ന്യൂഡൽഹി: അമ്പരപ്പിക്കുന്ന ബൗളിങ് പ്രകടനവുമായി വിദർഭയുടെ ദർശൻ നാൽകണ്ഡെ. സയിദ് മുഷ്താഖ് അലി ട്രോഫിയിൽ കർണാടകക്കെതിരായ സെമി പോരാട്ടത്തിലാണ് ദർശൻ നാൽകണ്ഡെയുടെ മിന്നും പ്രകടനം. ഡബിൾ ഹാട്രിക്ക് നേടിയാണ് ദർശൻ പോരാട്ടം ആവേശകരമായത്.
മികച്ച ബൗളിങ് പ്രകടനം പക്ഷേ വിദർഭയെ വിജയത്തിലേക്ക് നയിക്കാൻ സാധിച്ചില്ല. ആവേശകരമായ മത്സരത്തിനൊടുവിൽ നാല് റൺസിന് കർണാടക വിദർഭയെ തോൽപ്പിച്ച് ഫൈനലിലേക്ക് മുന്നേറി. തമിഴ്‌നാടാണ് കലാശക്കളിയിൽ കർണാടകയുടെ എതിരാളികൾ.
ഇതോടെ കഴിഞ്ഞ തവണത്തെ ഫൈനലിന്റെ തനിയാവർത്തനമാണ് നടക്കാൻ പോകുന്നത്. കഴിഞ്ഞ ടൂർണമെന്റിൽ കർണാടകയെ തോൽപ്പിച്ച് തമിഴ്‌നാട് കിരീടം നേടിയിരുന്നു.
വിദർഭയ്‌ക്കെതിരേ ആദ്യം ബാറ്റു ചെയ്ത കർണാടക നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 176 റൺസ് അടിച്ചെടുത്തു. 87 റൺസെടുത്ത രോഹൻ കദം, 54 റൺസെടുത്ത മനീഷ് പാണ്ഡെ എന്നിവരുടെ ഓപ്പണിങ് വിക്കറ്റിലെ കൂട്ടുകെട്ടാണ് കർണാടകയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ഈ കൂട്ടുകെട്ട് പൊളിഞ്ഞ ശേഷം കർണാടക തകർന്നടിഞ്ഞു.
നാല് പന്തുകൾ നാല് വിക്കറ്റുകൾ
പിന്നീട് ക്രീസിലെത്തിയവരിൽ രണ്ടക്കം കണ്ടത് 13 പന്തിൽ 27 റൺസെടുത്ത അഭിനവ് മനോഹർ മാത്രമാണ്. ഈ കൂട്ടത്തകർച്ചയ്ക്ക് ദർശന്റെ ബൗളിങ്ങും നിർണായമായി. അവസാന ഓവറിൽ തുടർച്ചയായ നാല് പന്തുകളിൽ നാല് വിക്കറ്റാണ് ദർശൻ വീഴ്ത്തിയത്. അനിരുദ്ധ ജോഷി, ശരത്, ജെ സുജിത്, അഭിനവ് മനോഹർ എന്നിവരാണ് പുറത്തായത്. അവസാന രണ്ട് ഓവറിൽ കർണാടക നേടിയത് രണ്ട് റൺസ് മാത്രം.
മറുപടി ബാറ്റിങ്ങിൽ വിദർഭ മികച്ച രീതിയിൽ മുന്നേറി. അവസാന ഓവറിൽ വിജയിക്കാൻ 14 റൺസ് വേണമായിരുന്നു. എന്നാൽ ഒൻപത് റൺസെടുക്കാനെ കഴിഞ്ഞുള്ളു. 16 പന്തിൽ മൂന്ന് ഫോറും രണ്ട് സിക്‌സും സഹിതം 32 റൺസെടുത്ത അഥർവ തായ്‌ഡെയാണ് ടോപ്പ് സ്‌കോറർ. കർണാടകക്കായി കെസി കരിയപ്പ രണ്ട് വിക്കറ്റുകൾ വീഴ്ത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
