

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം അധികൃതര്‍ക്കെതിരെ ഗരുതര ആരോപണങ്ങളുമായി മുന്‍ താരം യുവരാജ് സിങ്. കരിയറിന്റെ അവസാന ഘട്ടങ്ങളില്‍ തന്നെ ടീമില്‍ നിന്ന് ഒഴിവാക്കാന്‍ മാനേജ്മന്റ് ഒഴിവുകഴിവുകള്‍ കണ്ടെത്തിയെന്നാണ് യുവരാജിന്റെ ആരോപണം.
നിര്‍ബന്ധിത യോ-യോ ടെസ്റ്റ് പാസായിട്ടും 2017ല്‍ തന്നെ മനഃപ്പൂര്‍വം ഒഴിവാക്കുകയായിരുന്നുവെന്ന് യുവി ആരോപിച്ചു. ടീമില്‍ നിന്ന് ഒഴിവാക്കുന്ന കാര്യം ആരും തന്നോട്് പറഞ്ഞിരുന്നില്ലെന്നും യുവരാജ് വെളിപ്പെടുത്തി.
'എന്നെ ഒഴിവാക്കാന്‍ വേണ്ടി നിര്‍ബന്ധിത യോ- യോ ടെസ്റ്റ് പോലുള്ള പുതിയ മാനദണ്ഡങ്ങള്‍ ടീം തിരഞ്ഞെടുപ്പിന്റെ ചിത്രത്തിലേക്ക് കടന്നു വരികയായിരുന്നു. 2017ലെ ചാമ്പ്യന്‍സ് ലീഗ് ട്രോഫിക്ക് ശേഷം കളിച്ച 8-9 മത്സരങ്ങളില്‍ രണ്ട് മത്സരങ്ങളില്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയിട്ടും എന്നെ ടീമില്‍ നിന്ന് പുറത്തിരുത്തി. മികച്ച ഫോമില്‍ നില്‍ക്കെ, എന്നെ ടീമില്‍ നിന്ന് പുറത്താക്കുമെന്ന് ഒരിക്കല്‍ പോലും ചിന്തിച്ചിരുന്നില്ല'.
'ശ്രീലങ്കന്‍ പര്യടനത്തിന് മുന്‍പ് പരുക്കേറ്റപ്പോഴാണ് യോ-യോ ടെസ്റ്റിന്റെ പെട്ടെന്നുള്ള വരവ്. എന്നെ തിരഞ്ഞെടുക്കുന്ന കാര്യത്തിലുള്ള മലക്കം മറിച്ചിലായിരുന്നു അത്. 36ാം വയസില്‍ യോ-യോ ടെസ്റ്റ് കടമ്പ മറികടക്കാന്‍ ഞാന്‍ പെട്ടെന്ന് തന്നെ തീരമാനമെടുത്ത് അതിനുള്ള ശ്രമങ്ങള്‍ തുടങ്ങി'.
'യോ-യോ ടെസ്റ്റ് പാസയതിന് പിന്നാലെ എന്നോട് പ്രാദേശിക ക്രിക്കറ്റ് കളിക്കാന്‍ മാനേജ്‌മെന്റ് ആവശ്യപ്പെട്ടു. 36ാം വയസില്‍ ഞാന്‍ യോ-യോ ടെസ്റ്റില്‍ വിജയിക്കുമെന്ന് അവര്‍ പ്രതീക്ഷിച്ചിരുന്നില്ല. അതോടെ എന്നെ തഴയാമെന്നും അവര്‍ വിചാരിച്ചു'- യുവരാജ് ആരോപിച്ചു.
യുവരാജ് സിങ് അടക്കമുള്ള താരങ്ങള്‍ക്ക് ഉചിതമായ യാത്രയയപ്പ് നല്‍കാന്‍ തയ്യാറാകാത്ത അധികൃതരുടെ നടപടി ഇന്ത്യന്‍ ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരുന്നു. 15-17 വര്‍ഷം കളിച്ച തന്നെപ്പോലുള്ള താരങ്ങളോട് വിരമിക്കല്‍ ഘട്ടത്തില്‍ ഒന്ന് ഇരുന്ന് സംസാരിക്കാന്‍ പോലും അധികൃതര്‍ തയ്യാറായിരുന്നില്ലെന്ന് യുവരാജ് തുറന്നടിച്ചു. വിരേന്ദര്‍ സെവാഗ്, സഹീര്‍ ഖാന്‍ തുടങ്ങിയവരോടെല്ലാം തന്നോട് കാണിച്ച അതേ സമീപനം തന്നെയാണ് ഇക്കാര്യത്തില്‍ അധികൃതരില്‍ നിന്നുണ്ടായതെന്നും യുവി പറയുന്നു.
ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് യുവരാജിന്റെ ആരോപണങ്ങള്‍. 304 ഏകദിനങ്ങളില്‍ ഇന്ത്യക്കായി കളത്തിലിറങ്ങിയ യുവരാജ് 8,701 റണ്‍സ് നേടിയിട്ടുണ്ട്. 58 ടി20 പോരാട്ടങ്ങളില്‍ നിന്നായി 1,177 റണ്‍സും താരം സ്വന്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates