
വത്തിക്കാന്‍ സിറ്റി: ശ്വാസകോശ സംബന്ധമായ രോഗം മൂലം ഒരു മാസത്തിലധികം പിന്നിട്ട ആശുപത്രിവാസം അവസാനിപ്പിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. റോമിലെ ജെമെല്ലി ആശുപത്രിയില്‍ നിന്നും ഫ്രാന്‍സിസ് മാര്‍പാപ്പയെ ഡിസ്ചാര്‍ജ് ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഞായറാഴ്ച വിശ്വാസികളെ അഭിസംബോധന ചെയ്യാനും ഫ്രാന്‍സിസ് മാര്‍പാപ്പ തയ്യാറായി.
റോമിലെ ജെമെല്ലി ആശുപത്രിയിലെ പത്താം നിലയുടെ ബാല്‍ക്കണിയില്‍ വീല്‍ചെയറില്‍ ഇരുന്നുകൊണ്ടാണ് മാര്‍പാപ്പ വിശ്വാസികളെ അഭിസംബോധന ചെയ്തത്. മാര്‍പാപ്പയെ കാണാന്‍ കാത്തുനിന്ന വിശ്വാസികള്‍ക്ക് നേരെ കൈ വീശി കാണിച്ച് അഭിവാദ്യം ചെയ്ത മാര്‍പാപ്പ, ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടേയെന്നും നിങ്ങളുടെ പ്രാര്‍ത്ഥനയ്ക്ക് ഒത്തിരി നന്ദിയെന്നും പ്രതികരിച്ചു.
ആരോഗ്യ പ്രശ്‌നങ്ങളുടെ ഭാഗമായി പൊതു ചടങ്ങുകളില്‍ നിന്ന് വിട്ടുനിന്ന മാര്‍പാപ്പ നീണ്ട 37 ദിവസത്തിന് ശേഷമാണ് പാപ്പ വിശ്വാസികള്‍ക്ക് മുന്നില്‍ എത്തിയത്. ആസുപത്രി വാസം പൂര്‍ത്തിയായെങ്കിലും രണ്ട് മാസം പൂര്‍ണ്ണ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ശബ്ദം ഉള്‍പ്പെടെ സാധാരണ നില കൈവരിക്കാന്‍ സമയം എടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫെബ്രുവരി 14 നാണ് ഫ്രാന്‍സിസ് മാര്‍പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. റോമിലെ ആശുപത്രിയില്‍ നിന്നും ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്ന് തന്നെ ആശുപത്രിയില്‍ നിന്ന് വത്തിക്കാനിലെ വസതിയില്‍ എത്തും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക