന്നാലെ തന്നെ ഗാസയില്‍ ജല ദൗര്‍ലഭ്യം രൂക്ഷമായിരുന്നു. ഇന്ധന ക്ഷാമം രൂക്ഷമായത് ജനററേറ്ററുകളുടെ പ്രവര്‍ത്തനത്തെയും പമ്പിങ്ങിനെയും ബാധിച്ചിരുന്നു. പാചക വാതക സിലിണ്ടറുകളും ലഭ്യമല്ല.

ഗാസയിലേക്കുള്ള വൈദ്യുതി തടഞ്ഞ ഇസ്രയേല്‍ നടപടിക്ക് എതിരെ വ്യാപക വിമര്‍ശനമാണ് വിവിധ കോണുകളില്‍ നിന്നും ഉയരുന്നത്. ഇസ്രയേലിന് ആയുധങ്ങള്‍ നല്‍കുകയും അവര്‍ക്ക് എതിരെ ശബ്ദമുയര്‍ത്താതിരിക്കുകയും ചെയ്യുന്ന രാജ്യങ്ങള്‍ വംശീയ ഉന്‍മൂലനത്തിന് കൂട്ടു നില്‍ക്കുകയാണ് എന്ന് പലസ്തീന്‍ പ്രദേശത്തെ ഐക്യരാഷ്ട്രസഭയുടെ പ്രത്യേക റിപ്പോര്‍ട്ടര്‍ ഫ്രാന്‍സെസ അല്‍ബനീസ് കുറ്റപ്പെടുത്തി. ഗാസയിലെ ജലലഭ്യത ഉറപ്പാക്കുന്ന വഴികളും ഇസ്രയേല്‍ വിച്ഛേദിച്ചതായി ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ഗാസയിലേക്കുള്ള പൈപ്പ്ലൈനുകള്‍ ബ്ലോക്ക് ചെയ്യുക, ജല ശുദ്ധീകരണത്തിനും, മാലിന്യ സംസ്‌കരണ പ്ലാന്റുകളും പ്രവര്‍ത്തിപ്പിക്കാന്‍ ഉപയോഗിക്കുന്ന സോളാര്‍ പാനലുകള്‍ നശിപ്പിക്കപ്പെട്ടതായും ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് ചൂണ്ടിക്കാട്ടുന്നു.

ഗാസയിലെ വൈദ്യുതി വിതരണം വിച്ഛേദിക്കാനുള്ള ഇസ്രായേലിന്റെ തീരുമാനത്തെ അപലപിച്ച ഹമാസ് 'ബ്ലാക്ക്മെയില്‍' എന്നാണ് നടപടിയെ വിശേഷിപ്പിച്ചത്. അതിനിടെ ഇസ്രായേല്‍-ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍ പുനരുജ്ജീവിപ്പിക്കാന്‍ ഈജിപ്ത്, ഖത്തര്‍, യുഎസ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള മധ്യസ്ഥ ശ്രമങ്ങളുടെ ഭാഗമായ ചര്‍ച്ചകള്‍ ഇന്ന് ദോഹയില്‍ നടക്കാനിരിക്കെയാണ് ഇസ്രയേല്‍ നടപടികള്‍ കടുപ്പിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com