

ന്യഡല്‍ഹി: ഇന്ത്യയെ ആക്രമിക്കാന്‍ അയച്ച നാല് യുദ്ധവിമാനങ്ങള്‍ തകര്‍ത്തിട്ട് സൈന്യം. പാക് വിമാനത്തിന്റെ പൈലറ്റിനെ രാജസ്ഥാനില്‍ നിന്നും സൈനികര്‍ പിടികൂടി. പാകിസ്ഥാന്റെ വ്യോമാക്രണത്തിന് പിന്നാലെ അതേ നാണയത്തില്‍ തിരിച്ചടിച്ച് ഇന്ത്യന്‍ സൈനികര്‍ ലാഹോറിലും ഇസ്ലാമബാദിലും, കറാച്ചിയിലും സിയാല്‍ക്കോട്ടിലും ഇന്ത്യ വ്യോമാക്രമണം നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. നഗരങ്ങളെല്ലാം ഇരുട്ടിലാണ്.
സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ, പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി ചര്‍ച്ച നടത്തി. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്. പാക് വ്യോമാക്രമണം നേരിടാന്‍ എസ്400, എല്‍70, സു23, ഷില്‍ക തുടങ്ങിയ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ഇന്ത്യ വിന്യസിച്ചിട്ടുണ്ട്. ജമ്മു, പഠാന്‍കോട്ട് ഉധംപുര്‍ സൈനികത്താവളങ്ങളില്‍ പാകിസ്ഥാന്‍ മിസൈല്‍, ഡ്രോണ്‍ ആക്രമണശ്രമം നടത്തിയെന്നും എന്നാല്‍ ആര്‍ക്കും ജീവഹാനിയുണ്ടായിട്ടില്ലെന്നും ഇന്ത്യന്‍ സൈന്യം പ്രസ്താവനയില്‍ അറിയിച്ചു. ഡ്രോണുകളും യുദ്ധവിമാനങ്ങളും മിസൈലുകളുമായി പാകിസ്ഥാന്‍ ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ഡ്രോണുകളും മിസൈലുകളും വെടിവെച്ചിട്ടു. പാക് യുദ്ധ വിമാനങ്ങളുടെ സാന്നിധ്യം അറിഞ്ഞതോടെ വ്യോമസേനയും സജ്ജമായി. സംഘര്‍ഷം കൂടുതല്‍ വലുതാകുന്നതിന്റെ സൂചനയായി നാവിക സേന തയ്യാറെടുക്കുന്നുവെന്നാണ് വിവരം.
അതേസമയം, യുദ്ധവിമാനങ്ങള്‍ നഷ്ടപ്പെട്ടതായി സമ്മതിച്ച് പാകിസ്ഥാന്‍. തങ്ങളുടെ രണ്ട് ജെ.എഫ്-17 യുദ്ധവിമാനങ്ങളാണ് ഇന്ത്യ വെടിവെച്ചിട്ടതെന്ന് പാകിസ്ഥാന്റെ ഡയറക്ടര്‍ ജനറല്‍ ഓഫ് ഇന്റര്‍ സര്‍വീസ് പബ്ലിക് റിലേഷന്‍ ആണ് അറിയിച്ചത്. മാത്രമല്ല പാകിസ്ഥാന്റെ വിവിധമേഖലകളില്‍ കനത്ത നാശം ഇന്ത്യയുടെ പ്രത്യാക്രമണത്തിലുണ്ടായി എന്നും ഡിജിഐഎസ്പിആര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലറിയിച്ചു.
ജമ്മുവില്‍ പാകിസ്ഥാന്‍ നടത്തിയ ഡ്രോണ്‍, മിസൈല്‍ ആക്രമണ ശ്രമം ഇന്ത്യ തകര്‍ത്തതിനു പിന്നാലെയാണ് യുദ്ധവിമാനവും വെടിവച്ചിട്ടത്. ജമ്മു വിമാനത്താവളം ലക്ഷ്യമിട്ടായിരുന്നു പാക് ആക്രമണശ്രമം. വ്യോമസേനയുടെ താവളവും ജമ്മു വിമാനത്താവളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അമ്പതോളം ഡ്രോണുകളും എട്ട് പാക് മിസൈലുകളുമാണ് റഷ്യന്‍ നിര്‍മിത എസ്400 ഉള്‍പ്പെടെയുള്ള വ്യോമ പ്രതിരോധ സംവിധാനങ്ങളുപയോഗിച്ച് ഇന്ത്യ തകര്‍ത്തത്. ജമ്മുവില്‍ മൊബൈല്‍ ഫോണ്‍ സേവനം തടസ്സപ്പെട്ടു.
അതിര്‍ത്തിയില്‍ കനത്ത ജാഗ്രത തുടരുകയാണ്. ജമ്മുവിനെ കൂടാതെ രാജസ്ഥാനിലും പഞ്ചാബിലും പാകിസ്ഥാന്റെ ആക്രമണ ശ്രമം സൈന്യം പരാജയപ്പെടുത്തിയിട്ടുണ്ട്. മുന്‍കരുതലിന്റെ ഭാഗമായി ജമ്മുവിലും പഞ്ചാബ്, രാജസ്ഥാന്‍ അതിര്‍ത്തി മേഖലകളിലും വെളിച്ചം അണച്ചു. ജമ്മുവില്‍ തുടര്‍ച്ചയായ അപായ സൈറണുകള്‍ മുഴങ്ങുകയാണെന്ന് നാട്ടുകാരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കശ്മീരിലും പഞ്ചാബിലും ജയ്‌ഷെ മുഹമ്മദും ലഷ്‌കറെ തയ്ബയും ചാവേര്‍ ആക്രമണം നടത്തിയേക്കാമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ജാഗ്രത ശക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates