

ജിദ്ദ: റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ വെടിനിര്‍ത്തലിന് വഴിയൊരുങ്ങുന്നു. അമേരിക്ക അവതരിപ്പിച്ച 30 ദിവസത്തെ വെടിനിര്‍ത്തല്‍ കരാര്‍ യുക്രൈന്‍ അംഗീകരിച്ചു. അമേരിക്ക മുന്നോട്ട് വെച്ച കരാര്‍ അംഗീകരിക്കാന്‍ തയ്യാറാണെന്ന് യുക്രൈന്‍ അറിയിച്ചു. ഈ സാഹചര്യത്തില്‍ നിര്‍ത്തിവെച്ച യുക്രൈനുള്ള സാമ്പത്തിക സഹായം അമേരിക്ക പുനഃസ്ഥാപിക്കും. ഇന്റലിജന്‍സ് വിവരങ്ങള്‍ നിര്‍ത്തിവെച്ച അമേരിക്കന്‍ നടപടിയും പിന്‍വലിക്കും. വിഷയത്തില്‍ റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.സൗദിയില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനമുണ്ടായത്.
വെടിനിര്‍ത്തല്‍ സന്നദ്ധത അറിയിച്ചെന്ന് യുക്രൈന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിറക്കി. റഷ്യ കൂടി നിബന്ധനകള്‍ അംഗീകരിച്ചാല്‍ താത്കാലിക വെടിനിര്‍ത്തല്‍ പരസ്പരം അംഗീകരിച്ച് നീട്ടാം. തടവുകാരുടെ കൈമാറ്റം, സിവിലിയന്‍ തടവുകാരുടെ മോചനം, പാലായനം ചെയ്യപ്പെട്ട യുക്രൈന്‍ കുട്ടികളുടെ മടങ്ങിവരവ് എന്നിവയിലെ ധാരണ ചര്‍ച്ചയായി. ചര്‍ച്ചകളില്‍ യൂറോപ്യന്‍ യൂണിയന്‍ പങ്കാളിത്തം ഉറപ്പാക്കണമെന്ന് യുക്രൈന്‍ ആവശ്യപ്പെട്ടു.
യുക്രൈനെ പ്രതിനിധീകരിച്ച് ചീഫ് ഓഫ് സ്റ്റാഫ് അന്‍ഡ്രീ യെര്‍മാകിന്റെ നേതൃത്വത്തിലുള്ള അമേരിക്കന്‍ ഭാഗത്ത് നിന്ന് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക് വാള്‍ട്ട്സ് എന്നിവരുടെ നേതൃത്വത്തിലുമുള്ള സംഘമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. നിലവില്‍ യു എസ് സൈനിക, സാമ്പത്തിക സഹായത്തിന് പുറമെ റഷ്യയെ സംബന്ധിച്ചുള്ള രഹസ്യാന്വേഷണ വിവരങ്ങളും അമേരിക്ക യുക്രൈന് കൈമാറുന്നില്ല. കഴിഞ്ഞ ദിവസങ്ങളിലായി റഷ്യ നടത്തിയ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ യുക്രൈന്‍ നഗരങ്ങളില്‍ വ്യാപക ആള്‍നാശവും മറ്റു നാശനഷ്ടങ്ങളും വിതച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
