Messi most decorated player
ലയണല്‍ മെസിഎപി

'45 കിരീടങ്ങള്‍'- കാലം അടയാളപ്പെടുത്തിയ മാന്ത്രികത! മെസിക്ക് റെക്കോര്‍ഡ്

ഫുട്‌ബോള്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കിരീടങ്ങള്‍ സ്വന്തമാക്കിയ താരം
Published on

ന്യൂയോര്‍ക്ക്: സമാനതകളില്ലാത്ത ഫുട്‌ബോള്‍ ജീവിതം. കളത്തില്‍ നിറയുന്ന മാന്ത്രിക സാന്നിധ്യം. കരിയറിന്റെ സായാഹ്നത്തിലെത്തി നില്‍ക്കുന്ന ലയണല്‍ മെസിക്ക് ഒരു അനുപമ റെക്കോര്‍ഡ്. കിരീട നേട്ടങ്ങളുടെ അലങ്കാരങ്ങള്‍ കൊണ്ടു മഴവില്‍ വര്‍ണം വിരിയിച്ച ആ കരിയറിനു റെക്കോര്‍ഡിന്റെ പൂര്‍ണതയും.

കൊളംബിയയെ 1-0ത്തിനു വീഴ്ത്തി തുടര്‍ച്ചയായി രണ്ടാം വട്ടവും കോപ്പ അമേരിക്ക കിരീടം ഉയര്‍ത്തിയതോടെയാണ് റെക്കോര്‍ഡിന്റെ പിറവി. ഫുട്‌ബോള്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കിരീടങ്ങള്‍ നേടിയ താരമെന്ന റെക്കോര്‍ഡ് ഇനി മെസിക്ക് സ്വന്തം. ഇത്തവണത്തെ കോപ്പ കിരീടത്തോടെ അദ്ദേഹത്തിന്റെ ഷോക്കേസിലെ ട്രോഫികളുടെ എണ്ണം 45 ആയി.

അര്‍ജന്റീന, ബാഴ്‌സലോണ, പിഎസ്ജി, ഇന്റര്‍ മയാമി ടീമുകളിലായി കളിച്ചാണ് ഇത്രയും കിരീട നേട്ടങ്ങള്‍. ബാഴ്‌സലോണയിലെ സഹ താരമായിരുന്ന ബ്രസീലിന്റെ ഡാനില്‍ ആല്‍വ്‌സിന്റെ 44 കിരീടങ്ങളെന്ന റെക്കോര്‍ഡാണ് മെസി പഴങ്കഥയാക്കിയത്.

മൂന്ന് വര്‍ഷത്തിനിടെ നാല് അന്താരാഷ്ട്ര കിരീടങ്ങളാണ് അര്‍ജന്റീനയ്ക്ക് മെസി സമ്മാനിച്ചത്. അതിനു മുന്‍പ് വരെ രാജ്യത്തിനായി കളിക്കാത്തവന്‍ എന്നതടക്കമുള്ള പഴി കേട്ട കരിയര്‍. ഇടയ്ക്ക് അര്‍ജന്റീന ജേഴ്‌സി അഴിച്ചു വയ്ക്കാന്‍ തീരുമാനിച്ച ഫുട്ബോള്‍ യാത്ര.

എന്നാല്‍ 2021നും 2024നും ഇടയില്‍ തുടരെ നാല് കിരീടങ്ങള്‍ അര്‍ജന്റീനയ്ക്ക് സമ്മാനിച്ച അത്ഭുത പ്രതിഭയായി കാലം ആ മനുഷ്യനെ അടയാളപ്പെടുത്തിയിരിക്കുന്നു. ഒരു ലോകകപ്പ്, രണ്ട് കോപ്പ അമേരിക്ക, ഒരു ഫൈനലിസിമ നേട്ടങ്ങളാണ് മൂന്ന് വര്‍ഷത്തിനിടെ താരം തുടരെ നേടിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അര്‍ജന്റീനയ്‌ക്കൊപ്പം അണ്ടര്‍ 20 വിഭാഗത്തില്‍ ആദ്യ കിരീടം. ഫിഫ ലോക യൂത്ത് ചാമ്പ്യന്‍ഷിപ്പ്. പിന്നീട് 2008ല്‍ ഒളിംപിക്‌സ് ഫുട്‌ബോള്‍ സ്വര്‍ണം. 2021ലും 2024ലും കോപ്പ അമേരിക്ക കിരീടം. പ്രഥമ ഫൈനലിസിമ (കോപ്പ, യൂറോ ചാമ്പ്യന്‍മാരുടെ പോരാട്ടം) കിരീടവും ഒടുവില്‍ കാത്തിരുന്ന ലോകകപ്പ് നേട്ടവും 2022ല്‍.

ക്ലബ് പോരാട്ടങ്ങളില്‍ നാല് ചാമ്പ്യന്‍സ് ലീഗ്, 10 ലാലിഗ, 7 സ്പാനിഷ് കപ്പ്, 8 സ്പാനിഷ് സൂപ്പര്‍ കപ്പ്, മൂന്ന് യുവേഫ സൂപ്പര്‍ കപ്പ്, മൂന്ന് ഫിഫ ക്ലബ് ലോകകപ്പ് കിരീട നേട്ടങ്ങള്‍. പിഎസ്ജിക്കൊപ്പം രണ്ട് ഫ്രഞ്ച് ലീഗ് വണ്‍, ഒരു ഫ്രഞ്ച് കപ്പ് നേട്ടം. ഇന്റര്‍ മയാമിക്കൊപ്പം ഒരു ലീഗ് കപ്പ്.

വ്യക്തിഗത നേട്ടങ്ങള്‍

ബാല്ലണ്‍ ഡി ഓര്‍ പുരസ്‌കാരം എട്ട് തവണ. 2009ല്‍ ലോകത്തിലെ മികച്ച താരത്തിനുള്ള ഫിഫ പുരസ്‌കാരം. ഫിഫ ദി ബെസ്റ്റ് പുരസ്‌കാരം മൂന്ന് വട്ടം സ്വന്തമാക്കി. ആറ് യൂറോപ്യന്‍ ഗോള്‍ഡന്‍ ഷൂ നേട്ടം. കായിക മേഖലയിലെ ഓസ്‌കാറായ ലോറസ് വേള്‍ഡ് സ്‌പോര്‍ട്‌സ് അവാര്‍ഡ് രണ്ട് തവണ നേടി. ഫിഫ ഫിഫ്‌പ്രോ, രണ്ട് വട്ടം ലോകകപ്പിലെ മികച്ച താരത്തിനുള്ള പുരസ്‌കാരം, രണ്ട് തവണ പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം നേട്ടവും.

കരിയറില്‍ രാജ്യത്തിനും ക്ലബിനുമായി 1068 മത്സരങ്ങള്‍. 838 ഗോളുകള്‍. 374 അസിസ്റ്റുകള്‍. ഇത്തവണ സ്‌പെയിനിനെ വീഴ്ത്തി ഫൈനലിസിമ തുടരെ നേടി മെസി 46 കിരീടങ്ങളിലെത്തുമോ എന്നറിയാന്‍ കാത്തിരിക്കാം.

Messi most decorated player
ഒറ്റ ഗോള്‍, സ്പാനിഷ് ഫുട്‌ബോള്‍ ചരിത്രത്തിലേക്ക് ഓടിക്കയറി ഒയര്‍സവല്‍!

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com