

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ വംശജനായ ഇംഗ്ലീഷ് സാഹിത്യകാരന്‍ സല്‍മാന്‍ റുഷ്ദിയെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിക്ക് 25 വര്‍ഷം തടവ്. വെസ്റ്റേണ്‍ ന്യൂയോര്‍ക്ക് കോടതിയുടേതാണ് വിധി. ന്യൂയോര്‍ക്കിലെ ഒരു പ്രഭാഷണ വേദിയില്‍ വച്ച് 2022 ഫെബ്രുവരിയില്‍ സല്‍മാന്‍ റുഷ്ദി ആക്രമിക്കപ്പെട്ട സംഭവത്തിലാണ് ഇപ്പോള്‍ ശിക്ഷ വിധിച്ചിരിക്കുന്നത്. 27 കാരനായ ഹാദി മതാര്‍ ആണ് സല്‍മാന്‍ റുഷ്ദിയെ ആക്രമിച്ചത്. ആക്രമണത്തിന് ഇരയായ സല്‍മാന്‍ റുഷ്ദിയുടെ ഒരു കണ്ണിന് കാഴ്ച നഷ്ടപ്പെട്ടിരുന്നു.
റുഷ്ദിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് മതറിന് പരമാവധി 25 വര്‍ഷം തടവും, അദ്ദേഹത്തോടൊപ്പം വേദിയിലുണ്ടായിരുന്ന ഒരാളെ മുറിവേല്‍പ്പിച്ചതിന് ഏഴ് വര്‍ഷം തടവുമാണ് കോടതി വിധിച്ചത്. ഒരേ സംഭവത്തില്‍ രണ്ട് ഇരകള്‍ക്കും പരിക്കേറ്റതിനാല്‍ ശിക്ഷകള്‍ ഒരേസമയം അനുഭവിക്കണമെന്ന് ചൗതൗക്വാ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ജേസണ്‍ ഷ്മിഡ്റ്റ് അറിയിച്ചു.
അക്രമിക്ക് ശിക്ഷ വിധിക്കുന്ന ദിനത്തില്‍ വെസ്റ്റേണ്‍ ന്യൂയോര്‍ക്ക് കോടതിയില്‍ റുഷ്ദി കോടതിയില്‍ എത്തിയിരുന്നില്ല. കേസിലെ പ്രധാന സാക്ഷി കൂടിയായിരുന്നു റുഷ്ദി. എഴുത്തുകാരുടെ സുരക്ഷയെക്കുറിച്ച് സംസാരിക്കുന്നതിനിടെയായിരുന്നു ന്യൂയോര്‍ക്കിലെ ചൗട്ടൗക്വാ ഇന്‍സ്റ്റിറ്റിയൂഷനില്‍ വച്ച് റുഷ്ദി ആക്രമിക്കപ്പെട്ടത്. മുഖംമൂടി ധരിച്ചെത്തിയ അക്രമി റുഷ്ദിയുടെ തലയിലും ശരീരത്തിലും പലതവണ കുത്തിയിരുന്നു. റുഷ്ദിയുടെ കഴുത്തില്‍ മൂന്നുകുത്തും വയറിനുചുറ്റുമായി നാലുകുത്തും ഏറ്റിരുന്നതായാണ് റിപ്പോര്‍ട്ട്.
യു എസ് പൗരത്വമുള്ള ലെബനീസ് വംശജനാണെന്ന് അക്രമിയെന്നാണ് റിപ്പോര്‍ട്ടുകള്‍. വധശ്രമത്തിനും ശാരീരികാക്രമണത്തിനുമാണ് മാതറിന്റെ പേരില്‍ കേസ്. 32 വര്‍ഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
