

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സൗദി അറേബ്യയടക്കമുള്ള മധ്യേഷ്യന്‍ രാജ്യങ്ങളിലേക്കുള്ള സന്ദര്‍ശനത്തിന് ഇന്ന് തുടക്കം. സൗദി അറേബ്യയിലാണ് അമേരിക്കന്‍ പ്രസിഡന്റ് ആദ്യമെത്തുക. സൗദിയില്‍ വെച്ച് നടക്കുന്ന ഗള്‍ഫ്-അമേരിക്ക ഉച്ചകോടിയില്‍ ഡോണള്‍ഡ് ട്രംപ് പങ്കെടുക്കും.
ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ്, ബഹറിന്‍ രാജാവ് ഹമദ് അല്‍ ഖലീഫ, കുവൈത്ത് അമീര്‍ ഷെയ്ഖ് മിഷാല്‍ അല്‍ ജാബിര്‍ അല്‍ സബ എന്നിവര്‍ക്കും സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് ക്ഷണക്കത്ത് അയച്ചിട്ടുണ്ട്. സൗദി സന്ദര്‍ശനത്തില്‍ അമേരിക്ക-സൗദി ആണവ സഹകരണവും യാഥാര്‍ഥ്യമാകും. ഊര്‍ജം ആവശ്യങ്ങള്‍ക്കായി ആണവ റിയാക്ടര്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങുകയാണ് സൗദി. ഈ ഉദ്യമത്തിനാകും അമേരിക്ക സഹകരിക്കുക. മിഡില്‍ ഈസ്റ്റ് മേഖലയിലെ അമേരിക്കന്‍ നയവും പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുന്ന പ്രഖ്യാപനവും ഉണ്ടാകുമോ എന്ന ആകാംക്ഷയിലാണ് ലോകം. സൗദിക്ക് പുറമേ യു എ ഇയും ഖത്തറും ട്രംപ് സന്ദര്‍ശിക്കുന്നുണ്ട്. മിഡില്‍ ഈസ്റ്റ് മേഖലയില്‍ അമേരിക്കന്‍ സമീപനം എന്താകുമെന്ന് സന്ദര്‍ശനത്തില്‍ ട്രംപ് വ്യക്തമാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
അതേസമയം തങ്ങളുടെ രാജ്യത്തെത്തുന്ന യു എസ് പ്രസിഡന്റ് ട്രംപിന് ഖത്തര്‍ വമ്പന്‍ സമ്മാനം ഒരുക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ട്രംപ് നിലവില്‍ ഉപയോഗിക്കുന്ന എയര്‍ ഫോഴ്സ് 1 വിമാനത്തിന് പകരം ആഡംബര വിമാനമായ ബോയിങ് 747 ജെറ്റ് സമ്മാനിക്കാന്‍ ഒരുങ്ങുന്നു എന്നാണ് റിപ്പോര്‍ട്ട്. 400 ദശലക്ഷം ഡോളര്‍ വിലവരുന്നതാണ് വിമാനം. ഇത് ചര്‍ച്ചയായതിന് പിന്നാലെ ഡോണള്‍ഡ് ട്രംപ് തന്നെ ഇക്കാര്യത്തില്‍ വ്യക്തത വരുത്തി രംഗത്തെത്തി. തികച്ചും സുതാര്യവും പരസ്യവുമായ ഇടപാടെന്നാണ് ഡോണള്‍ഡ് ട്രംപ് ഇതിനെ വിശേഷിപ്പിച്ചത്. ഇക്കാര്യത്തില്‍ ഖത്തറിന്റെ ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates