

വാഷിങ്ടണ്‍: കശ്മീര്‍ പ്രശ്‌നപരിഹാരത്തിന് ഇടപെടാമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ വെടിനിര്‍ത്തല്‍ ധാരണയിലെത്താന്‍ പ്രധാന പങ്കുവഹിച്ചു. ചരിത്രപരമായ തീരുമാനത്തില്‍ എത്തിച്ചേരാന്‍ സഹായിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്. ആക്രമണം നിര്‍ത്താന്‍ തീരുമാനിച്ച ഇരു രാഷ്ട്രത്തലവന്മാര്‍ക്കും അഭിനന്ദനം അറിയിക്കുന്നുവെന്നും ട്രംപ് പറഞ്ഞു.
വളരെയധികം പേരുടെ മരണത്തിനും കനത്ത നാശത്തിനും കാരണമായേക്കാവുന്ന ഏറ്റുമുട്ടല്‍ അവസാനിപ്പിക്കേണ്ട സമയമാണിതെന്ന് മനസ്സിലാക്കി തീരുമാനമെടുക്കാന്‍ വിവേകവും ധൈര്യവും കാണിച്ച ഇന്ത്യയുടെയും പാകിസ്ഥാന്റെയും നേതൃത്വങ്ങളില്‍ വളരെ അഭിമാനിക്കുന്നു. സംഘര്‍ഷം അവസാനിപ്പിച്ചിരുന്നില്ലെങ്കില്‍ ദശലക്ഷക്കണക്കിന് നിരപരാധികളുമായ ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെടുമായിരുന്നു!. ചരിത്രപരവും വീരോചിതവുമായ ഈ തീരുമാനത്തിലെത്താന്‍ നിങ്ങളെ സഹായിക്കാന്‍ കഴിഞ്ഞതില്‍ അമേരിക്ക അഭിമാനിക്കുന്നു.
ഇന്ത്യയും പാകിസ്ഥാനുമായുള്ള വ്യാപാരം ഗണ്യമായി വര്‍ധിപ്പിക്കുമെന്നും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലില്‍ ട്രംപ് കൂട്ടിച്ചേര്‍ത്തു. കൂടാതെ, കശ്മീര്‍ വിഷയത്തില്‍ ഒരു പരിഹാരത്തിലെത്താന്‍ കഴിയുമോ എന്നതിനായി, ഇന്ത്യയും പാകിസ്ഥാനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. ഇന്ത്യയുടെയും പാകിസ്ഥാന്റെയും നേതൃത്വത്തെ ദൈവം അനുഗ്രഹിക്കട്ടെ.' യുഎസ് പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.
കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നാണ് ഇന്ത്യയുടെ നിലപാട്. വിഷയത്തില്‍ മൂന്നാംകക്ഷി ഇടപെടലിനെ ഇന്ത്യ എതിര്‍ക്കുകയാണ്. ഇതിനിടെയാണ് കശ്മീര്‍ വിഷയത്തില്‍ പ്രശ്‌നപരിഹാരത്തിനായി ഇടപെടാമെന്ന് ട്രംപിന്റെ പ്രസ്താവന പുറത്തു വന്നിരിക്കുന്നത്. അമേരിക്ക നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇന്ത്യയും പാകിസ്ഥാനും വെടിനിര്‍ത്തലിന് സമ്മതിച്ചതെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അവകാശപ്പെട്ടിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates