
ജറുസലേം: ഹമാസ് തലവന്‍ മുഹമ്മദ് സിന്‍വാറിനെ (Mohammed Sinwar) ഇസ്രയേല്‍ സൈന്യം കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് ആണ് റിപ്പോര്‍ട്ട് പങ്കുവച്ചത്. മെയ് 13 ന് ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ആണ് ഹമാസ് കമാന്‍ഡര്‍ മുഹമ്മദ് സിന്‍വാര്‍ കൊല്ലപ്പെട്ടതെന്ന് ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കുന്നത്. സിന്‍വാറിന് പുറമെ ഇദ്ദേഹത്തിന്റെ പിന്‍ഗാമിയായി കണക്കാക്കപ്പെടുന്ന റഫ ബ്രിഗേഡ് മേധാവി മുഹമ്മദ് ഷബാന ഉള്‍പ്പെടെ ഒരു ഡസനോളം സഹായികളും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി നല്‍കുന്ന വിശദീകരണം.
സിന്‍വാറിന്റെ മൃതദേഹം ഖാന്‍ യുനിസിലെ ടണലില്‍ നിന്ന് ഇസ്രയേല്‍ സൈന്യം കണ്ടെത്തിയെന്ന് സൗദി ചാനലായ അല്‍ ഹദയത് മെയ് 18 ന് റിപ്പോര്‍ട്ട് ചെയ്യ്തിരുന്നു. എന്നാല്‍ അന്ന് സിന്‍വാറിനെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയിരുന്നുവെങ്കിലും സിന്‍വാറിന്റെയും ഷബാനയുടെയും മൃതദേഹം കണ്ടെത്തിയെന്ന വാര്‍ത്ത ഇസ്രയേല്‍ ഔദ്യോഗികമായി അന്ന് സ്ഥിരീകരിച്ചിരുന്നില്ല.
ഇസ്രയേല്‍ വധിച്ച മുന്‍ ഹമാസ് നേതാവ് യഹ്യ സിന്‍വാറിന്റെ ഏറ്റവും ഇളയ സഹോദരനാണ് ഹമാസിന്റെ മിലിട്ടറി കമാന്‍ഡറായ മുഹമ്മദ് സിന്‍വാര്‍. കഴിഞ്ഞ ഒക്ടോബറില്‍ തെക്കന്‍ ഗാസയില്‍ നടത്തിയ ആക്രമണത്തിലായിരുന്നു യഹ്യ സിന്‍വാര്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ ജൂലൈയിലാണ് ഹമാസിന്റെ സൈനിക വിഭാഗത്തിന്റെ ചുമതല മുഹമ്മദ് സിന്‍വാര്‍ ഏറ്റെടുത്തത്. 2006 ല്‍ ഹമാസിന് വേണ്ടി ഇസ്രയേല്‍ സൈനികനായ ഗിലാദ് ഷലിതിനെ സിന്‍വാര്‍ തട്ടിക്കൊണ്ടു പോയതോടെയാണ് ഹിറ്റ്‌ലിസ്റ്റില്‍ ഇടംപിടിക്കുന്നത്. 1990കളില്‍ മുഹമ്മദ് സിന്‍വാറിനെ പിടികൂടി ഒന്‍പത് മാസം ഇസ്രയേലിലും മൂന്ന് വര്‍ഷം റമല്ലയിലും തടവിലിട്ടിരുന്നു. 2000ത്തില്‍ സിന്‍വാര്‍ ഇവിടെ നിന്നും രക്ഷപെടുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ