വികസനസ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്ന കേരളം

രാജ്യവും ലോകവും ശ്രദ്ധിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന കേരള മാതൃകകള്‍ക്കു പിന്നില്‍ കഠിനാധ്വാനത്തിന്റേയും സമര്‍പണത്തിന്റേയും മലയാളിത്തമുണ്ട്
landscape of a hill station in kerala
മലയോരപാത ( pinarayi government )
Updated on
19 min read

മാസങ്ങള്‍ക്കു മുന്‍പു മാത്രമായിരുന്നു കേരളം മുന്‍പില്ലാത്ത ആ പ്രസാദപൂര്‍ണമായ അനുഭവത്തിലൂടെ കടന്നുപോയത്. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിസഭയാകെയും 140 നിയോജകമണ്ഡലങ്ങളിലും യാത്ര ചെയ്ത് ജനങ്ങളുമായി മുഖാമുഖം കണ്ടു. കേരളത്തെക്കുറിച്ചു പറയാനായിരുന്നു ആ കൂടിക്കാഴ്ച: ഇന്നലത്തെ കേരളം, ഇന്നത്തെ കേരളം, നാളത്തെ കേരളം; നേട്ടങ്ങള്‍, പ്രതീക്ഷകള്‍, സ്വപ്നങ്ങള്‍ എല്ലാം അവര്‍ പങ്കുവച്ചു. പറയാനുള്ളത് കേട്ടു. തീരുമാനങ്ങളെടുത്തു, നടപ്പാക്കി. നവകേരളസദസ്സിന്റെ ആ അത്യപൂര്‍വാനുഭവത്തിന്റെ നിറവ് കേരളം സമീപകാലത്തൊന്നും മറക്കാനിടയില്ല.

ഇന്നിപ്പോള്‍, രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍ ( Pinarayi Government) നാലു വര്‍ഷം തികച്ച് അഞ്ചാം വര്‍ഷത്തിലേക്കു കടക്കുമ്പോള്‍ നാട്ടിലെമ്പാടും മറ്റൊരു നിറവിന്റെ ഉത്സവം കൂടിയാണ്. കേരളത്തിലെ റോഡുകളെ അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള ശ്രമങ്ങളുടെ വിജയവസന്തമാണ് അത്. റോഡ് യാത്ര, അത് വാഹനത്തിലായാലും കാല്‍നടയായിട്ടായാലും വേറിട്ടൊരു അനുഭവം തന്നെയായി മാറുന്ന സ്ഥിതി. പൊതുമരാമത്ത് മേഖലയില്‍ ഇത് മുന്‍പൊരിക്കലുമില്ലാത്ത കഠിനാധ്വാനത്തിന്റെ തുടര്‍ അനുഭവം. ഗതാഗതമേഖലയിലും തുറമുഖങ്ങളുടെ കാര്യത്തിലും പരിസ്ഥിതി സംരക്ഷണത്തിലും ഈ പുതിയ കയ്യൊപ്പുകള്‍ കാണാം.

വിദ്യാഭ്യാസം, സര്‍ക്കാര്‍ സേവനങ്ങളുടെ മികവ് വര്‍ധിപ്പിക്കല്‍, ക്ഷേമപദ്ധതികള്‍, കുടിവെള്ളം, പാര്‍പിടം, വൈദ്യുതി, ഭക്ഷ്യപൊതുവിതരണം, സാമൂഹ്യക്ഷേമം, സാമൂഹ്യസംരക്ഷണം എല്ലാത്തിലും മികവിന്റെ ഈ സ്പര്‍ശമുണ്ട്. ജനങ്ങള്‍ക്കുവേണ്ടി അവരുടെ പക്ഷത്തുനിന്നുകൊണ്ട് അവരുടെ പ്രതിനിധികള്‍ ചെയ്യുന്ന കാര്യങ്ങളുടെ പൂര്‍ണത. 68 വര്‍ഷം പിന്നിടുന്ന ഐക്യകേരളം മുന്‍പൊരിക്കലും കണ്ടിട്ടും അനുഭവിച്ചിട്ടുമില്ലാത്തവിധമുള്ള വികസനമഴയുടെ സുഖസ്പര്‍ശം എന്നും പറയാം. ഇടതുപക്ഷ ഗവണ്‍മെന്റുകള്‍ 1957 മുതല്‍ കേരളത്തെ വികസനക്കുതിപ്പിന്റെ ഏത് നവ്യാനുഭവങ്ങളിലേക്ക് എത്തിക്കാന്‍ ശ്രമിച്ചോ അതിന്റെ ഫലപ്രഖ്യാപനം കൂടിയാകുന്നു ഇത്.

ദേശീയപാത അതോറിറ്റിയും ഗെയിലുമെല്ലാം ഇവിടുത്തെ പ്രവര്‍ത്തനങ്ങള്‍ തന്നെ നിര്‍ത്തിവച്ച് മടങ്ങിപ്പോയ അവസ്ഥയില്‍ നിന്നാണ് ഈ മാറ്റം എന്നത് നിസ്സാരമല്ല. നമ്മള്‍ അവരെ തിരിച്ചുകൊണ്ടുവന്നു. അവരെ മാത്രമല്ല, കേരളത്തിന്റെ ഭൂമിയേയും ആകാശത്തേയും കാറ്റിനേയും വെള്ളത്തെയും കേരളമനസ്സിനേയും മലിനമാക്കാതെ ഈ നാടിനെ പുതിയ ഊര്‍ജത്തിലേക്കു നയിക്കാന്‍ കഴിയുന്ന എല്ലാവരേയും തിരിച്ചുകൊണ്ടുവന്നു, മുന്‍പ് വരാത്തവരേയും കൊണ്ടുവന്നു.

കേരളത്തില്‍ ഒരു കാരണവശാലും നടക്കില്ലെന്ന് കരുതിയ നിരവധി വികസനപദ്ധതികള്‍ നടപ്പില്‍ വരുത്തി. യാഥാര്‍ത്ഥ്യബോധമുള്ള സര്‍ക്കാര്‍ നാടിന്റെ യഥാര്‍ത്ഥ ആവശ്യങ്ങള്‍ അറിഞ്ഞു പ്രവര്‍ത്തിക്കുകയും ജനങ്ങളുടെ യഥാര്‍ത്ഥ പരാതികള്‍ അറിഞ്ഞു പരിഹരിക്കുകയും ചെയ്തു. അതോടെ, പരാതികളും പരിഭവങ്ങളുമില്ലാതെ വികസനപദ്ധതികള്‍ക്ക് മണ്ണും മനസ്സുമൊരുങ്ങി. ദേശീയപാത വികസനം പോലത്തന്നെ, കൊച്ചി-ഇടമണ്‍ പവര്‍ഹൈവേ, പുതുവൈപ്പിന്‍ എല്‍.പി.ജി ടെര്‍മിനല്‍ എന്നിവയും ഇതിനോടു ചേര്‍ത്തു പറയാവുന്ന ചില ഉദാഹരണങ്ങള്‍ മാത്രം. മുടങ്ങിക്കിടന്ന വികസന പദ്ധതികളെല്ലാം പൂര്‍ത്തിയാക്കി. അതിന്റെ നേട്ടങ്ങളുടെയൊക്കെ ഫലമായി ജനങ്ങളുടെ വിശ്വാസമാര്‍ജിക്കാന്‍ കഴിഞ്ഞു. അതുകൊണ്ടുതന്നെയാണ് തുടര്‍ഭരണം നല്‍കാന്‍ കേരളത്തിലെ ജനങ്ങള്‍ തയ്യാറായത്. ജനങ്ങള്‍ അര്‍പിച്ച വിശ്വാസം കാത്തുസൂക്ഷിച്ച് മുന്നോട്ടുപോവുകയാണ് ഈ സര്‍ക്കാര്‍. മാതൃകാപരമായ മാറ്റങ്ങള്‍ കൊണ്ടുവന്ന സര്‍ക്കാരാണിത്. പ്രകടനപത്രികയില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ ഏതെല്ലാം, അവയില്‍ നടപ്പാക്കിയവ ഏതൊക്കെ, നടപ്പാക്കാനുള്ളവ ഏതൊക്കെ എന്ന് ജനങ്ങളെ അറിയിക്കുന്ന പ്രോഗ്രസ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു. അതൊരു പുതിയ രീതിയും സംസ്‌കാരവും മാതൃകയും പ്രതീക്ഷയുമാണ് നല്‍കിയത്. ആയിരത്തോളം സേവനങ്ങള്‍ ഓണ്‍ലൈനായി ലഭ്യമാക്കി. തദ്ദേശ സ്വയംഭരണവകുപ്പിന്റെ സേവനങ്ങള്‍ നല്‍കുന്നതിന് കെ-സ്മാര്‍ട്ട് പോര്‍ട്ടലിനു രൂപം നല്‍കി.

രാജ്യത്തെ ആദ്യത്തെ എ.ഐ. കോണ്‍ക്ലേവിനു കേരളം വേദിയായി. ആഗോള നിക്ഷേപക സംഗമം വിജയകരമായി നടത്തി. നാല് വര്‍ഷം പൂര്‍ത്തിയാക്കി അഞ്ചാം വര്‍ഷത്തിലേക്ക് എന്നത് ഈ ഗവണ്‍മെന്റിന്റെ കാര്യത്തില്‍ സാങ്കേതികമായി ശരിയാണ്. പക്ഷേ, ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ ഒന്‍പത് വര്‍ഷം തികച്ച് പത്താം വര്‍ഷത്തിലാണ്. പിണറായി വിജയന്‍ നയിക്കുന്ന എല്‍.ഡി.എഫ് ഗവണ്‍മെന്റിന്റെ ഈ തുടര്‍ച്ച കേരളത്തിനു നല്‍കിയ വികസനത്തുടര്‍ച്ച ജനാധിപത്യത്തിന്റെ അധികഭംഗി കൂടിയായി മാറുകയാണ്.

image of padaharam bridge
മുകളിൽ പാലവും താഴെ നടപ്പാതയുമായി ഒരുങ്ങുന്ന ആലപ്പുഴ ജില്ലയിലെ പടഹാരം പാലം ( pinarayi government )

വിജയപാത

ഭരണത്തിന്റെ വിവിധ തലങ്ങളില്‍ മാതൃകാമാറ്റങ്ങള്‍ കൊണ്ടുവന്ന ഗവണ്‍മെന്റാണിത്. പി.എസ്.സിയിലൂടെ രണ്ടേമുക്കാല്‍ ലക്ഷത്തോളം നിയമനങ്ങള്‍ നടത്തി. 30,000-ത്തോളം തസ്തികകള്‍ സൃഷ്ടിച്ചു. ഇന്ത്യയില്‍ ഏറ്റവുമധികം നിയമനങ്ങള്‍ നടത്തുന്ന പബ്ലിക്ക് സര്‍വീസ് കമ്മിഷനാണ് കേരള പി.എസ്.സി. കേന്ദ്ര സര്‍വീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലുമൊക്കെ വലിയ എണ്ണം തസ്തികകള്‍ ഒഴിഞ്ഞുകിടക്കുമ്പോഴാണ് ഈ നേട്ടം. ഈസ് ഓഫ് ഡൂയിങ് ബിസിനസ്സില്‍ കേരളം ഒന്നാംസ്ഥാനത്തെത്തിയിരിക്കുന്നു എന്നത് കേരളജനത ആഹ്ലാദത്തോടെ സ്വീകരിക്കുകയും കേരളത്തിലെ പ്രതിപക്ഷവും കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ കേരളത്തിലെ പ്രതിനിധികളും അതില്‍ ദുഃഖിക്കുകയും ചെയ്തു. അല്ലെങ്കില്‍തന്നെ കേരളത്തിന്റെ സന്തോഷാവസരങ്ങള്‍ അവര്‍ക്ക് എപ്പോഴും ദുഃഖവേളകളാണ്. അഞ്ച് വര്‍ഷത്തിനുള്ളില്‍ മാത്രം ഏകദേശം 92,000 കോടി രൂപയുടെ നിക്ഷേപം കേരളത്തിലേക്കു വന്നതായാണ് എം.എസ്.എം.ഇ എക്സ്പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സിലിന്റെ റിപ്പോര്‍ട്ട്. അതില്‍ 33,815 കോടി രൂപയുടെ പദ്ധതികള്‍ പൂര്‍ത്തിയാക്കി. അതിലൂടെ 5 ലക്ഷത്തോളം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. മുടങ്ങിക്കിടന്ന 12,240 കോടി രൂപയുടെ പദ്ധതികള്‍ പുനരുജ്ജീവിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ സാമ്പത്തികവര്‍ഷം കേരളം 17.3 ശതമാനം വ്യാവസായിക വളര്‍ച്ച കൈവരിച്ചതായാണ് ഈ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

സംരംഭക വര്‍ഷം പദ്ധതിയിലൂടെ ഇതുവരെ മൂന്ന് ലക്ഷത്തിലേറെ സംരംഭങ്ങള്‍ തുടങ്ങി. നിക്ഷേപം 20,500 കോടിയില്‍പരം, തൊഴിലുകള്‍ ഏഴ് ലക്ഷത്തോളം. പുതിയ സ്റ്റാര്‍ട്ടപ്പുകളിലൂടെ 55,000 തൊഴിലവസരങ്ങള്‍. ഐ.ടി. കയറ്റുമതി 34,000 കോടി രൂപയില്‍നിന്ന് 90,000 കോടി രൂപയായി.

അടിസ്ഥാന സൗകര്യവികസന മേഖലയിലെ നേട്ടങ്ങള്‍ കേരളത്തെ വീണ്ടും ലോകത്തിനു മുന്നില്‍ പുതിയ കേരളമോഡലിന്റെ പ്രതീകമാകാന്‍ പ്രാപ്തമാക്കിയിരിക്കുന്നു. വിഴിഞ്ഞം തുറമുഖം പൂര്‍ണതോതില്‍ പ്രവര്‍ത്തനസജ്ജമായി. ദേശീയപാതാ വികസനം പൂര്‍ത്തീകരണത്തോടടുക്കുന്നു. തീരദേശ ഹൈവേയുടേയും മലയോര ഹൈവേയുടേയും പ്രവൃത്തികള്‍ അതിവേഗം പുരോഗമിക്കുകയാണ്. ഇടമണ്‍-കൊച്ചി പവര്‍ ഹൈവേ പൂര്‍ത്തിയാക്കി. കാസര്‍ഗോട്ടെ ബേക്കലിനേയും തിരുവനന്തപുരത്തെ കോവളത്തേയും ബന്ധിപ്പിക്കുന്നതാണ് 616 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള വെസ്റ്റ് കോസ്റ്റ് കനാല്‍. ജലപാതയുടെ വശങ്ങളിലായി സാമ്പത്തിക വികസന സാധ്യതകളുള്ള ഭൂമി ഏറ്റെടുക്കലിനായി 300 കോടി രൂപയാണ് നീക്കിവച്ചിട്ടുള്ളത്. ഇടുക്കി, വയനാട്, കാസര്‍കോഡ് എന്നിവിടങ്ങളില്‍ എയര്‍സ്ട്രിപ്പുകള്‍ സ്ഥാപിക്കുന്നതിനുള്ള വിശദമായ പദ്ധതിരേഖ തയ്യാറായി വരുന്നു. ഓരോ എയര്‍സ്ട്രിപ്പിനും 125 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

വ്യവസായരംഗത്ത് കേരളത്തിന്റെ സുപ്രധാന ചുവടുവെയ്പാണ് കൊച്ചി - ബാംഗ്ലൂര്‍ വ്യാവസായിക ഇടനാഴി. കേന്ദ്രാനുമതി കിട്ടിക്കഴിഞ്ഞു. പാലക്കാട് 1,710 ഏക്കര്‍ ഭൂമിയില്‍ 3,806 കോടി രൂപയുടെ ഒരു വ്യവസായ സ്മാര്‍ട്ട് സിറ്റി ഇതിന്റെ ഭാഗമായി യാഥാര്‍ത്ഥ്യമാകും. മരുന്നുല്പാദനം, വന്‍കിട വ്യവസായങ്ങള്‍, വസ്ത്രനിര്‍മാണം, ഭക്ഷ്യസംസ്‌കരണം തുടങ്ങിയ മേഖലകള്‍ക്കു പ്രാധാന്യം കൊടുക്കുന്നതാകും ഈ പാര്‍ക്ക്. കേരളത്തെ കാര്‍ബണ്‍ ന്യൂട്രലാക്കാന്‍ ഉപകരിക്കുന്നതും 200 കോടി മുതല്‍മുടക്ക് പ്രതീക്ഷിക്കുന്നതുമായ ഗ്രീന്‍ ഹൈഡ്രജന്‍ ഹബ്ബുകള്‍ കൊച്ചിയിലും തിരുവനന്തപുരത്തും ആരംഭിക്കുകയാണ്. അവയവ മാറ്റിവയ്ക്കലില്‍ കേരളത്തിന്റെ ശേഷികളെ മെച്ചപ്പെടുത്താനായി കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റേഷന്‍ വരുന്നു, തിരുവനന്തപുരത്തെ ലൈഫ് സയന്‍സസ് പാര്‍ക്കില്‍ സെന്റര്‍ ഓഫ് എക്സലന്‍സ് ഇന്‍ മൈക്രോബയോംസ് സ്ഥാപിക്കുന്നു. ആരോഗ്യരംഗത്തെ പുതിയ സാധ്യതകള്‍ കണ്ടെത്തുന്ന ഈ കേന്ദ്രത്തിനായി 10 കോടി രൂപയാണ് മാറ്റിവച്ചിരിക്കുന്നത്. അങ്ങനെ കുതിപ്പോടു കുതിപ്പ്. കേരളം കിതച്ച കാലത്തിനു വിട.

മെഡിക്കല്‍ ഉപകരണങ്ങളുടെ ഉല്പാദനം, മെഡിക്കല്‍ സാങ്കേതികവിദ്യകളുമായി ബന്ധപ്പെട്ട ഗവേഷണം എന്നിവയുടെ കേന്ദ്രമായി കേരളത്തെ മാറ്റാന്‍ കഴിയുന്ന കേരള മെഡിക്കല്‍ ടെക്നോളജി കണ്‍സോര്‍ഷ്യം യാഥാര്‍ത്ഥ്യമാവുകയാണ്. തിരുവനന്തപുരത്തെ ലൈഫ് സയന്‍സസ് പാര്‍ക്കില്‍ ന്യൂട്രാസ്യൂട്ടിക്കല്‍സിലെ മികവിന്റെ കേന്ദ്രം സ്ഥാപിക്കും. ആദ്യ ഘട്ടത്തിനായി അഞ്ച് കോടി രൂപ വകയിരുത്തി. വൈദ്യുതവാഹനങ്ങളിലെ ഘടകങ്ങളുടെ വികസനത്തിനും നിര്‍മാണത്തിനുമായി ഒരു ഇ.വി. കണ്‍സോര്‍ഷ്യം രൂപീകരിക്കുന്നു. ഇതിനായി 25 കോടി രൂപ വകയിരുത്തി. എയ്‌റോസ്പേസ് ഉല്പന്നങ്ങളുടേയും സേവനങ്ങളുടേയും പ്രധാന കേന്ദ്രമായി കേരളത്തെ മാറ്റുന്നതിന് കേരള സ്പേസ് പാര്‍ക്ക് ആരംഭിക്കുന്നു.

പാവങ്ങളില്‍ പാവങ്ങളില്ലാത്ത കേരളം

അടുത്ത കേരളപ്പിറവി ദിനത്തോടെ, അതായത് നവംബര്‍ ഒന്നോടുകൂടി അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളം മാറും. നിസ്സാരമല്ല, വെറും വാക്കുമല്ല, കാര്യം. അത് യാഥാര്‍ത്ഥ്യമാക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തില്‍ പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കുകയാണ്. കഴിഞ്ഞ ഒന്‍പതു വര്‍ഷത്തെ കണക്കെടുത്താല്‍ വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിനുള്ള വിപണി ഇടപെടലിനു മാത്രമായി 14,000 കോടിയോളം രൂപയാണ് വിവിധ ഇനങ്ങളിലായി ചെലവഴിച്ചിട്ടുള്ളത്. കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറ്റാന്‍ തീരുമാനിച്ച 886 സ്ഥാപനങ്ങളില്‍ 683 എണ്ണവും പൂര്‍ത്തീകരിച്ചു. 42 ലക്ഷം കുടുംബങ്ങള്‍ക്ക് കാരുണ്യ ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ ഗുണഫലങ്ങള്‍ ലഭ്യമാകുന്നു.

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാരിന്റെ ഇടപെടലുകള്‍ ഫലം കാണുകയാണ്. നാക്ക് റാങ്കിങ്ങില്‍ എം.ജി, കേരള സര്‍വകലാശാലകള്‍ക്ക് എ പ്ലസ് പ്ലസ് ഗ്രേഡും കാലിക്കറ്റ്, കുസാറ്റ്, കാലടി സര്‍വകലാശാലകള്‍ക്ക് എ പ്ലസ് ഗ്രേഡും ലഭിച്ചു. കേരളത്തിലെ 18 കോളേജുകള്‍ക്ക് എ പ്ലസ് പ്ലസ് ഗ്രേഡും 31 കോളേജുകള്‍ക്ക് എ പ്ലസ് ഗ്രേഡും 53 കോളേജുകള്‍ക്ക് എ ഗ്രേഡും ലഭിച്ചു. എന്‍.ഐ.ആര്‍.എഫ് റാങ്കിങ്ങിലെ രാജ്യത്തെ മികച്ച 200 കോളേജുകളില്‍ 42 എണ്ണവും കേരളത്തിലുള്ളവയാണ്. വ്യവസായ വികസനം, കാര്‍ഷിക നവീകരണം, തദ്ദേശീയമായി തൊഴിലുകള്‍ സൃഷ്ടിക്കല്‍, മാലിന്യനിര്‍മാര്‍ജനം, ജീവിതശൈലി രോഗങ്ങള്‍ തടയല്‍, അതിവേഗ യാത്രാസംവിധാനങ്ങള്‍ തുടങ്ങിയ ലക്ഷ്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കേണ്ടതുണ്ട്. ഭദ്രമായ ക്രമസമാധാന നിലയിലും അതുവഴി സമാധാനപൂര്‍ണമായ സാമൂഹ്യജീവിതത്തിലും കേരളം തല ഉയര്‍ത്തി നില്‍ക്കുന്നു. അത്തരമൊരു അന്തരീക്ഷം വികസനത്തിന്റെ പുതിയ കുതിപ്പുകളെ കൂടുതല്‍ സഹായിക്കും.

വികസനചരിത്രത്തില്‍ ശ്രദ്ധേയമാണ് വിഴിഞ്ഞം തുറമുഖം എന്ന് കേരളത്തിനു സംശയമില്ലാത്ത കാര്യമാണ്. 2025 മെയ് രണ്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തുറമുഖം രാഷ്ട്രത്തിനു സമര്‍പിച്ചു. രണ്ടു മുതല്‍ നാലുവരെയുള്ള ഘട്ടങ്ങള്‍ 2028-ല്‍ പൂര്‍ത്തിയാക്കുന്നതോടെ സമ്പൂര്‍ണ തുറമുഖം യാഥാര്‍ത്ഥ്യമാകും. 8,867 കോടി രൂപയാണ് വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മാണത്തിനുള്ള ആകെ മുതല്‍മുടക്ക്. ഇതില്‍ 5,595 കോടി രൂപ സംസ്ഥാന സര്‍ക്കാരും 818 കോടി രൂപ കേന്ദ്ര സര്‍ക്കാരും നല്‍കുമെന്നായിരുന്നു വ്യവസ്ഥ. കേരളം വിഴിഞ്ഞത്തിനായി 2159 കോടി രൂപ ചെലവഴിച്ചുകഴിഞ്ഞു. എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ ഇതേവരെ തുറമുഖത്തിന്റെ നിര്‍മാണത്തിനായി തുകയൊന്നും അനുവദിച്ചിട്ടില്ല. അനേകം പ്രദേശവാസികള്‍ക്ക് തൊഴിലവസരങ്ങള്‍ ഉറപ്പാക്കിയും പ്രതിസന്ധികളെ അതിജീവിച്ചും സംസ്ഥാന സര്‍ക്കാര്‍ വിഴിഞ്ഞത്തെ കേരളത്തിന്റെ വികസന കവാടങ്ങളിലൊന്നാക്കാന്‍ സ്വയം സമര്‍പിച്ചു പ്രവര്‍ത്തിക്കുകയാണ്.

ഒന്നാമതു മാത്രം

സുസ്ഥിരവികസന ലക്ഷ്യങ്ങളിലേക്കുള്ള ഇന്ത്യയുടെ യാത്രയെത്തന്നെ മുന്നില്‍നിന്നു നയിക്കുകയാണ് കേരളം. നിതി ആയോഗിന്റെ സുസ്ഥിരവികസന സൂചികയിലെ കേരളത്തിന്റെ ഒന്നാം സ്ഥാനം അതിനു തെളിവാണ്. 2018-ല്‍ സുസ്ഥിരവികസന സൂചികയ്ക്ക് തുടക്കം കുറിച്ചതു മുതല്‍ ഒന്നാം സ്ഥാനത്താണ് കേരളം. രണ്ടു വര്‍ഷത്തിലൊരിക്കല്‍ നിതി ആയോഗ് പ്രസിദ്ധീകരിക്കുന്ന സുസ്ഥിരവികസന സൂചികയില്‍ കഴിഞ്ഞ നാല് തവണയും കേരളം ഒന്നാമതെത്തി. 2020-2021-നെക്കാള്‍ നാലു പോയിന്റ് ഉയര്‍ത്തിയാണ് ഒടുവില്‍ കേരളം നേട്ടം ആവര്‍ത്തിച്ചത്. പ്രതിസന്ധികള്‍ പലതുണ്ടെങ്കിലും വികസനവഴിയില്‍ കേരളത്തിന്റെ ദിശാബോധവും മികവുമാണ് അംഗീകരിക്കപ്പെടുന്നത്. ''നോട്ടുനിരോധനം, നൂറ്റാണ്ടിലെ മഹാപ്രളയം, മഴക്കെടുതികള്‍, ഓഖി, നിപ്പ, കൊവിഡ് മഹാമാരി, കേന്ദ്രസര്‍ക്കാരിന്റെ ആവര്‍ത്തിക്കുന്ന സാമ്പത്തിക അവഗണന തുടങ്ങിയ പ്രതികൂല സാഹചര്യങ്ങളെയെല്ലാം അതിജീവിച്ചാണ് നമ്മള്‍ ഒറ്റക്കെട്ടായി മുന്നേറുന്നത്'', മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകള്‍.

2024 ജനുവരി ഒന്നു മുതല്‍ ഇ - ഗവേണന്‍സ് രംഗത്ത് വിപ്ലവകരമായ മാറ്റം സാധ്യമാക്കിയ പദ്ധതിയാണ് കേരള സൊല്യൂഷന്‍സ് ഫോര്‍ മാനേജ്മെന്റ് അഡ്മിനിസ്ട്രേറ്റീവ് റീഫര്‍മേഷന്‍ ആന്‍ഡ് ട്രാന്‍ഫര്‍മേഷന്‍ അഥവാ കെ സ്മാര്‍ട്ട്. പൊതുജനങ്ങള്‍ക്ക് പ്രയോജനപ്രദമായ ഈ പദ്ധതിയിലൂടെ നടപടിക്രമങ്ങളുടെ നൂലാമാലകള്‍ ഒഴിവാക്കി തദ്ദേശഭരണ സ്ഥാപനങ്ങളിലെ സേവനങ്ങളും സര്‍ട്ടിഫിക്കറ്റുകളും സര്‍ക്കാര്‍ ഒറ്റ ക്ലിക്കില്‍ ലഭ്യമാക്കി. അതുകൊണ്ടുതന്നെ ഏറെ സ്വീകാര്യത നേടിയ ഈ പദ്ധതിയിലൂടെ ജനന, മരണ, വിവാഹ രജിസ്ട്രേഷനുകള്‍, കെട്ടിടപെര്‍മിറ്റ്, സര്‍ട്ടിഫിക്കറ്റുകള്‍, സാക്ഷ്യപത്രങ്ങള്‍, കെട്ടിടങ്ങളുടെ വിവരങ്ങള്‍, കെട്ടിട നികുതി ഓണ്‍ലൈനായി അടയ്ക്കാനുള്ള സൗകര്യം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നല്‍കുന്ന വിവിധ ലൈസന്‍സുകള്‍ക്കായി അപേക്ഷിക്കുന്നതിനും അവ ലഭ്യമാക്കുന്നതിനുമുള്ള സൗകര്യം എന്നിവയെല്ലാം മണിക്കൂറുകള്‍ക്കുള്ളില്‍ ഓണ്‍ലൈനായി അപേക്ഷകന് നല്‍കുന്നു.

2025 ഏപ്രില്‍ 10 മുതല്‍ ത്രിതല പഞ്ചായത്തുകളിലും കെ-സ്മാര്‍ട്ട് വിന്യസിച്ചു. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത്, കരകുളം ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളില്‍ കെ-സ്മാര്‍ട്ടിന്റെ പൈലറ്റ് റണ്‍ ആരംഭിച്ചുകഴിഞ്ഞു.

അങ്ങനെ കെ-ഫോണിനും കെ-ഫൈ പദ്ധതിക്കും പന്നാലെ കെ-സ്മാര്‍ട്ട് കൂടി നിലവില്‍ വന്നതോടെ കേരളം ഈ രംഗത്ത് രാജ്യത്തിനാകെ മാതൃകയായി.

ഭൂമി എന്നാല്‍ മനുഷ്യന്‍ തന്നെയാണ്

എല്ലാവര്‍ക്കും ഭൂമി ഉണ്ടാവണമെന്നും അവയ്ക്ക് കൃത്യമായ രേഖകള്‍ ഉണ്ടാകണമെന്നുമുള്ള എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നീതിബോധത്തിലൂന്നിയ ലക്ഷ്യമാണ് ഡിജിറ്റല്‍ റീസര്‍വേയുടെ അടിസ്ഥാനം. സംസ്ഥാനത്തുടനീളം ബഹുജന പങ്കാളിത്തത്തോടെയാണ് ഡിജിറ്റല്‍ റീസര്‍വേ ഒന്നാംഘട്ടത്തില്‍ സര്‍വേ ആരംഭിച്ച 200 വില്ലേജുകളിലേയും രണ്ടാംഘട്ടത്തില്‍ സര്‍വേ ആരംഭിച്ച 203 വില്ലേജുകളില്‍ 47 വില്ലേജുകളിലേയും സര്‍വേ പൂര്‍ത്തീകരിച്ച് സര്‍വേ അതിരടയാള നിയമത്തിലെ 9(2) പ്രഖ്യാപനം പ്രസിദ്ധീകരിച്ചു. മൂന്നാംഘട്ടത്തില്‍ 200 വില്ലേജുകളിലാണ് ഡിജിറ്റല്‍ സര്‍വേ നടപ്പാക്കുന്നത്.

കേരളം പൂര്‍ണമായും ഡിജിറ്റലായി സര്‍വേ ചെയ്ത് റെക്കോര്‍ഡുകള്‍ തയ്യാറാക്കുന്ന പദ്ധതിക്കു തുടക്കമിട്ടത്. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം-22, കൊല്ലം-12, പത്തനംതിട്ട-12 കോട്ടയം-9, ആലപ്പുഴ-8, ഇടുക്കി-13, എറണാകുളം-13, തൃശൂര്‍-23, പാലക്കാട്-14, മലപ്പുറം-18, കോഴിക്കോട്-16, വയനാട്-8, കണ്ണൂര്‍-14, കാസര്‍കോഡ്-18 എന്നിങ്ങനെ 200 വില്ലേജുകളില്‍ പൂര്‍ത്തിയാക്കി. ഭൂമിയുടെ രേഖകള്‍ സുതാര്യവും കൃത്യവുമാക്കുന്നതില്‍ വലിയ നേട്ടങ്ങളാണ് കൈവരിക്കാനായത്. സര്‍വേ നടത്തി സ്ഥാപിച്ച കല്ലുകളും കുറ്റികളും പിഴുതുമാറ്റിയാലും ഡിജിറ്റല്‍ സര്‍വേയിലൂടെ സൃഷ്ടിക്കപ്പെടുന്ന ഡിജിറ്റല്‍ വേലികള്‍ എക്കാലവും നിലനില്‍ക്കും. കയ്യേറ്റ ഭൂമികള്‍ ഉള്‍പ്പെടെ കണ്ടെത്തി അത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യാനുള്ള ശ്രമങ്ങളാണ് ഇതിലൂടെ സര്‍ക്കാര്‍ നടത്തുന്നത്. സര്‍ക്കാര്‍ ഭൂമി കയ്യേറി കൈവശം വച്ചിരിക്കുന്നവരില്‍നിന്ന് അത് തിരിച്ചുപിടിക്കാനും കുടിയേറ്റക്കാര്‍ക്ക് ഭൂമി പതിച്ചുനല്‍കാനുമുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ക്ക് സഹായകരമാകുന്ന നടപടിയാണ് ഡിജിറ്റല്‍ റീസര്‍വേ.

ചികിത്സ എന്ന അവകാശം

കേരളത്തില്‍ പതിറ്റാണ്ടുകള്‍ മുന്‍പേത്തന്നെ ഏറ്റവും മികച്ച ആരോഗ്യപരിപാലന സംവിധാനങ്ങളുണ്ട്. ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയതിന് കേന്ദ്രസര്‍ക്കാരിന്റെ ഉല്‍കൃഷ്ഠ പുരസ്‌കാരം, തിരുവനന്തപുരം മെഡിക്കല്‍കോളേജിലെ അത്യാഹിത വിഭാഗത്തിന് മികവിന്റെ കേന്ദ്രം അംഗീകാരം എന്നിവ ഉള്‍പ്പടെ 28-ലധികം അവാര്‍ഡുകളാണ് ഒരു വര്‍ഷത്തിനുള്ളില്‍ കേരളം ഈ മേഖലയില്‍ സ്വന്തമാക്കിയത്.

വിവിധ പദ്ധതികളിലൂടെയാണ് സൗജന്യചികിത്സകള്‍ ഉറപ്പാക്കുന്നത്. കാസ്പ് പദ്ധതിയില്‍ അംഗങ്ങളായ 581 സര്‍ക്കാര്‍, പ്രൈവറ്റ് ആശുപത്രികളിലൂടെയാണ് സൗജന്യചികിത്സ ലഭ്യമാക്കുന്നത്. ഒരു കുടുംബത്തിലെ ഓരോരുത്തര്‍ക്കും 5 ലക്ഷം രൂപ വരെ ആരോഗ്യപരിരക്ഷ ലഭിക്കുന്നു. നിലവില്‍ കാസ്പിനു കീഴിലുള്ള 42 ലക്ഷം ഗുണഭോക്താക്കളില്‍ 20 ലക്ഷത്തിലധികം പേര്‍ക്കും പൂര്‍ണമായും സംസ്ഥാനമാണ് ധനസഹായം നല്‍കുന്നത്. വിവിധ സൗജന്യചികിത്സകള്‍ക്കായി പ്രതിവര്‍ഷം 1600 കോടി രൂപയാണ് സര്‍ക്കാര്‍ ചെലവഴിക്കുന്നത്. എന്നാല്‍ കേന്ദ്രം സംസ്ഥാനത്തിനു നല്‍കുന്നത് 150 കോടി രൂപ മാത്രമാണ്. മൊത്തം ചെലവിന്റെ 10 ശതമാനം മാത്രമാണ് കേന്ദ്രം അനുവദിക്കുന്നത്.

കാസ്പ് പദ്ധതിയില്‍ അംഗമല്ലാത്ത അര്‍ഹരായവര്‍ക്ക് കാരുണ്യ ബെനവലന്റ് ഫണ്ടിലൂടെ ഒരു കുടുംബത്തിന് 2 ലക്ഷം രൂപയുടെ സൗജന്യചികിത്സാസഹായം ലഭ്യമാകുന്നു. വൃക്ക സംബന്ധമായ അസുഖങ്ങള്‍ക്ക് 3 ലക്ഷം രൂപ വരെ ഈ പദ്ധതിയിലൂടെ ചികത്സാസഹായം ലഭിക്കുന്നു. 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ ആരോഗ്യകിരണം പദ്ധതി വഴിയും സൗജന്യചികിത്സ ഉറപ്പാക്കുന്നു. ജന്മനായുള്ള ഹൃദ്രോഗം സമയബന്ധിതമായി ചികിത്സിക്കാനുള്ള ആരോഗ്യവകുപ്പിന്റെ ഹൃദ്യം പദ്ധതിയിലൂടെ 7854 കുഞ്ഞുങ്ങള്‍ക്ക് സൗജന്യ ഹൃദയശസ്ത്രക്രിയ നടത്തി.

സ്വകാര്യ മേഖലയില്‍ ലക്ഷക്കണക്കിന് രൂപ ചെലവ് വരുന്ന ചികിത്സകള്‍ സൗജന്യമായോ മിതമായ നിരക്കിലോ സര്‍ക്കാര്‍ മേഖലയില്‍ തുടങ്ങാന്‍ കഴിഞ്ഞു. അതില്‍ എടുത്തുപറയാവുന്നതാണ് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ, റോബോട്ടിക് ശസ്ത്രക്രിയ തുടങ്ങിയവ. ആദ്യമായി ജില്ലാ ആശുപത്രിതലത്തില്‍ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കേരളത്തില്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ആരംഭിച്ചു. രോഗികള്‍ക്ക് വീട്ടില്‍ തന്നെ സൗജന്യമായി ഡയാലിസിസ് ചെയ്യാന്‍ കഴിയുന്ന പെരിറ്റോണിയല്‍ ഡയാലിസിസ് പദ്ധതി എല്ലാ ജില്ലകളിലും ആരംഭിച്ചു. അധികദൂരം യാത്ര ചെയ്യാതെ അവരുടെ ജില്ലകളില്‍ തന്നെ സൗജന്യ സ്ട്രോക്ക് ചികിത്സ ലഭ്യമാകുന്ന സംവിധാനം 10 ജില്ലകളില്‍ യാഥാര്‍ത്ഥ്യമാക്കി.

നാഷണല്‍ സ്റ്റാറ്റിറ്റിക്സ് സര്‍വേ പ്രകാരം പത്ത് വര്‍ഷം മുന്‍പ് സംസ്ഥാനത്ത് ആരോഗ്യത്തിലെ ഔട്ട് ഓഫ് പോക്കറ്റ് എക്സ്പെന്‍ഡിച്ചറിനെക്കാള്‍ ചികിത്സാച്ചെലവ് പകുതിയായി കുറഞ്ഞിട്ടുണ്ട്.

വൃത്തിയാണ് കേരളം

കേരളത്തെ രൂപപ്പെടുത്തിയ ജനകീയാസൂത്രണം, സമ്പൂര്‍ണ സാക്ഷരതായജ്ഞം എന്നിവയ്ക്കു സമാനമായ ജനകീയമായ ക്യാംപെയ്നാണ് മാലിന്യമുക്തം നവകേരളം. തുടക്കത്തില്‍ മിനി എം.സി.എഫുകള്‍ സ്ഥാപിക്കുന്നതിനുപോലും വലിയ ജനപ്രതിരോധങ്ങള്‍ നേരിടേണ്ടിവന്നു. മനോഭാവമാറ്റത്തിലൂന്നി പരിപാടികള്‍ ആസൂത്രണം ചെയ്തു. താഴേത്തട്ടു മുതല്‍ ബോധവല്‍കരണം നടപ്പാക്കി. നിരീക്ഷണവും ശിക്ഷാനടപടികളും കര്‍ശനമാക്കി.

മാലിന്യമുക്ത കേരളവും തെളിയിച്ചത് ഒത്തുപിടിച്ചാല്‍ അസാധ്യമായതായി ഒന്നുമില്ലെന്നു തന്നെയാണ്. സര്‍ക്കാര്‍ നിശ്ചയിച്ച 13 മാനദണ്ഡങ്ങളില്‍ ഓരോന്നിലും 80 ശതമാനം പുരോഗതി കൈവരിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയാണ് മാലിന്യമുക്തമായി പ്രഖ്യാപിക്കുന്നത്. 2024-ലെ ഗാന്ധിജയന്തി ദിനത്തില്‍ ആരംഭിച്ച് മാര്‍ച്ച് 30 അന്താരാഷ്ട്ര ശൂന്യമാലിന്യദിനത്തില്‍ കേരളത്തെ ഖരമാലിന്യമുക്തമാക്കുന്ന തരത്തിലായിരുന്നു പരിപാടി. 59 മാലിന്യക്കൂനകളില്‍ 24 എണ്ണം പൂര്‍ണമായും നീക്കം ചെയ്തു. 56.95 ഏക്കര്‍ ഭൂമി വീണ്ടെടുത്തു. ബ്രഹ്മപുരത്ത് ബയോമൈനിങ്ങ് അവസാനഘട്ടത്തിലാണ്. ഇതിനകം 24 ഏക്കര്‍ ഭൂമി വീണ്ടെടുത്തു. മാലിന്യസംസ്‌കരണ പുരോഗതി 80 ശതമാനത്തില്‍നിന്ന് 100 ആക്കാനും സുസ്ഥിരമായ സംവിധാനങ്ങള്‍ ഒരുക്കാനുമുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്.

ആ സേവനവും ഇ സേവനവും

കേരള സര്‍ക്കാരിന്റെ പ്രഖ്യാപിത നയമാണ് 'ഇന്റര്‍നെറ്റ് എന്റെ അവകാശം'. ഇ - സാക്ഷരത നേടിയവര്‍ക്ക് നേരിട്ടും അല്ലാത്തവര്‍ക്ക് അക്ഷയകേന്ദ്രം വഴിയും സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാക്കാവുന്ന സാഹചര്യം നിലവിലുണ്ട്. ഇത് ഭരണനിര്‍വഹണത്തിലും രാജ്യത്തിന് കേരള മാതൃകയാണ്. എല്ലാ വകുപ്പുകളുടേയും ഓണ്‍ലൈന്‍ സേവനങ്ങള്‍ ഉള്‍പ്പെടുത്തി ഇ-സേവനം എന്ന കേന്ദ്രീകൃത പോര്‍ട്ടലിനു രൂപം നല്‍കിയിട്ടുണ്ട്.www.services.kerala.gov.in പോര്‍ട്ടലില്‍ വിവിധ വകുപ്പുകളുടെ 500-ലധികം സേവനങ്ങള്‍ ആദ്യഘട്ടമെന്ന നിലയില്‍ ലഭ്യമാക്കിയിട്ടുണ്ട്. മൊബൈല്‍ അധിഷ്ഠിത സേവനങ്ങള്‍ക്കുവേണ്ടി എം-സേവനം എന്ന മൊബൈല്‍ ആപ്ലിക്കേഷനും ലഭ്യമാക്കിയിട്ടുണ്ട്. സേവനങ്ങള്‍ വേഗത്തില്‍ തിരയുന്നതിനും കണ്ടെത്തുന്നതിനുമായി ഉപഭോക്തൃ വിഭാഗങ്ങളുടെ അടിസ്ഥാനത്തില്‍ കര്‍ഷകര്‍, വിദ്യാര്‍ത്ഥികള്‍, സ്ത്രീകളും കുട്ടികളും, യുവജനങ്ങള്‍ & നൈപുണ്യവികസനം, സാമൂഹ്യസുരക്ഷ & പെന്‍ഷനേഴ്സ്, പൊതു ഉപയോഗസേവനങ്ങള്‍, മറ്റു സേവനങ്ങള്‍ എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ട്.

റവന്യൂവകുപ്പില്‍ 1666 വില്ലേജുകള്‍ക്ക് പ്രത്യേകം ഔദ്യോഗിക വെബ്‌സൈറ്റുകളും 900-ലധികം സേവനങ്ങള്‍ ഒരൊറ്റ ക്ലിക്കില്‍ ലഭ്യമാക്കാനുള്ള സംവിധാനവും ഏര്‍പ്പെടുത്തി.

നിലവിലുള്ള 27 സേവനങ്ങള്‍ക്കു പുറമെ പോയവര്‍ഷം 12 സേവനങ്ങള്‍ കൂടി റവന്യൂവകുപ്പ് സ്മാര്‍ട്ട് സേവനപരിധിയില്‍ ഉള്‍പ്പെടുത്തിക്കഴിഞ്ഞു. പ്രവാസികള്‍ക്ക് ഭൂസംബന്ധമായ സേവനങ്ങള്‍, ഏത് ഭൂമിയും തിരയാനുള്ള സൗകര്യം ലഭ്യമാക്കുന്നു. www.revenue.kerala.gov.in, കെ.ബി.ടി അപ്പീല്‍-ഓണ്‍ലൈന്‍ സംവിധാനം, റവന്യു റിക്കവറി ഡിജിറ്റല്‍ പെയ്മെന്റ്, ബിസിനസ് യൂസര്‍-പാന്‍ ഉപയോഗിച്ചുള്ള ലോഗിന്‍ സൗകര്യം, തണ്ടപ്പേര്‍ സര്‍ട്ടിഫിക്കറ്റ്, പ്രീമ്യൂട്ടേഷന്‍ സ്‌കെച്ച്, പോക്കുവരവ്, ഭൂപരിപാലനം, ഭൂനികുതി അടയ്ക്കല്‍, ലൊക്കേഷന്‍ സ്‌കെച്ച്, മുന്‍ സര്‍വെ റെക്കോഡുകള്‍, ഡിജിറ്റല്‍ സര്‍വേ മാപ്പ്, ലാന്‍ഡ് ഐഡന്റിഫിക്കേഷന്‍ എന്നീ സേവനങ്ങള്‍ ഈ പോര്‍ട്ടല്‍ വഴി ലഭിക്കും.

പട്ടയം ജീവനാണ്

ഭൂമിയുടെ ഉടമസ്ഥാവകാശം അര്‍ഹതയുള്ള എല്ലാവര്‍ക്കും ലഭ്യമാക്കുന്നതിനാണ് സംസ്ഥാന സര്‍ക്കാരിന്റെ ശ്രമം. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുന്നതിനുള്ളില്‍ അഞ്ച് ലക്ഷം പട്ടയങ്ങള്‍ വിതരണം ചെയ്യുകയാണ് ലക്ഷ്യം. കഴിഞ്ഞ എട്ട് വര്‍ഷക്കാലത്ത് 3,57,898 പട്ടയങ്ങള്‍ വിതരണം ചെയ്തു.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം മൂന്ന് വര്‍ഷംകൊണ്ട് 1,80,887 കുടുംബങ്ങള്‍ക്ക് പട്ടയം വിതരണം ചെയ്തുകഴിഞ്ഞു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 1,77,011 പട്ടയമാണ് വിതരണം ചെയ്തത്. 1.42 ലക്ഷം പട്ടയങ്ങള്‍കൂടി വിതരണം ചെയ്ത് 10 വര്‍ഷംകൊണ്ട് അഞ്ച് ലക്ഷം പട്ടയം എന്ന ലക്ഷ്യത്തിന് സര്‍ക്കാര്‍ ഊര്‍ജിത പ്രവര്‍ത്തനം നടത്തിവരികയാണ്.

ഇതിനായി പട്ടയമിഷന്‍ തന്നെ രൂപവല്‍കരിച്ചിരുന്നു. മലയോര പട്ടയവിതരണമാണ് നിലവില്‍ ഏറ്റെടുത്ത മറ്റൊരു സുപ്രധാന ദൗത്യം.

image of a government hospital casuality room in kerala
( pinarayi government )

ഭക്ഷണം വിഷമാകരുത്

രാജ്യത്തെ ഭക്ഷ്യസുരക്ഷാസൂചികയില്‍ 2024-ല്‍ രണ്ടാം തവണയും കേരളത്തിന് ഒന്നാം സ്ഥാനം. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ ആധാരമാക്കിയ മാനദണ്ഡങ്ങളിലെല്ലാം ഏറ്റവും മുന്‍പില്‍. ഇപ്പോഴിതാ മികച്ച ഭക്ഷണം ലഭിക്കാന്‍ ഭൗതികവും സാമൂഹികവും സാമ്പത്തികവുമായ സാഹചര്യം സൃഷ്ടിക്കുന്നതിലും നമ്മള്‍ ഒന്നാമതാണെന്ന് ആവര്‍ത്തിച്ചു തെളിയിക്കുകയാണ്. ആധുനികമായ ലാബ് സൗകര്യങ്ങള്‍ ഉള്‍പ്പെടെ മികച്ച ഭക്ഷ്യപരിശോധനാ സംവിധാനങ്ങള്‍ ഉറപ്പാക്കിയും വിവിധ ബോധവല്‍കരണ പരിപാടികള്‍ നടപ്പാക്കിയും ഭക്ഷ്യസുരക്ഷാകേരളമായി മാറാന്‍ നമുക്കു കഴിഞ്ഞു.

എല്ലാവര്‍ക്കും ഭക്ഷ്യഭദ്രത ഉറപ്പാക്കിയ സംസ്ഥാനവുമാണ് കേരളം. തെരുവോരത്ത് താമസിക്കുന്നവര്‍ക്കുള്‍പ്പെടെ എല്ലാവര്‍ക്കും റേഷന്‍കാര്‍ഡ് പദ്ധതി നടപ്പിലാക്കി. ഈ സര്‍ക്കാര്‍ ഇതുവരെ 5,20,563 പുതിയ റേഷന്‍കാര്‍ഡുകള്‍ വിതരണം ചെയ്തു. 100 ശതമാനം റേഷന്‍കാര്‍ഡുകളും ആധാറുമായി ബന്ധിപ്പിച്ച ആദ്യ സംസ്ഥാനമാണ് കേരളം. ഭക്ഷ്യഭദ്രതാ നിയമത്തിന്റെ പരിധിയില്‍ വരാത്ത മുന്‍ഗണനേതര വിഭാഗങ്ങളേയും സര്‍ക്കാര്‍ ചേര്‍ത്തുപിടിക്കുന്നു. സംസ്ഥാനത്തിനു ലഭ്യമായ ഭക്ഷ്യവിഹിതത്തില്‍നിന്ന് സാധ്യമായ അളവില്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നു. ഭക്ഷ്യഭദ്രതയില്‍നിന്ന് പോഷകഭദ്രതയിലേക്കാണ് കേരളം മുന്നേറുന്നത്.

വിദ്യാഭ്യാസം, ഉന്നതം

നവകേരളസൃഷ്ടിയുടെ ഭാഗമായി കേരളത്തെ നവവൈജ്ഞാനിക സമൂഹമാക്കി രൂപപ്പെടുത്തുവാനുള്ള പരിശ്രമമാണ് കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ നടക്കുന്നത്.

അക്രഡിറ്റേഷന്‍ / റാങ്കിങ്ങ് നേട്ടങ്ങള്‍

ഉന്നത വിദ്യാഭ്യാസം നേടുന്നവരുടെ എണ്ണത്തില്‍ മാത്രമല്ല, ഗുണനിലവാരത്തിലും കേരളം ശ്രദ്ധേയമായ പുരോഗതി നേടിക്കഴിഞ്ഞു. 292 സ്ഥാപനങ്ങള്‍ക്ക് നാക് അക്രഡിറ്റേഷന്‍ ലഭിച്ചു. കേരള, മഹാത്മാഗാന്ധി സര്‍വകലാശാലകള്‍ക്ക് എ ഡബിള്‍ പ്ലസും കാലിക്കറ്റ്, കുസാറ്റ്, സംസ്‌കൃത സര്‍വകലാശാലകള്‍ക്ക് എ പ്ലസും ഗ്രേഡുകള്‍. 28 കോളേജുകള്‍ക്ക് എ ഡബിള്‍ പ്ലസ്, 49 കോളേജുകള്‍ക്ക് എ പ്ലസ്, 82 കോളേജുകള്‍ക്ക് എ ഗ്രേഡുകള്‍.

എന്‍.ഐ.ആര്‍.എഫ് റാങ്കിംഗില്‍ സര്‍വകലാശാലകളുടെ പട്ടികയില്‍ ആദ്യ നൂറില്‍ സംസ്ഥാനത്തെ നാലു സര്‍വകലാശാലകള്‍ ഇടംനേടി. ദേശീയ തലത്തില്‍ കേരള 21, കുസാറ്റ് 34, എം.ജി. 37, കാലിക്കറ്റ് 89 എന്നീ സ്ഥാനങ്ങള്‍ നേടി. പൊതുപട്ടികയില്‍ കേരളയ്ക്ക് 38, കുസാറ്റിന് 51, എം.ജിക്ക് 67 എന്നീ റാങ്കുകള്‍.

സ്റ്റേറ്റ് പബ്ലിക് സര്‍വ്വകലാശാലാ പട്ടികയില്‍ കേരള 9, കുസാറ്റ് 10, എം.ജി. 11, കാലിക്കറ്റ് 43 എന്നിങ്ങനെ റാങ്ക് നില.

കോളേജുകളുടെ പട്ടികയില്‍ രാജ്യത്തെ ആദ്യ നൂറില്‍ 16 കോളേജുകള്‍, ആദ്യ ഇരുനൂറില്‍ 42 കോളേജുകള്‍ കേരളത്തില്‍നിന്ന്. ആദ്യ മുന്നൂറില്‍ 71 കോളേജുകള്‍ ഉള്‍പ്പെട്ടതില്‍ 16 എണ്ണം സര്‍ക്കാര്‍ കോളേജുകള്‍.

2024 നവംബറിലെ കണക്കനുസരിച്ച് സംസ്ഥാനത്തെ 63 എന്‍ജിനീയറിങ് കോളേജുകളിലെ 248 ബിരുദ പ്രോഗ്രാമുകള്‍ക്കും അഞ്ച് എന്‍ജിനീയറിങ് കോളേജുകളിലെ 21 ബിരുദാനന്തര ബിരുദ പ്രോഗ്രാമുകള്‍ക്കും എന്‍.ബി.എ അംഗീകാരം. സംസ്ഥാനത്തെ ആകെ 11 പോളിടെക്നിക് കോളേജുകളിലെ 38 പ്രോഗ്രാമുകള്‍ക്കും എന്‍.ബി.എ അംഗീകാരം.

നാക് (ചഅഅഇ) മാതൃകയില്‍ സ്റ്റേറ്റ് അസസ്മെന്റ് ആന്‍ഡ് അക്രഡിറ്റേഷന്‍ സെന്ററും (NAAC), എന്‍.ഐ.ആര്‍.എഫ് മാതൃകയില്‍ കേരള ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിങ്ങ് ഫ്രെയിംവര്‍ക്കും (NAAC) സ്ഥാപിച്ചു.

ധനവകുപ്പിന് കീഴിലെ സ്വതന്ത്ര ഗവേഷണ സ്ഥാപനമായ പബ്ലിക് പോളിസി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് തയ്യാറാക്കിയ റിപ്പോര്‍ട്ടനുസരിച്ച് സ്ത്രീകള്‍, എസ്.സി, എസ്.ടി തുടങ്ങിയ വിഭാഗങ്ങള്‍ ആര്‍ജിച്ച വിദ്യാഭ്യാസ നേട്ടങ്ങളിലും കേരളം ദേശീയ ശരാശരിയെക്കാള്‍ ഏറെ മുന്നിലാണ്. സ്ത്രീകളുടേയും എസ്.സി, എസ്.ടി വിഭാഗങ്ങളുടേയും വിദ്യാഭ്യാസത്തില്‍ ഒന്‍പതു വര്‍ഷത്തിനിടെ കേരളത്തില്‍ 18.9 ശതമാനം വര്‍ദ്ധനവുണ്ടായപ്പോള്‍ ദേശീയതലത്തില്‍ വളര്‍ച്ച ഏഴുശതമാനം മാത്രമാണ്. ഉന്നതവിദ്യാഭ്യാസം നേടുന്ന ആണ്‍കുട്ടികളുടെ എണ്ണം സംസ്ഥാനത്ത് 15.6 ശതമാനം വര്‍ദ്ധിച്ചുകഴിഞ്ഞു.

ചരിത്രത്തിലാദ്യമായി ഉന്നതവിദ്യാഭ്യാസ മേഖലയ്ക്കായി ഒരു സമഗ്രപാഠ്യപദ്ധതി ചട്ടക്കൂട് തയ്യാറാക്കി. അതിനെ ആധാരമാക്കി ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള എല്ലാ സര്‍വകലാശാലകളിലും നാലുവര്‍ഷ ബിരുദ പരിപാടി നടപ്പിലാക്കി. പരീക്ഷയും ഫലപ്രഖ്യാപനവും സമയബന്ധിതമായി നടത്തുന്നതിന് ഏകീകൃത അക്കാദമിക് കലണ്ടറും നടപ്പിലാക്കി.

നവകേരള സൃഷ്ടിക്ക് അനുയോജ്യമായ ഗവേഷണങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കാന്‍ പത്ത് ബൃഹദ് വിജ്ഞാനമേഖലകളില്‍ ചീഫ് മിനിസ്റ്റേഴ്സ് നവകേരള പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ് നല്‍കിവരുന്നു.

പുസ്തകങ്ങളും യൂണിഫോമും കാത്തിരിക്കണ്ട

പാഠപുസ്തകങ്ങള്‍ സമയബന്ധിതമായി അച്ചടിച്ചു വിതരണം ചെയ്യുന്നതിലും ഭാവിതലമുറയുടെ രൂപവല്‍കരണത്തില്‍ സുപ്രധാനമായ അവ കാലോചിതമായി പരിഷ്‌കരിക്കുന്നതിലും പൊതുസമൂഹത്തിന്റെ മതിപ്പ് സര്‍ക്കാരിനു ലഭിച്ചു. സംസ്ഥാനത്തിന്റെ പൊതുവിദ്യാഭ്യാസ ചരിത്രത്തില്‍ ആദ്യമായി, ഒന്‍പതാം ക്ലാസ്സിലെ പരീക്ഷ കഴിയുന്നതിനു മുന്‍പ് പത്താംക്ലാസ്സിലെ പാഠപുസ്തകങ്ങള്‍ പുറത്തിറക്കി. പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായാണ് പത്താംക്ലാസ്സ് പാഠപുസ്തകങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കിയത്. ഒന്‍പതാം ക്ലാസ്സിലെ പരീക്ഷ കഴിയുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അടുത്ത അധ്യായന വര്‍ഷത്തെ പുസ്തകങ്ങള്‍ ലഭിക്കും. എസ്.സി.ഇ.ആര്‍.ടിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് പ്രീപ്രൈമറി മുതല്‍ ഹയര്‍സെക്കന്‍ഡറിതലം വരെയുള്ള പാഠ്യപദ്ധതി പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ആദ്യഘട്ടത്തില്‍ ഒന്നു മുതല്‍ പത്താം ക്ലാസ്സ് വരെയുള്ള പാഠപുസ്തകങ്ങളുടെ പരിഷ്‌കരണം പൂര്‍ത്തീകരിച്ചു. ഹയര്‍സെക്കന്‍ഡറി പാഠപുസ്തകങ്ങളുടെ പരിഷ്‌കരണം അടുത്ത വര്‍ഷം നടക്കും. ഒന്നു മുതല്‍ എട്ടാം ക്ലാസ്സ് വരെയുള്ള കുട്ടികള്‍ക്ക് പാഠപുസ്തകങ്ങള്‍ സൗജന്യമായാണ് വിതരണം ചെയ്യുന്നത്. 40 ലക്ഷത്തോളം വരുന്ന കുട്ടികള്‍ക്ക് 3.8 കോടി പാഠപുസ്തകങ്ങളാണ് അച്ചടിക്കുന്നത്.

സൗജന്യ യൂണിഫോം പദ്ധതി രണ്ട് ഘടകങ്ങളായാണ് നടപ്പിലാക്കുന്നത്. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിന് കീഴില്‍ വരുന്ന സൗജന്യ യൂണിഫോം പദ്ധതിയും സൗജന്യ കൈത്തറി യൂണിഫോം പദ്ധതിയും. സംസ്ഥാനത്തെ സ്റ്റാന്‍ഡ് എലോണ്‍ എല്‍.പി, യു.പി, സര്‍ക്കാര്‍ സ്‌കൂളുകളിലും 1 മുതല്‍ 4 വരെയുള്ള എയ്ഡഡ് എല്‍.പി. സ്‌കൂളുകളിലും കൈത്തറി വകുപ്പ് വഴി കൈത്തറി യൂണിഫോം നല്‍കിവരുന്നു. കൈത്തറി യൂണിഫോം ലഭിക്കാത്ത 1 മുതല്‍ 8 വരെയുള്ള ഗവ. ഹൈസ്‌കൂളിലെ എ.പി.എല്‍ വിഭാഗം ആണ്‍കുട്ടികള്‍ക്കും 1 മുതല്‍ 8 വരെയുള്ള എയ്ഡഡ് സ്‌കൂളുകളിലെ മുഴുവന്‍ കുട്ടികള്‍ക്കും ഇതോടൊപ്പം 1 മുതല്‍ 5 വരെയുള്ള എയ്ഡഡ് എല്‍.പി. സ്‌കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും ഒരു കുട്ടിക്ക് രണ്ട് ജോഡി യൂണിഫോമിന് 600/രൂപ നിരക്കില്‍ അലവന്‍സ് പൊതുവിദ്യാഭ്യാസ വകുപ്പില്‍നിന്നും നല്‍കിവരുന്നു.

മെട്രോ മാഹാത്മ്യം

മികച്ച യാത്രാനുഭവം പ്രദാനം ചെയ്തും മെട്രോ ട്രെയിനിലേതിന് സമാനമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയും പൂര്‍ണമായും പരിസ്ഥിതി സൗഹൃദമായും സജ്ജീകരിച്ച കൊച്ചി വാട്ടര്‍ മെട്രോ സര്‍വീസുകള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇതോടെ രാജ്യത്തെ വിവിധയിടങ്ങളില്‍ ഇതേ മാതൃകയില്‍ ജലഗതാഗതം ആരംഭിക്കാനുള്ള നടപടികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ തുടക്കമിട്ടു. കേന്ദ്ര തുറമുഖ, ഷിപ്പിങ്ങ്, ജലഗതാഗത വകുപ്പ് കഴിഞ്ഞ നവംബറിലാണ് കൊച്ചി മെട്രോയോട് അഹമ്മദാബാദും വാരണാസിയും ഉള്‍പ്പെടെ 18 സ്ഥലങ്ങളില്‍ വാട്ടര്‍ മെട്രോ നടപ്പാക്കാനുള്ള സാധ്യതാപഠനം നടത്താന്‍ ആവശ്യപ്പെട്ടത്. കണ്‍സള്‍ട്ടന്‍സി വിഭാഗം രൂപവല്‍കരിക്കാന്‍ കെ.എം.ആര്‍.എല്‍ ഡയറക്ടര്‍ ബോര്‍ഡ് അനുമതി നല്‍കി. കേരളത്തിനും കെ.എം.ആര്‍.എല്ലിനും വാട്ടര്‍ മെട്രോയ്ക്കും ലഭിച്ച വലിയ അംഗീകാരമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

2021 ഡിസംബറില്‍ ആരംഭിച്ച കൊച്ചി വാട്ടര്‍ മെട്രോ ഒന്‍പത് ടെര്‍മിനലുകളിലായി അഞ്ച് റൂട്ടിലേക്ക് വളര്‍ന്നിരിക്കുകയാണ്. 10 ദ്വീപുകളിലായി 38 ടെര്‍മിനലുകളെ പദ്ധതി ബന്ധിപ്പിക്കും. കാര്യക്ഷമവും സുസ്ഥിരവുമായ ഗതാഗതത്തിനായി 78 ഇലക്ട്രിക് ബോട്ടുകളാണ് വിന്യസിക്കുന്നത്. ഇതേവരെ 35 ലക്ഷത്തോളം പേര്‍ യാത്ര ചെയ്തു.

യാത്രക്കാരുടെ എണ്ണത്തിലും പ്രവര്‍ത്തനലാഭത്തിലും നേട്ടമുണ്ടാക്കി കൊച്ചി മെട്രോ. 2024 ഡിസംബറില്‍ മാത്രം 32,35,027 പേര്‍ യാത്ര ചെയ്തതോടെ പ്രതിമാസ യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധന നേടി. ഡിസംബറില്‍ യാത്രാടിക്കറ്റ് ഇനത്തില്‍ 10.15 കോടി രൂപ വരുമാനം നേടി മറ്റൊരു നേട്ടവും മെട്രോ കൈവരിച്ചു. 2024 ജൂലൈ മുതല്‍ പ്രതിദിനം ഒരു ലക്ഷത്തിലേറെ യാത്രക്കാരെ നേടുന്ന മെട്രോ കഴിഞ്ഞ രണ്ടുവര്‍ഷമായി തുടര്‍ച്ചയായി പ്രവര്‍ത്തന ലാഭവും ഉണ്ടാക്കി. 2023-ല്‍ 5.35 കോടിയായിരുന്ന പ്രവര്‍ത്തനലാഭം 2024-ല്‍ 22.94 കോടി രൂപയായാണ് വര്‍ദ്ധിച്ചത്. പ്രതിദിന യാത്രക്കാരുടെ എണ്ണം 1.5 ലക്ഷത്തിലെത്തിക്കാനാണ് 2025-ല്‍ ലക്ഷ്യമിടുന്നത്. നിരക്കുകളുടെ യുക്തിസഹമായ ഏകീകരണം, വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ നിരക്കിളവ്, സോഷ്യല്‍ മീഡിയ വഴിയുളള പ്രചാരണം, കൃത്യതയാര്‍ന്ന സര്‍വീസ്, വൃത്തി, ജീവനക്കാരുടെ മികച്ച പെരുമാറ്റം തുടങ്ങിയ നിരവധി ഘടകങ്ങള്‍ ഈ നേട്ടം കൈവരിക്കുന്നതിന് സഹായിച്ചു. ടിക്കറ്റിങ്ങിനായി ഏറ്റവും കൂടുതല്‍ ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഉപയോഗിക്കുന്ന രാജ്യത്തെ ഏക മെട്രോയാണിത്. ഈ വര്‍ഷം ടിക്കറ്റിങ്ങ് സമ്പ്രദായം സമ്പൂര്‍ണമായും ഡിജിറ്റലൈസ് ചെയ്യുന്നതിലൂടെ കൂടുതല്‍ യുവാക്കളെ ആകര്‍ഷിക്കുകയാണ് ലക്ഷ്യം. വിവിധ മെട്രോസ്റ്റേഷനുകളില്‍ നിന്നുള്ള 'മെട്രോ കണക്ട്' വൈദ്യുത ബസ് സര്‍വീസ് ആരംഭിച്ചതും അഭിമാനമാണ്.

അടിപൊളി കേരളം

സ്റ്റാര്‍ട്ടപ്പ് രംഗത്ത് സമാനതകളില്ലാത്ത മുന്നേറ്റം ഉറപ്പാക്കിയ നാടാണ് കേരളം. വൈവിധ്യമുള്ള ആശയങ്ങളും മികച്ച പദ്ധതികളും മികച്ച വനിതാ പ്രാതിനിധ്യവുമാണ് കേരള സ്റ്റാര്‍ട്ടപ്പിന്റെ മുഖമുദ്ര. ദേശീയതലത്തില്‍ അംഗീകാരവും ആയിരം കോടി രൂപാ മൂല്യവുമുള്ള യൂണിക്കോണ്‍ കമ്പനികളും വഴികാട്ടിയായി ഇന്‍കുബേഷന്‍ കേന്ദ്രങ്ങളുമെല്ലാം ഉള്‍പ്പെടുന്ന സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് രംഗം കുതിപ്പിന്റെ വഴിയിലാണ്.

ആകെയുള്ള 6261 സ്റ്റാര്‍ട്ടപ്പുകളിലായി 65000-ലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. സ്റ്റാര്‍ട്ടപ്പ് മിഷനിലൂടെ സര്‍ക്കാര്‍ പൂര്‍ണമായ സാമ്പത്തിക സഹായം ഉള്‍പ്പടെയുള്ള പിന്തുണ നല്‍കുന്നു. കഴിഞ്ഞ വര്‍ഷം മാത്രം ആരംഭിച്ചത് 1074 സ്റ്റാര്‍ട്ടപ്പുകളാണ്. ലോകനിലവാരത്തിലുള്ള ഉല്പന്നങ്ങളും സേവനങ്ങളും ഉള്‍പ്പെടുന്ന പുതുമയുള്ള സംരംഭങ്ങളാണ് ഇവയിലേറെയും. ചെറിയ ഗ്രാമങ്ങളില്‍ ആരംഭിച്ച് ലോകമെമ്പാടുമുള്ള വിദ്യാഭ്യാസത്തിന്റേയും പുത്തന്‍ സാങ്കേതിക നിര്‍മിതികളുടേയും ഡിജിറ്റല്‍ ടെക്നോളജിയുടേയും ലോകത്ത് പുതുമയാര്‍ന്ന കണ്ടെത്തലുകള്‍ സമ്മാനിക്കുന്ന ഇവ പുതിയ കാലത്തിന്റെ പ്രതീക്ഷയാണ്.

എയ്റോസ്പേസും പ്രതിരോധവും മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ടു ഇന്‍ഫിനിറ്റി ലോജിസ്റ്റിക്സ്, വിനോദ പരിപാടികളുടെ ലൈബ്രറി ശേഖരമൊരുക്കുന്ന 24 LIV എന്റര്‍ടെയ്ന്‍മെന്റ്‌സ്, വന്‍കിട സംരംഭങ്ങള്‍ക്ക് ഐ.ടി അസറ്റുകള്‍ കൈകാര്യം ചെയ്യാന്‍ എ.എം. ടൂള്‍ വികസിപ്പിച്ച 2HATS ലോജിക് സൊല്യൂഷന്‍സ്, ആരോഗ്യമേഖലയിലെ സിക്സ്റ്റിഫോര്‍ കോഡണ്‍ പ്രൈവറ്റ് ലിമിറ്റഡ്, മാലിന്യസംസ്‌കരണരംഗത്ത് സജീവമായ ആക്രി ആപ്പ്, ഗ്രീന്‍മ സൊല്യൂഷന്‍സ്, എ.ഐ. സാങ്കേതികത ഉപയോഗിച്ച് ആരോഗ്യ സംരക്ഷണരംഗത്ത് പുതിയ മാറ്റങ്ങള്‍ ലക്ഷ്യമിടുന്ന ആല്‍മാവ് വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്, വൈവിധ്യമാര്‍ന്ന തീം അലങ്കാര ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്ന Aesthete Decor, ക്രിയേറ്റീവ് വേള്‍ഡ് നെറ്റ്വര്‍ക്ക്, ബില്‍ഡിംഗ് ഉല്പന്നങ്ങള്‍ തെരഞ്ഞെടുക്കുന്നതിനുള്ള ഏകജാലക ഇ-സൊല്യൂഷന്‍ കവറിംഗ്‌സ് ഓണ്‍ലൈന്‍, ബ്ലാക്ക് ആന്‍ഡ് സില്‍വര്‍ സെറ്റ്മുണ്ട് വില്‍ക്കുന്ന നെയ്ത്തുകാരി, കൈത്തറി വസ്ത്രങ്ങളില്‍ ട്രന്‍ഡിങ് ഫാഷന്‍ സ്യൂ ഹാന്‍ഡ്ലൂം സ്റ്റോര്‍ തുടങ്ങിയവയെല്ലാം കേരളത്തിന്റെ സാങ്കേതിക വിജ്ഞാന വ്യവസ്ഥയില്‍ വിടര്‍ന്ന സ്റ്റാര്‍ട്ടപ്പ് ആശയങ്ങളാണ്.

വ്യവസായരംഗത്ത് സ്റ്റാര്‍ട്ടപ്പുകള്‍, വിദ്യാര്‍ത്ഥികള്‍, വനിതാസംരംഭകര്‍ എന്നിവര്‍ക്ക് പിന്തുണ നല്‍കുന്ന കേരളം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നിക്ഷേപകരുമായി നേരിട്ട് ബന്ധപ്പെടാനുള്ള അവസരം, സൂപ്പര്‍ ഫാബ് ലാബ്, സാമ്പത്തിക പിന്തുണ, ഗ്രാമീണമേഖലകളില്‍ പ്രോത്സാഹനം, ഇന്‍കുബേറ്ററുകള്‍, പുതിയ ആശയങ്ങള്‍ക്ക് സാങ്കേതികസഹായം തുടങ്ങിയവയെല്ലാം ഉറപ്പാക്കുന്നു. തെക്കേ ഏഷ്യയിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് ആന്‍ഡ് ഇന്നോവേഷന്‍ ഹബ്ബായ നമ്മുടെ നാട്ടില്‍ 2026 ഓടെ 15,000 സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കുകയെന്ന പ്രഖ്യാപിത ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ സാധിച്ചാല്‍ ഒന്നരലക്ഷത്തിലധികം പേര്‍ക്ക് ഈ മേഖലയില്‍ തൊഴില്‍ ലഭ്യമാക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

വര്‍ഷം തോറും ഹഡില്‍ ഗ്ലോബല്‍ പോലുള്ള വമ്പന്‍ സംരംഭക പ്രദര്‍ശന കൂട്ടായ്മ ഒരുക്കുന്ന കേരളം പുതിയ സംരംഭങ്ങള്‍ക്കുള്ള ആശയ രൂപകല്പന, ബിസിനസ് തന്ത്രങ്ങള്‍, ഫണ്ട് സമാഹരണം, കമ്പോളവല്‍കരണം തുടങ്ങിയ വിഷയങ്ങളില്‍ മാര്‍ഗനിര്‍ദേശം നല്‍കുന്നു. സ്ത്രീകള്‍ നേതൃത്വം നല്‍കുന്നതോ സ്ത്രീകള്‍ മാത്രം ചേര്‍ന്ന് രൂപം നല്‍കിയതോ സ്ത്രീകളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതോ ആയ നിരവധി സ്റ്റാര്‍ട്ടപ്പ് കമ്പനികളുണ്ട് കേരളത്തില്‍. വനിതാസംരംഭകരെ ലക്ഷ്യമിട്ട് വായ്പാപദ്ധതികളും പരിശീലന കളരികളുമൊക്കെയായി കേരളാ സ്റ്റാര്‍ട്ടപ്പ് മിഷന്‍ രംഗത്തെത്തിയതോടെ സംരംഭകരംഗത്തെ വനിതാ സാന്നിധ്യത്തില്‍ പോയവര്‍ഷം ഒരു പതിറ്റാണ്ടിനിടയിലെ ഏറ്റവും മികച്ച വളര്‍ച്ചയുമുണ്ടായി.

ഐ.ടി ബൂം

ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രോണിക്സ് പ്രൊഡക്ഷന്‍ കമ്പനി, ആദ്യത്തെ ഐ.ടി പാര്‍ക്ക്, ആദ്യത്തെ ഡിജിറ്റല്‍ യൂണിവേഴ്സിറ്റി, ആദ്യത്തെ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് എന്നിവയെല്ലാം ആരംഭിച്ചത് കേരളത്തിലാണ്. ഒന്നാം പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ഐ.ടി രംഗത്തെ കയറ്റുമതി 34,123 കോടി രൂപയായിരുന്നത് ഇപ്പോള്‍ 90,000 കോടി രൂപ കടന്നു. 2016-ല്‍ സര്‍ക്കാര്‍ ഐ.ടി. പാര്‍ക്കുകളില്‍ 78,068 പേരാണ് തൊഴിലെടുത്തിരുന്നത്. ഇപ്പോള്‍ 1,47,200 പേര്‍ ഇവിടെ ജോലി ചെയ്യുന്നു. രാജ്യത്തെ ആദ്യത്തെ ഐ.ടി. പാര്‍ക്കായ തിരുവനന്തപുരത്തെ ടെക്നോപാര്‍ക്കില്‍ ടോറസ് ഡൗണ്‍ടൗണ്‍ സംരംഭം യാഥാര്‍ത്ഥ്യമാകുന്നതും മികച്ച നേട്ടമാണ്.

മൂന്ന് ഐ.ടി. പാര്‍ക്കുകളിലായി 155.85 ലക്ഷം ച.അടി ബില്‍റ്റ് അപ് സ്പേസ് എന്നത് നിലവില്‍ 223 ലക്ഷം ച.അടി ബില്‍റ്റ് അപ് സ്പേസ് ആക്കി. 19,066 കോടി രൂപയുടെ സോഫ്റ്റ്വെയറുകളാണ് 2022-2023 സാമ്പത്തികവര്‍ഷത്തില്‍ കേരളത്തില്‍നിന്ന് കയറ്റുമതി ചെയ്യപ്പെട്ടത്.

തിരുവനന്തപുരം ടെക്നോപാര്‍ക്ക്, കൊച്ചി ഇന്‍ഫോപാര്‍ക്ക്, കോഴിക്കോട് സൈബര്‍ പാര്‍ക്ക് എന്നിവിടങ്ങള്‍ ഐ.ടി. ഹബ്ബുകളായി പ്രവര്‍ത്തിച്ച് സംസ്ഥാനത്തിന്റെ വികസനക്കുതിപ്പിന് വേഗം കൂട്ടുന്നു.

ടെക്നോപാര്‍ക്ക്, തിരുവനന്തപുരം കമ്പനികള്‍ 490, ജീവനക്കാര്‍ 75,000

ഇന്‍ഫോ പാര്‍ക്ക്, കൊച്ചി കമ്പനികള്‍ 328, ജീവനക്കാര്‍ 70,000

സൈബര്‍ പാര്‍ക്ക്, കോഴിക്കോട് കമ്പനികള്‍ 184, ജീവനക്കാര്‍ 2200 ഇതോടൊപ്പമാണ് ആഗോള ഐ.ടി സ്ഥാപനങ്ങളുടെ വരവും. 100 പേര്‍ക്ക് തൊഴില്‍ എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഐ.ബി.എം രണ്ട് വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ രണ്ടായിരത്തിലധികം ആളുകള്‍ക്ക് തൊഴില്‍ നല്‍കിയിരിക്കുന്നു. യു.എസ്.ടി ഗ്ലോബല്‍ പുതിയ കാമ്പസ് കേരളത്തില്‍ സ്ഥാപിക്കുന്നതോടെ കമ്പനിയുടെ ആഗോളതലത്തിലെ ജീവനക്കാരില്‍ 20 ശതമാനം പേരും കേരളത്തിലാകും. ടാറ്റ എലക്സിയുടെ 60 ശതമാനം ജീവനക്കാരും ഇപ്പോള്‍ തന്നെ കേരളത്തിലാണ്. ടി.സി.എസ്, ഡി-സ്പേസ്, സഫ്രാന്‍, സിസ്‌ട്രോം തുടങ്ങി വൈജ്ഞാനിക സമ്പദ്വ്യവസ്ഥയ്ക്ക് മുതല്‍കൂട്ടാകുന്ന അന്‍പതോളം വന്‍കിട കമ്പനികള്‍ കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുകയോ നിക്ഷേപവാഗ്ദാനം നല്‍കുകയോ ചെയ്തിട്ടുണ്ട്.

പവര്‍ 24/7

പവര്‍കട്ടും ലോഡ്‌ഷെഡ്ഡിങ്ങും പൂര്‍ണമായും ഒഴിവായ ഭരണമികവിലാണ് സംസ്ഥാനത്തെ വൈദ്യുതി മേഖല. ആഭ്യന്തര വൈദ്യുതി ഉല്പാദനത്തില്‍ കഴിഞ്ഞ എട്ടുവര്‍ഷംകൊണ്ട് 1679.169 മെഗാവാട്ടിന്റെ വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്. ജലവൈദ്യുത പദ്ധതികള്‍ വഴി 179.65 മെഗാവാട്ടും സൗരോര്‍ജം വഴി 1499.519 മെഗാവാട്ടുമാണ് ഉയര്‍ത്തിയത്. 2016-ല്‍ സൗരോര്‍ജ പദ്ധതികളുടെ സ്ഥാപിതശേഷി 16.499 ആയിരുന്നത് നിലവില്‍ 1516.018 മെഗാവാട്ട് ആയി വര്‍ദ്ധിപ്പിച്ചു. പുരപ്പുറ സൗരോര്‍ജ പദ്ധതി, സ്വകാര്യനിലയങ്ങള്‍, ഭൗമോപരിതല നിലയങ്ങള്‍, ഫ്‌ലോട്ടിങ്ങ് സോളാര്‍ പദ്ധതികള്‍ അടക്കം ഇതില്‍പെടുന്നു. ജലവൈദ്യുത ഉല്പാദനരംഗത്തും ദ്രുതഗതിയിലുള്ള വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ആഭ്യന്തര ഉല്പാദനം മെച്ചപ്പെടുത്താന്‍ നടപടി സ്വീകരിച്ചതിന്റെ ഭാഗമായി 179.65 മെഗാവാട്ടിന്റെ ജലവൈദ്യുത പദ്ധതികളാണ് സംസ്ഥാനത്ത് കഴിഞ്ഞ എട്ടര വര്‍ഷങ്ങള്‍ക്കുള്ളില്‍ (2016-2024) പൂര്‍ത്തിയാക്കിയത്. ഇതില്‍ വൈദ്യുതിബോര്‍ഡ് നേരിട്ട് 150.60 മെഗാവാട്ടും സ്വകാര്യസംരംഭകര്‍ മുഖേന 29.05 മെഗാവാട്ടും പൂര്‍ത്തിയാക്കി.

സംസ്ഥാനത്തിന്റെ പ്രസരണ ഇടനാഴി 220 കിലോവാട്ട് ആയിരുന്നത് 400 കിലോവാട്ടിലേക്ക് ഉയര്‍ത്താന്‍ 10,000 കോടിയുടെ ട്രാന്‍സ്ഗ്രിഡ് പദ്ധതിയാണ് നടപ്പാക്കിയത്. ഇതിന്റെ ഭാഗമായി തൃശൂര്‍-അരീക്കോട് 400 കെ.വി. ലൈന്‍ 2019-ല്‍ കമ്മിഷന്‍ ചെയ്തു. ഇടമണ്‍-കൊച്ചി പവര്‍ ഹൈവേ, തിരുനെല്‍വേലി-ഇടമണ്‍ 400 കെ.വി. അന്തര്‍സംസ്ഥാന കോറിഡോര്‍, തമിഴ്നാട്ടിലെ പുഗലൂര്‍-തൃശൂര്‍ എച്ച്. വി.ഡി.സി ലൈനും പൂര്‍ത്തിയാക്കി. അരീക്കോട് നിന്ന് മാനന്തവാടി വഴി കാസര്‍കോഡുവരെ 400 കെ.വി. ഗ്രീന്‍ കോറിഡോര്‍ സ്ഥാപിക്കാനുള്ള നടപടികളും ഉഡുപ്പി-കാസര്‍കോഡ് 400 കെ.വി. അന്തര്‍സംസ്ഥാന പ്രസരണലൈന്‍ നിര്‍മാണവും പുരോഗമിക്കുന്നു.

വരും വര്‍ഷങ്ങളില്‍ ഏകദേശം 1500 കെ.വി. വന്‍കിട ജലവൈദ്യുതി പദ്ധതികളില്‍നിന്നും കണ്ടെത്താന്‍ ഉദ്ദേശിക്കുന്നു. 800 കെ.വി സ്ഥാപിതശേഷിയുമായി ഇടുക്കി പദ്ധതിയുടെ രണ്ടാം ഘട്ടം, 240 കെ.വി. ശേഷിയില്‍ ലക്ഷ്മി പദ്ധതി, 450 കെ.വി. ശേഷിയുള്ള ശബരിഗിരി എക്സ്റ്റെന്‍ഷന്‍ പദ്ധതി എന്നിവ ഇതില്‍ പെടുന്നു. നിലവില്‍ 187.536 കെ.വി ശേഷിയുള്ള 10 ജലവൈദ്യുത പദ്ധതികളുടെ നിര്‍മാണം നടന്നുവരുന്നു. കൂടാതെ 92 കെ.വി. ശേഷിയുള്ള ചെറുകിട പദ്ധതികളും 2030-നുള്ളില്‍ പൂര്‍ത്തീകരിക്കും.

60 മെഗാവാട്ട് ശേഷിയുള്ള പള്ളിവാസല്‍ വിപുലീകരണ പദ്ധതി (വാര്‍ഷിക വൈദ്യുതി ഉല്പാദനം-153.9 ദശലക്ഷം യൂണിറ്റ്) പരീക്ഷണാടിസ്ഥാനത്തില്‍ വൈദ്യുതി ഉല്പാദനം ആരംഭിച്ചു.

24 മെഗാവാട്ട് ശേഷിയുള്ള ചിന്നാര്‍ (വാര്‍ഷിക വൈദ്യുതി ഉല്പാദനം 76.45 ദശലക്ഷം യൂണിറ്റ്) ഈ വര്‍ഷം പൂര്‍ത്തിയാക്കും. ഒന്നര ദശാബ്ദത്തിലധികമായി നിര്‍മാണം ഇഴഞ്ഞുനീങ്ങുകയായിരുന്ന 40 മെഗാവാട്ട് ശേഷിയുള്ള തൊട്ടിയാര്‍ ജലവൈദ്യുത പദ്ധതി പൂര്‍ത്തീകരിച്ചു.

തൊഴിലാണ് ശക്തി

രാജ്യത്തെത്തന്നെ ഏറ്റവും മികച്ച തൊഴിലാളി സൗഹൃദ-തൊഴില്‍ സൗഹൃദ സംസ്ഥാനമാണ് കേരളം. തൊഴിലാളി താല്പര്യം സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് സ്വീകരിച്ചുപോരുന്നത്. വിവിധ മേഖലകളില്‍ മിനിമം വേതനം നടപ്പാക്കി. തൊഴില്‍തര്‍ക്കങ്ങള്‍ കുറഞ്ഞു. മികച്ച വ്യവസായ അനുകൂല അന്തരീക്ഷമാണ് സംസ്ഥാനത്തുള്ളത്. തൊഴിലാളികള്‍ക്ക് സാമൂഹിക സുരക്ഷിതത്വം ഉറപ്പാക്കാനുള്ള പദ്ധതികളിലും സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നു.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച 2023-2024-ലെ ഇന്ത്യന്‍ സ്റ്റേറ്റ്സ് സംബന്ധിച്ച സ്ഥിതിവിവരക്കണക്കുകളുടെ ഹാന്‍ഡ്ബുക്ക് പ്രകാരം, ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന ഗ്രാമീണ തൊഴിലാളി വേതനമുള്ള സംസ്ഥാനമായി കേരളം അംഗീകരിക്കപ്പെട്ടിട്ടുണ്ട്. നിര്‍മാണ, കാര്‍ഷിക, കാര്‍ഷികേതര മേഖലകളില്‍ ഉള്‍പ്പെടുന്ന കേരളത്തിലെ ഗ്രാമീണ തൊഴിലാളികള്‍ ദേശീയ ശരാശരിയെക്കാള്‍ ഗണ്യമായി വരുമാനം നേടുന്നു. ഗ്രാമീണ മേഖലയില്‍ കെട്ടിടനിര്‍മാണ തൊഴിലാളികള്‍ക്ക് 893.6 രൂപ, കര്‍ഷകത്തൊഴിലാളികള്‍ക്ക് 807.2 രൂപ, കാര്‍ഷികേതര തൊഴിലാളികള്‍ക്ക് 735 രൂപ എന്നിങ്ങനെയാണ് കേരളത്തില്‍ ശരാശരി ദിവസക്കൂലി. ദേശീയ ശരാശരിയുടെ ഇരട്ടിയോളമാണിത്. കെട്ടിടനിര്‍മാണ തൊഴിലാളികളുടെ ദിവസക്കൂലി ദേശീയ ശരാശരി 417.3 രൂപയും കര്‍ഷകത്തൊഴിലാളികളുടേത് 372.7 രൂപയും കാര്‍ഷികേതര തൊഴിലാളികളുടേത് 371.4 രൂപയുമാണ്.

തൊഴില്‍നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കി തൊഴിലാളികള്‍ക്ക് എല്ലാ ആനുകൂല്യങ്ങളും തൊഴില്‍സുരക്ഷയും ഉറപ്പാക്കാന്‍ തൊഴില്‍വകുപ്പ് ശക്തമായ ഇടപെടലുകള്‍ നടത്തുന്നുണ്ട്. തൊഴില്‍മേഖലയിലെ തര്‍ക്കങ്ങള്‍ കേരളത്തില്‍ തുലോം കുറവാണ്. രാജ്യത്തുതന്നെ പൊതുമേഖലാനിയമനങ്ങള്‍ ഏറ്റവും കൂടുതല്‍ നടക്കുന്ന സംസ്ഥാനമാണ് കേരളം. 85 മേഖലകളില്‍ മിനിമം വേതനം പ്രഖ്യാപിച്ച ഏക സംസ്ഥാനവും കേരളമാണ്. ഇന്ത്യ റേറ്റിങ്‌സ് ആന്‍ഡ് റിസര്‍ച്ചിന്റെ പഠനത്തിലും സംസ്ഥാനം തൊഴില്‍മേഖലയില്‍ കൂടുതല്‍ വളര്‍ച്ച കൈവരിച്ചതായി കണ്ടെത്തിയിരുന്നു.

മതേതരം,ക്രമസമാധാനം

ദേശീയതലത്തില്‍തന്നെ ഏറ്റവും നല്ല ക്രമസമാധാന നിലയുള്ള സംസ്ഥാനമായി കേരളം വിലയിരുത്തപ്പെട്ടിട്ടുണ്ട്. മറ്റു പല സംസ്ഥാനങ്ങളുടെ താരതമ്യത്തില്‍ വര്‍ഗീയകലാപങ്ങളില്ലാത്ത നാടാണ് കേരളം. കുറ്റാന്വേഷണ മികവില്‍ ദേശീയതലത്തില്‍തന്നെ മുന്‍നിരയിലുള്ള സംസ്ഥാന പൊലീസ് പോയവര്‍ഷം തെളിയിച്ച പ്രമുഖ കേസുകള്‍ വലിയ വാര്‍ത്തയായതാണ്. അന്തര്‍സംസ്ഥാന ലഹരിക്കടത്ത് സംഘത്തലവനെ ഒഡീഷയില്‍നിന്ന് പിടികൂടി. കേരളം കണ്ട ഏറ്റവും വലിയ ആസൂത്രിത എ.ടി.എം കൊള്ള നടത്തിയ പ്രതികളെ തൃശൂര്‍ പൊലീസ് പിടികൂടി. സൈബര്‍തട്ടിപ്പിലൂടെ നാലു കോടി രൂപ അപഹരിച്ച പ്രതികളെ രാജസ്ഥാനില്‍നിന്ന് കോഴിക്കോട് സിറ്റി സൈബര്‍പൊലീസ് പിടികൂടി. കണ്ണൂര്‍ വളപട്ടണത്ത് വ്യാപാരിയുടെ വീട്ടില്‍നിന്ന് ഒരു കോടി രൂപയും 300 പവന്‍ സ്വര്‍ണവും കവര്‍ന്ന കേസിലെ പ്രതിയെ കണ്ണൂര്‍ സിറ്റി പൊലീസ് വിദഗ്ദ്ധമായി പിടികൂടി. ഇപ്പോള്‍ വ്യാപകമായ വെര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പിന്റെ മുഖ്യ പ്രതിയെ ബംഗാളില്‍നിന്ന് കേരള പൊലീസ് പിടികൂടി. കാസര്‍കോഡ് പുച്ചക്കാട് സ്വദേശിയായ വ്യാപാരിയില്‍നിന്നും മന്ത്രവാദത്തിന്റെ പേരില്‍ അഞ്ചു കിലോഗ്രാം സ്വര്‍ണം തട്ടിയെടുത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ പൊലീസ് അറസ്റ്റു ചെയ്തു.

ക്രമസമാധാനപാലനം തങ്ങളുടെ കൂടെ ആവശ്യമാണെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ പൊതുജനങ്ങള്‍ പൊലീസിന്റെ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുന്ന അന്തരീക്ഷമാണ് കേരളത്തിലുള്ളത്. സംസ്ഥാനത്തെ ഏറ്റവും വലിയ എം.ഡി.എം.എ വേട്ടയില്‍ 3.407 കിലോഗ്രാം എം.ഡി.എം.എയും പ്രതിയേയും കാസര്‍കോഡ് പൊലീസ് പിടികൂടി. രാജ്യത്ത് ആദ്യമായി മയക്കുമരുന്ന് നിര്‍മാണകേന്ദ്രം ഹൈദരാബാദില്‍നിന്ന് കണ്ടെത്തുകയും ഉടമസ്ഥനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കേരളാപൊലീസാണ് അത് ചെയ്തത്. 7.64 കോടി രൂപയുടെ കേരളത്തിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ തട്ടിപ്പിന്റെ മുഖ്യപ്രതികളെ ആലപ്പുഴ ജില്ലാ ക്രൈംബ്രാഞ്ച് പിടികൂടി. ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഭീതിപടര്‍ത്തിയ കുറുവ സംഘാംഗത്തെ അറസ്റ്റ് ചെയ്തു. ചെറുവണ്ണൂര്‍ ജ്വല്ലറി കവര്‍ച്ചാക്കേസ് പ്രതികളെ നേപ്പാള്‍ അതിര്‍ത്തിയില്‍നിന്നും പൊലീസ് അറസ്റ്റ് ചെയ്തു. ഇത് ഏതാനും ഉദാഹരണങ്ങള്‍ മാത്രം. കഴിഞ്ഞ ദിവസം കോടതി പ്രതിക്ക് വധശിക്ഷ വിധിച്ച ഷാരോണ്‍ വധക്കേസ് പൊലീസിന്റെ കുറ്റാന്വേഷണ മികവിന്റെ മറ്റൊരുദാഹരണമാണ്.

Kerala chief minister speech at K-Smart inauguration
കെ സ്മാർട്ടിന്റെ ഉദ്ഘാടന വേളയിൽ മുഖ്യമന്ത്രി പിണറായി വിജയൻ (pinarayi government )

സൈബര്‍ സുരക്ഷയിലും മുന്നില്‍

ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഉപയോഗിച്ചുളള കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനം സംസ്ഥാനത്തൊട്ടാകെ വ്യാപിപ്പിച്ചു. ആദ്യഘട്ടത്തില്‍ തിരുവനന്തപുരത്തും തുടര്‍ന്ന് കൊച്ചി, തൃശൂര്‍, കോഴിക്കോട് എന്നീ സിറ്റികളിലും മാത്രമായിരുന്നു സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷന്‍ ഉണ്ടായിരുന്നത്. റേഞ്ച് അടിസ്ഥാനത്തിലായിരുന്നു അവയുടെ പ്രവര്‍ത്തനം. സംസ്ഥാനത്ത് സൈബര്‍ അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവന്ന പശ്ചാത്തലത്തില്‍ എല്ലാ ജില്ലകളിലും സൈബര്‍ പൊലീസ് സ്റ്റേഷനുകള്‍ സ്ഥാപിച്ചു. സര്‍ക്കാരിന്റെ നൂറുദിവസത്തെ കര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്തി 2020 നവംബറില്‍ മറ്റ് പതിനഞ്ചു പൊലീസ് ജില്ലകളില്‍കൂടി സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനുകള്‍ സ്ഥാപിച്ചതോടെ സംസ്ഥാനത്തെ എല്ലാ പൊലീസ് ജില്ലകളിലും സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനുകള്‍ നിലവില്‍ വന്നു.

സാങ്കേതികപരിജ്ഞാനവും യോഗ്യതയും അന്വേഷണവൈദഗ്ദ്ധ്യവുമുള്ള പൊലീസ് ഉദ്യോഗസ്ഥരെയാണ് ഓരോ സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനിലും നിയോഗിച്ചിരിക്കുന്നത്. സൈബര്‍ കുറ്റകൃത്യങ്ങള്‍ കണ്ടുപിടിക്കാനുള്ള അത്യന്താധുനിക സംവിധാനങ്ങളും എല്ലാ പൊലീസ് സ്റ്റേഷനിലുമുണ്ട്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെ സാമൂഹ്യമാധ്യമങ്ങള്‍ വഴിയുള്ള അതിക്രമങ്ങള്‍, ഓണ്‍ലൈന്‍ തട്ടിപ്പ് എന്നിങ്ങനെയുള്ള സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ സൈബര്‍ പൊലീസ് സജ്ജമാണ്. അത്യാധുനിക ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഉള്‍പ്പെടെയുളള സംവിധാനങ്ങള്‍ ഉപയോഗിച്ച് സാങ്കേതികരംഗത്തെ വിസ്മയകരമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് കേരളാപൊലീസിന്റെ സൈബര്‍ ഡോം സംഘവും ഈ മേഖലയില്‍ അതീവ ജാഗ്രത കാഴ്ചവയ്ക്കുന്നു.

ദളിതര്‍ക്ക് കിടപ്പാടം

എട്ട് വര്‍ഷംകൊണ്ട് 8278 പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കായി 4138 ഏക്കര്‍ ഭൂമിവിതരണം ചെയ്തതിന്റെ അഭിമാനനേട്ടത്തിലാണ് പട്ടികജാതി-പട്ടികവര്‍ഗ വികസനവകുപ്പ്. ലാന്‍ഡ് ബാങ്ക് പദ്ധതി, നിക്ഷിപ്ത വനഭൂമി വിതരണം, വനാവകാശനിയമം എന്നിവ പ്രകാരമാണ് ഭൂമി വിതരണം ചെയ്യാനായത്. എല്ലാ പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കും ഭൂമിയുളള രാജ്യത്തെ ആദ്യ ജില്ലയാണ് തിരുവനന്തപുരം. എല്ലാവര്‍ക്കും സ്വന്തമായി ഭൂമി എന്ന നയം സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഭൂരഹിത പുനരധിവാസ പദ്ധതിക്ക് അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി 55-ല്‍ നിന്നും 70 ആക്കി ഉയര്‍ത്തുകയും വരുമാനപരിധി 50,000-ല്‍നിന്നും 1,00,000 രൂപയായി ഉയര്‍ത്തുകയും ചെയ്തു. ഈ മൂന്ന് വര്‍ഷത്തിനിടെ 4811 പട്ടികവര്‍ഗ കുടുംബങ്ങള്‍ ലൈഫ് വീടുകള്‍ പൂര്‍ത്തിയാക്കി. ഇതേവരെ ലൈഫ് പദ്ധതിയിലൂടെ പട്ടികവര്‍ഗ വിഭാഗത്തില്‍ 39,998 വീടുകള്‍ പൂര്‍ത്തിയായി. ഇതിനുപുറമേ ട്രൈബല്‍ പുനരധിവാസ മിഷനില്‍ ഉള്‍പ്പെട്ട 1806 വീടുകളുമടക്കം ആകെ 1,40121 വീടുകള്‍ എട്ട് വര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കി. 2023-2024-ല്‍ ട്രൈബല്‍ പുനരധിവാസ മിഷനില്‍ വീടുകള്‍ക്കായി 9.22 കോടി രൂപയാണ് ചെലവഴിച്ചത്. അനുവദിച്ച വീടുകളില്‍ 94 പൂര്‍ത്തിയായി. 1025 എണ്ണം പൂര്‍ത്തീകരിച്ചുവരുന്നു. കേവലമൊരു നിര്‍മിതിക്കു പകരം, അടച്ചുറപ്പും പൂര്‍ണ സുരക്ഷിതത്വവും എല്ലാ സൗകര്യങ്ങളുമുള്ള വീടുകള്‍ പട്ടികവിഭാഗ ജനതയ്ക്ക് ഒരുക്കുന്നതിനായി ഈ സര്‍ക്കാര്‍ ആവിഷ്‌കരിച്ച പ്രധാന പദ്ധതിയാണ് സേഫ്. പട്ടികവര്‍ഗക്കാര്‍ക്കായി 364 സാമൂഹ്യ പഠനമുറികള്‍ ഇതുവരെ പൂര്‍ത്തീകരിക്കാനായി.

റോഡാണ് ജീവനാഡി

നാടിന്റെ വലിയ പ്രതീക്ഷകളിലൊന്നായ ദേശീയപാത 66-ന്റെ പ്രവൃത്തി - അതിവേഗം പുരോഗമിക്കുകയാണ്. 5580 കോടി രൂപ കേരളം സ്ഥലം ഏറ്റെടുക്കലിന് കേന്ദ്രത്തിന് നല്‍കി. തിരുവനന്തപുരം ബൈപാസ്, കഴക്കൂട്ടം ഫ്‌ലൈ ഓവര്‍. പാലൊളി - മൂരാട് പാലങ്ങള്‍, നീലേശ്വരം റെയില്‍വേ ഓവര്‍ ബ്രിഡ്ജ് എന്നീ പ്രവൃത്തികള്‍ പൂര്‍ത്തിയായി. മലപ്പുറം ജില്ലയില്‍ ദേശീയ പാത വികസനം അന്തിമഘട്ടത്തിലേക്ക്. വെങ്ങളം - രാമനാട്ടുകര, തലപ്പാടി - ചെങ്കള റീച്ചുകളും അന്തിമഘട്ടത്തില്‍. അരൂര്‍ - തുറവൂര്‍ ഫ്‌ലൈഓവര്‍ പ്രവൃത്തിയും അതിവേഗം പുരോഗമിക്കുന്നു.

ഏറെക്കാലമായി ഇഴഞ്ഞുനീങ്ങുകയായിരുന്ന കുതിരാന്‍ ടണല്‍ പ്രവൃത്തി പൂര്‍ത്തിയാക്കി. കൃത്യമായ ആസൂത്രണത്തോടെ നടത്തിയ ഏകോപിത പ്രവര്‍ത്തനങ്ങളിലൂടെയാണ് കുതിരാന്‍ ടണല്‍ പൂര്‍ത്തിയാക്കിയത്. മൂന്നാര്‍ - ബോഡിമേറ്റ്, നാട്ടുകാല്‍ - താണാവ് എന്നീ ദേശീയപാത പ്രവൃത്തിയും പൂര്‍ത്തീകരിച്ചു.

കൂടുതല്‍ ദേശീയപാത പ്രവൃത്തികള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ ധനപരമായ പങ്കാളിത്തം ഉറപ്പാക്കിയിട്ടുണ്ട്. തിരുവനന്തപുരം ഔട്ടര്‍ റിംഗ് റോഡ്, എറണാകുളം ബൈപാസ്, കൊല്ലം ചെങ്കോട്ട ഗ്രീന്‍ ഫീല്‍ഡ് എന്നീ പാതകള്‍ക്ക് മാത്രമായി 2370.59 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയാണ് കേരളം വഹിക്കാന്‍ തീരുമാനിച്ചത്. എറണാകുളം ബൈപാസ് (ചഒ 544), കൊല്ലം - ചെങ്കോട്ട ഗ്രീന്‍ഫീല്‍ഡ് (NH 744) എന്നീ രണ്ടു പാത നിര്‍മാണങ്ങള്‍ക്കായി 741.35 കോടി രൂപയുടെ സാമ്പത്തിക ബാധ്യത. ഔട്ടര്‍ റിംഗ് റോഡ് നിര്‍മാണത്തിനായി 1629.24 കോടി രൂപയുടെ പാക്കേജ്. ഭൂമി ഏറ്റെടുക്കലിന്റെ അന്‍പത് ശതമാനം തുകയായ 930.41 കോടി രൂപ സംസ്ഥാനം വഹിക്കും. ഈ തുക കിഫ്ബിയില്‍നിന്നും അനുവദിക്കും. സര്‍വീസ് റോഡ് നിര്‍മാണത്തിന് 477.33 കോടി രൂപയും സംസ്ഥാനമാണ് വഹിക്കുക. ഈ തുക സംസ്ഥാനം അഞ്ച് വര്‍ഷത്തിനകം നല്‍കും. ചരക്ക് സേവന നികുതി ഇനത്തില്‍ 210.63 കോടി രൂപയും റോയല്‍റ്റി ഇനത്തില്‍ 10.87 കോടി രൂപയും ഒഴിവാക്കി സംസ്ഥാനം അധികബാധ്യത വഹിക്കാനും തീരുമാനിച്ചു.

ഇതോടെ ഈ മൂന്നു പാതകളുടെ ഭൂമി ഏറ്റെടുക്കലും വേഗത്തിലായി. ഇതോടൊപ്പം പാലക്കാട് - കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് പാതയുടെ ഭൂമി ഏറ്റെടുക്കലും പുരോഗമിക്കുന്നു. എന്‍.എച്ച്. 766 (കോഴിക്കോട് - മുത്തങ്ങ), എന്‍.എച്ച് 185-ല്‍ അടിമാലി-കുമളി, എന്‍.എച്ച്. 183-ല്‍ മുണ്ടക്കയം - കുമളി എന്നീ പാതകളുടെ നവീകരണം സാധ്യമാക്കുന്നതിന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയവുമായി ചര്‍ച്ചകള്‍ തുടരുകയാണ്. കേരളത്തിലെ ദേശീയപാതാ വികസനം സംബന്ധിച്ച വിശദമായ നിര്‍ദേശങ്ങള്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ തന്നെ കേന്ദ്രത്തിന് കൈമാറിയിട്ടുണ്ട്.

ചുരംപാത 3 വളവുകള്‍ കൂടി വീതി കൂട്ടും

വയനാട്ടിലേക്ക് ഉള്ള താമരശ്ശേരി ചുരം റോഡിലെ മൂന്ന് ഹെയര്‍പിന്‍ വളവുകള്‍കൂടി വീതികൂട്ടി നിവര്‍ത്തുന്നതിന് ഭരണാനുമതിയായി. കേരള പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ ആറ്, ഏഴ്, എട്ട് വളവുകളാണ് നവീകരിക്കുക. ഇതിനായി, പി.ഡബ്ല്യു.ഡി നല്‍കിയ എസ്റ്റിമേറ്റ് പ്രകാരം 37.16 കോടി രൂപ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അനുവദിച്ചു. മൂന്ന്, അഞ്ച് വളവുകളുടെ നവീകരണം നേരത്തേ പൂര്‍ത്തിയാക്കിയിരുന്നു.

സംസ്ഥാന പൊതുമരാമത്ത് വകുപ്പ് നിര്‍മിക്കുന്ന മലയോരപാതയുടെ നിര്‍മാണം പൂര്‍ത്തിയായ റീച്ചിന്റെ 34 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കോടഞ്ചേരി-കക്കാടംപൊയില്‍ റീച്ച് തുറന്നു. 195 കോടി ചെലവിട്ടാണ് റീച്ചിന്റെ പണി പൂര്‍ത്തിയാക്കിയത്. കേരള റോഡ് ഫണ്ട് ബോര്‍ഡാണ് പദ്ധതിയുടെ നിര്‍വഹണ ഏജന്‍സി.

ആലപ്പുഴ ഒഴികെയുള്ള 13 ജില്ലകളിലൂടെയും കടന്നുപോകുന്ന മലയോരപാത കാസര്‍കോട്ടെ നന്ദാരപ്പടവു മുതല്‍ തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല വരെ വ്യാപിച്ചുകിടക്കുന്നതും തന്ത്രപ്രധാന സ്ഥലങ്ങളെ ബന്ധിപ്പിക്കുന്നതുമായ റോഡാണ്. കേരളത്തിലെ ഏറ്റവും നീളം കൂടിയ സംസ്ഥാന പാതയായ എസ്.എച്ച് 59 ആണ് മലയോരപാതയായി നാമകരണം ചെയ്തത്.

സര്‍ക്കാര്‍ അംഗീകരിച്ച അലൈന്‍മെന്റ് പ്രകാരം ഇതിന്റെ ആകെ നീളം 1,166 കിലോമീറ്ററാണ്. 54 റീച്ചുകളിലായി നടത്തുന്ന നിര്‍മാണപ്രവൃത്തികള്‍ക്ക് കിഫ്ബിയാണ് ധനസഹായം നല്‍കുന്നത്. 793.68 കിലോമീറ്റര്‍ റോഡിന് 3593 കോടി രൂപയുടെ സാമ്പത്തിക അനുമതിയാണ് കിഫ്ബി നല്‍കിയിരിക്കുന്നത്. 506.73 കിലോമീറ്റര്‍ സാങ്കേതികാനുമതി നല്‍കി, ടെന്‍ഡര്‍ ചെയ്യുകയും അതില്‍ 481.13 കിലോമീറ്റര്‍ പ്രവൃത്തിക്കരാറില്‍ ഏര്‍പ്പെട്ട് ആരംഭിച്ചു. 166.08 കി.മീ. റോഡിന്റെ നിര്‍മാണം ഇതുവരെ പൂര്‍ത്തിയായി. 1288 കോടി രൂപ ഇതുവരെ മലയോര പാതയുടെ പ്രവൃത്തികള്‍ക്കായി ചെലവഴിച്ചിട്ടുണ്ട്. ഏകദേശം 250 കിലോമീറ്റര്‍ മലയോര ഹൈവേയുടെ നിര്‍മാണം 2025 ഡിസംബറോടെ പൂര്‍ത്തിയാക്കുന്നതിനാണ് ലക്ഷ്യം.

12 മീറ്റര്‍ വീതിയില്‍ രണ്ടുവരിയായി പൂര്‍ണമായും ബി.എം.ബി.സി നിലവാരത്തില്‍ നിര്‍മിക്കുന്ന മലയോരപാതയില്‍ മെച്ചപ്പെട്ട റോഡ് പ്രതലവും മാര്‍ക്കിങ്ങുകളും അടിസ്ഥാന സുരക്ഷാസംവിധാനങ്ങളും ഉണ്ടാകും. റോഡിന്റെ അടിത്തറ ശക്തിപ്പെടുത്തി കൂടുതല്‍ കാലം നിലനില്‍ക്കുന്ന ഫുള്‍ ഡെപ്ത് റെക്ലമേഷന്‍ (എഫ്.ഡി.ആര്‍) ഉള്‍പ്പെടെയുള്ള നൂതന സാങ്കേതികവിദ്യകള്‍ മലയോരപാതയുടെ നിര്‍മാണത്തില്‍ ഉപയോഗിച്ചിട്ടുണ്ട്.

വിനോദം മാത്രമല്ല സഞ്ചാരം

ഉത്തരവാദിത്വ ടൂറിസം മേഖലയില്‍ വലിയ കുതിപ്പാണ് കേരളം നേടിയത്. ഉത്തരവാദിത്വ ടൂറിസത്തിന്റെ പുതിയ മാതൃകകള്‍ കേരളം സൃഷ്ടിച്ചു. എക്സ്പീരിയന്‍ഷ്യല്‍ ടൂറിസം വികാസം പ്രാപിക്കുന്ന കാലമാണ് ഇത്. ഈ സാധ്യതകളെ ഫലപ്രദമായി ഉപയോഗിക്കാനുള്ള കേരളത്തിന്റെ വഴിയാണ് ഉത്തരവാദിത്വ ടൂറിസം പ്രവര്‍ത്തനങ്ങള്‍. ഇതിനായി വൈവിധ്യമാര്‍ന്ന പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കി വരികയാണ്. കേരളത്തില്‍ വിവിധ സ്ഥലങ്ങളിലായി 140 എക്സ്പീരിയന്‍ഷ്യല്‍ ടൂര്‍ പാക്കേജുകള്‍ നല്‍കുന്നു. വില്ലേജ് ടൂറിസം, കള്‍ച്ചറല്‍ ടൂറിസം, ഫെസ്റ്റിവല്‍ ടൂറിസം, ഫാം/അഗ്രി ടൂറിസം, പൈതൃക ടൂറിസം, ഫുഡ് ടൂറിസം തുടങ്ങിയവയുടെ സാധ്യതകളെയാണ് ഉത്തരവാദിത്വ ടൂറിസം ശക്തിപ്പെടുത്തുന്നത്. ഇതിനായി മാതൃകാ ഉത്തരവാദിത്വ ടൂറിസം കേന്ദ്രം, പെപ്പര്‍, സ്ട്രീറ്റ്, അഗ്രി ടൂറിസം നെറ്റ്വര്‍ക്ക് പോലുള്ള പദ്ധതികള്‍ നടപ്പിലാക്കുന്ന ഉത്തരവാദിത്വ ടൂറിസത്തിന്റെ ഏറ്റവും വലിയ നേട്ടം അതിലെ സ്ത്രീപങ്കാളിത്തമാണ്. ടൂറിസത്തിലൂടെ പ്രാദേശിക സമ്പദ്വ്യവസ്ഥിതിയുടെ വളര്‍ച്ചയ്‌ക്കൊപ്പം സ്ത്രീ ശാക്തീകരണത്തിന്റെ വേദി കൂടിയായി അത് മാറുകയാണ്. അതിന്റെ തുടര്‍ച്ചയായി സ്ത്രീസൗഹാര്‍ദ ടൂറിസം പദ്ധതിക്കും രൂപം നല്‍കി. ഒന്നര ലക്ഷം കുടുംബങ്ങള്‍ ഉത്തരവാദിത്വ ടൂറിസം മാതൃകയില്‍ പ്രത്യക്ഷമായും പരോക്ഷമായും പങ്കാളികളാണ്. ഉത്തരവാദിത്വ ടൂറിസം മിഷനില്‍ രജിസ്റ്റര്‍ ചെയ്ത യൂണിറ്റുകളില്‍ 17632 (70 ശതമാനം) യൂണിറ്റുകള്‍ സ്ത്രീകളുടെ ഉടമസ്ഥതയിലുള്ളതോ സ്ത്രീകള്‍ നയിക്കുന്നതോ ആണ്. 2017-2018-ല്‍ 4.51 കോടിയായിരുന്നു വരുമാനമെങ്കില്‍ 2024-2025 (2024 ഡിസംബര്‍ 31 വരെ): 21.15 കോടിയായി അത് വര്‍ദ്ധിച്ചു.

കേരളത്തിന്റെ ഉത്തരവാദിത്വ ടൂറിസം പ്രവര്‍ത്തനങ്ങള്‍ ലോകമെങ്ങും അംഗീകരിക്കപ്പെടുന്നു. നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങളാണ് ഈ മേഖലയില്‍ നമുക്ക് ലഭിച്ചത്. ഈ വര്‍ഷം ബേപ്പൂര്‍ സമഗ്ര ഉത്തരവാദിത്വ ടൂറിസം പദ്ധതിക്ക് ദേശീയ തലത്തില്‍ അംഗീകാരം ലഭിച്ചു. കടലുണ്ടി, കുമരകം എന്നിവ മികച്ച ടൂറിസം വില്ലേജുകളായി ദേശീയതലത്തില്‍ അംഗീകാരം നേടി. ലോക ടൂറിസം മാര്‍ട്ടില്‍ സ്ട്രീറ്റ് പദ്ധതിക്കും അവാര്‍ഡ് ലഭിച്ചു.

ബാങ്ക് എന്ന പ്രതീക്ഷ

2019 നവംബര്‍ 29-ന് നിലവില്‍ വന്ന കേരള ബാങ്കിന്റെ വായ്പാ ബാക്കിനില്‍പ് ബാങ്കിന്റെ ചരിത്രത്തിലാദ്യമായി 50000 കോടി രൂപ പിന്നിട്ടു. വ്യക്തികളും പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളും ഉള്‍പ്പെട്ട ഉപഭോക്താക്കള്‍ക്കാണ് ഇത്രയും തുക വിതരണം ചെയ്തിരിക്കുന്നത്. മറ്റ് ബാങ്കുകളില്‍നിന്നും വ്യത്യസ്തമായി കേരളത്തില്‍നിന്നും സ്വരൂപിക്കുന്ന നിക്ഷേപം കേരളത്തില്‍ തന്നെ വായ്പയായി വിതരണം ചെയ്ത് സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് കൂടുതല്‍ കരുത്തേകുന്നു എന്നതാണ് ഈ വായ്പയുടെ പ്രത്യേകത. നിലവില്‍ കേരള ബാങ്കിന്റെ വായ്പാ-നിക്ഷേപ അനുപാതം 75 ശതമാനമാണ്. ഇത് സംസ്ഥാനത്തെ മറ്റു ബാങ്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഉയര്‍ന്ന നിലവാരമാണ്. മൊത്തം വായ്പയില്‍ 25 ശതമാനം കാര്‍ഷിക മേഖലയിലും 25 ശതമാനം പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണസംഘങ്ങള്‍ക്കുമാണ് വിതരണം ചെയ്തിട്ടുള്ളത്. കേരളത്തിന്റെ ഗ്രാമീണ സാമ്പത്തിക മേഖലയുടേയും കാര്‍ഷിക, ചെറുകിട സംരംഭക മേഖലയുടെ വളര്‍ച്ചയ്ക്കും പരമാവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും കേരള ബാങ്ക് വായ്പകളിലൂടെ കഴിഞ്ഞിട്ടുണ്ട്. ചെറുകിട സംരംഭക മേഖലയ്ക്ക് മാത്രം മൊത്തം വായ്പയുടെ 12.30 ശതമാനം വായ്പ നല്‍കിയിട്ടുണ്ട്. 31-12-2024 പ്രകാരം 145099 വായ്പകളിലായി 6203 കോടി രൂപയാണ് ചെറുകിട സംരംഭക മേഖലയ്ക്ക് നല്‍കിയിട്ടുള്ളത്.

കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന 45 ബാങ്കുകളില്‍ വായ്പാ ബാക്കിനില്‍പ് 50000 കോടിക്ക് മുകളില്‍ എത്തിയ അഞ്ച് ബാങ്കുകളില്‍ ഒന്നായി കേരള ബാങ്ക് മാറി. കേരളം ആസ്ഥാനമായുള്ള ബാങ്കുകളില്‍ വായ്പാ ബാക്കിനില്‍പില്‍ 2-ാം സ്ഥാനം കേരള ബാങ്കിനാണ്. കേരളത്തിലെ മൊത്തം ബാങ്ക് വായ്പയുടെ 8.42 ശതമാനം കേരള ബാങ്ക് വഴി നല്‍കുന്ന വായ്പകളാണ്. രാജ്യത്തെ 33 സംസ്ഥാന സഹകരണ ബാങ്കുകളില്‍ 50,000 കോടി വായ്പ ബാക്കിനില്‍പ് പിന്നിട്ട ആദ്യ ബാങ്ക് കേരള ബാങ്കാണ്. രാജ്യത്തെ സംസ്ഥാന സഹകരണ ബാങ്കുകളിലെ നിക്ഷേപത്തിന്റെ 30 ശതമാനവും മൊത്തം വായ്പയുടെ 19 ശതമാനവും കേരള ബാങ്കിന്റെ സംഭാവനയാണ്. ഈ സാമ്പത്തിക വര്‍ഷം പുതിയതായി അനുവദിച്ച 16,000 കോടി രൂപയുടെ വായ്പയില്‍ 3000 കോടി രൂപ പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ക്കാണ് അനുവദിച്ചത്. നിക്ഷേപത്തില്‍ ഈ സാമ്പത്തിക വര്‍ഷം 1600 കോടി രൂപ വര്‍ദ്ധനവുണ്ട്.

പെണ്‍, ദളിത് സംവിധായകര്‍ക്കൊപ്പം

2019-ലാണ് വനിതാ സംവിധായകരുടെ ചലച്ചിത്രം നിര്‍മിക്കുന്ന പദ്ധതി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ചത്. കെ.എസ്.എഫ്.ഡി.സിക്കാണ് പദ്ധതിയുടെ നിര്‍വഹണ ചുമതല. വനിതാ സംവിധായകര്‍ നിര്‍മിക്കുന്ന രണ്ട് സിനിമകള്‍ക്കും എസ്.സി/എസ്.ടി വിഭാഗത്തിലുള്ളവര്‍ നിര്‍മിക്കുന്ന രണ്ട് സിനിമകള്‍ക്കും 1.5 കോടി രൂപ വീതം ധനസഹായം നല്‍കുന്നതാണ് പദ്ധതി. വനിതാസംവിധായകരുടെ ചിത്രങ്ങള്‍ക്കു പുറമെ, എസ്.സി/എസ്.ടി വിഭാഗത്തിലെ രണ്ട് പേരുടെ ചലച്ചിത്രങ്ങള്‍ക്കായി നിര്‍മിക്കുന്നതിനായി ബജറ്റില്‍ മൂന്ന് കോടി രൂപ കൂടി ചേര്‍ത്തു. സംസ്ഥാന സര്‍ക്കാരിന്റെ വനിതകളുടെ സംവിധാനത്തിലുള്ള സിനിമ പദ്ധതി പ്രകാരം കോര്‍പറേഷന്‍ നിര്‍മിക്കുന്ന ആറാമത്തെ ചലച്ചിത്രമാണ് ഇപ്പോള്‍ ചിത്രീകരണം നടക്കുന്നത്.

Pinarayi Vijayan, P Rajeev and Loknath Behara together in Kochi Water Metro
കൊച്ചി വാട്ടർ മെട്രോയിൽ സഞ്ചരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനും വ്യവസായ വകുപ്പ് മന്ത്രി പി രാജീവും, സമീപം വാട്ടർ മെട്രോ എംഡി ലോക്നാഥ് ബെഹ്റ ( pinarayi government )

ലഹരിവിപത്ത്, ലഹരിയാകരുത് ലഹരി

സമൂഹത്തെയാകെ ഉല്‍കണ്ഠപ്പെടുത്തുന്ന ഗൗരവതരമായ രണ്ടു വിഷയങ്ങളാണ് കുട്ടികളിലെ വര്‍ദ്ധിച്ചുവരുന്ന ആക്രമണോത്സുകതയും മാരകമായ മയക്കുമരുന്നുകളുടെ ഉപയോഗവും. ഭൗതിക കാരണങ്ങള്‍ മാത്രമല്ല, സാമൂഹിക - മാനസിക കാരണങ്ങള്‍ കൂടി ലഹരിവ്യാപനത്തിന് പിന്നിലുണ്ട്. ലഹരിവിപത്തിനെ ചെറുക്കാന്‍ എല്ലാ വിഭാഗം ജനങ്ങളേയും വിവിധ വകുപ്പുകളേയും സ്ഥാപനങ്ങളേയും ഏകോപിപ്പിച്ച് അതിശക്തമായ ക്യാമ്പയിനാണ് സംസ്ഥാന സര്‍ക്കാര്‍ നേതൃത്വം നല്‍കുന്നത്. നിലവിലുള്ള എല്ലാ ക്യാമ്പയിനുകളും സംയോജിപ്പിച്ച് 2025 ഏപ്രില്‍ മധ്യത്തോടെ സര്‍ക്കാര്‍ അതിവിപുലമായ ലഹരിവിരുദ്ധ കര്‍മപദ്ധതി അവതരിപ്പിക്കും.

വിദഗ്ദ്ധരുടേയും വിദ്യാര്‍ത്ഥി-യുവജന സംഘടനകളുടേയും സിനിമാ-സാംസ്‌കാരിക-മാധ്യമ മേഖലകളിലെ സംഘടനകളുടേയും അധ്യാപക-രക്ഷാകര്‍തൃ സംഘടനകളുടേയും യോഗം മാര്‍ച്ച് 30-ന് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന് നിര്‍ദേശങ്ങള്‍ സമാഹരിച്ചു. യുവജനങ്ങള്‍ക്കിടയിലെ ലഹരി ഉപയോഗവും വര്‍ദ്ധിച്ചുവരുന്ന അക്രമവാസനയും സൂക്ഷ്മമായി നിരീക്ഷിക്കാന്‍ 'തിങ്ക് ടാങ്ക്' രൂപീകരിച്ചു.

രാജ്യത്തിന്റെ പല ഭാഗങ്ങളിലായി വിമാനങ്ങളിലൂടെയും കപ്പലുകളിലൂടെയും കൊണ്ടിറക്കുന്ന മയക്കുമരുന്നുകള്‍ നമ്മുടെ സംസ്ഥാനത്തിന്റെ അതിര്‍ത്തി കടന്ന് ഇവിടേക്കു വരുന്നതു തടയാന്‍ ഭരണനടപടി ഉണ്ടാവും. ഒരു വര്‍ഷം പിടിക്കപ്പെടുന്ന മയക്കുമരുന്നിന്റെ കണക്കില്‍ ദേശീയ തലത്തില്‍ 55 ശതമാനം (25,000 കോടിരൂപയുടെ) വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. കേരളത്തില്‍ പിടിച്ചെടുത്ത മയക്കുമരുന്നിന്റെ മൂല്യം 100 കോടിക്കു താഴെയാണ്. എങ്കിലും സര്‍ക്കാര്‍ തികഞ്ഞ ഗൗരവത്തോടെയാണ് ലഹരിവ്യാപനത്തെ കാണുന്നത്.

ലഹരിവസ്തുക്കളുടെ വില്‍പന, ഉപയോഗം തുടങ്ങിയവ സംബന്ധിച്ചുള്ള വിവരങ്ങള്‍ ജനങ്ങള്‍ക്ക് രഹസ്യമായി അധികൃതരെ അറിയിക്കാന്‍ സഹായിക്കുന്ന വെബ്‌പോര്‍ട്ടല്‍ സജ്ജീകരിക്കും. വിവരങ്ങള്‍ നല്‍കുന്ന വ്യക്തിയുടെ ഐഡന്റിറ്റി ഒരുതരത്തിലും വെളിപ്പെടുത്തേണ്ടതില്ല. നിലവില്‍ ഇതിനായി വാട്സ്ആപ്പ് നമ്പര്‍ ഉണ്ട് (9497979794, 9497927797).

ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തി ജൂണില്‍ അക്കാദമിക വര്‍ഷം ആരംഭിക്കുമ്പോള്‍ വിപുലമായ തോതില്‍ അക്കാദമിക് സ്ഥാപനങ്ങളിലും എല്ലാ വിദ്യാലയങ്ങളിലും കര്‍മപദ്ധതി തയ്യാറാക്കും. ഇതിനായുള്ള പ്രധാന നിര്‍ദേശങ്ങള്‍:

1. എല്ലാ വിദ്യാലയങ്ങളിലും അധ്യാപക-വിദ്യാര്‍ത്ഥി ജാഗ്രതാസമിതി. കോളേജുകളിലും വിദ്യാലയങ്ങളിലും സ്റ്റുഡന്റ് ഗൈഡന്‍സ് സപ്പോര്‍ട്ട് പ്രോഗ്രാം.

2. വിദ്യാര്‍ത്ഥികളില്‍ കായികക്ഷമത വികസിപ്പിക്കാന്‍ പദ്ധതികള്‍.

3. എന്‍.എസ്.എസ്, സ്‌കൗട്ട്, എസ്.പി.സി തുടങ്ങിയ വോളന്റിയര്‍മാരെ ഉള്‍പ്പെടുത്തി മെന്ററിങ്ങ് ശൃംഖല ഉണ്ടാക്കുക.

4. ട്യൂഷന്‍ സെന്ററുകളും കോച്ചിങ്ങ് സെന്ററുകളും നിരീക്ഷണത്തില്‍ കൊണ്ടുവരിക.

5. വിദ്യാര്‍ത്ഥികളില്‍നിന്നു വരുന്ന പരാതികള്‍ പരിശോധിക്കാന്‍ സ്പെഷ്യല്‍ മോണിറ്ററിങ്ങ് ടീം എല്ലാ കലാലയങ്ങളിലും.

6. വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തില്‍ ശക്തമായ ലഹരിവിരുദ്ധ ക്യാമ്പയിന്‍.

7. ആറു മാസത്തിലൊരിക്കല്‍ കുട്ടികളുടെ ആരോഗ്യസംരക്ഷണത്തിനുള്ള മെഡിക്കല്‍ ചെക്കപ്പ്.

8. ലഹരിക്ക് അടിമയായവരെ പുനരധിവസിപ്പിച്ചശേഷം അവരെ പൊതുസമൂഹത്തോടൊപ്പം ഇണക്കിച്ചേര്‍ക്കുന്നതിനു വേണ്ട പിന്തുണാസംവിധാനം ഒരുക്കുക.

9. ലഹരിക്കച്ചവടക്കാര്‍ ക്യാരിയേഴ്സ് ആക്കുന്ന 18 വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് കൗണ്‍സിലിങ്ങും മാനസികാരോഗ്യം മെച്ചപ്പെടുത്താനുള്ള മറ്റു സംവിധാനങ്ങളും ഉറപ്പുവരുത്തുക.

10. ടൂറിസം മേഖലയില്‍ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, മോണിറ്ററിങ് ശക്തിപ്പെടുത്തുക.

പൊലീസിന്റേയും എക്സൈസിന്റേയും എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വ്യാപിപ്പിക്കും. ലഹരിവില്‍പന നടത്തുന്ന കടകള്‍ അടച്ചുപൂട്ടുന്നതിനുള്ള നടപടി തദ്ദേശസ്വയംഭരണ വകുപ്പ് കൈക്കൊള്ളും. മയക്കുമരുന്ന് സാന്നിധ്യം കണ്ടെത്താനുള്ള ആധുനിക ഉപകരണങ്ങള്‍ വാങ്ങും. സ്‌നിഫര്‍ ഡോഗ് സാന്നിധ്യം വര്‍ദ്ധിപ്പിക്കും. ഓണ്‍ലൈന്‍ ലഹരി വ്യാപാരം തടയാനുള്ള നടപടികള്‍ ശക്തമാക്കും. എയര്‍പോര്‍ട്ട്, റെയില്‍വേ, തുറമുഖം എന്നിവ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കും. അതിര്‍ത്തികളിലെ പൊലീസ് പരിശോധന ശക്തമാക്കും. കൊറിയറുകള്‍, പാഴ്സലുകള്‍, ടൂറിസ്റ്റ് വാഹനങ്ങള്‍ തുടങ്ങി കേരളത്തിന്റെ അതിര്‍ത്തിയിലേക്ക് കടന്നുവരുന്ന വാഹനങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കും.

കേരളം ഇന്ത്യയ്ക്കും ലോകത്തിനും മാതൃകയാകുന്നത് കഠിനാധ്വാനംകൊണ്ടും സമര്‍പിത പ്രവര്‍ത്തനങ്ങളുടെ കൂട്ടായ്മകൊണ്ടുമാണ്. ഐക്യമാണ് ഏറ്റവും വലിയ കരുത്ത് എന്നത് കേരളത്തിന് പറയാനും എഴുതിവയ്ക്കാനുമുള്ള മനോഹരവചനമല്ല; അതിനുമപ്പുറം അത് നടപ്പാക്കി കാണിച്ചുകൊടുക്കാനുള്ള ജീവിതപദ്ധതിയാണ്.

ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന് ജനങ്ങളിലാണ് വിശ്വാസം; അവരുടെ ഐക്യത്തിലും കരുത്തിലും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com