

ധാക്ക: ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ചരിത്രമെഴുതി അഫ്ഗാനിസ്ഥാന്‍. രണ്ടാം ഏകദിനത്തില്‍ വമ്പന്‍ ജയം സ്വന്തമാക്കി അവര്‍ വിജയത്തിന് ഇരട്ടി മാധുര്യവും നല്‍കി. ഒപ്പം സെഞ്ച്വറി പ്രകടനങ്ങളുമായി കളം നിറഞ്ഞ ഓപ്പണര്‍മാരായ റഹ്മാനുല്ല ഗുര്‍ബാസ്- ഇബ്രാഹിം സാദ്രാന്‍ കൂട്ടുകെട്ടിന്റെ റെക്കോര്‍ഡ് പ്രകടനവും വിജയത്തിനു ചന്തം ചാര്‍ത്തി. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 2-0ത്തിനു നേടിയാണ് അഫ്ഗാന്‍ ചരിത്ര നേട്ടം തൊട്ടത്.
ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ നിശ്ചിത ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 331 റണ്‍സെന്ന മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തി. എന്നാല്‍ ഒന്നു പൊരുതി നോക്കാന്‍ പോലും മിനക്കെടാതെ ബംഗ്ലാദേശ് സ്വന്തം മണ്ണില്‍ ആയുധം വച്ചു കീഴടങ്ങി. അവരുടെ പോരാട്ടം 43.2 ഓവറില്‍ വെറും 189 റണ്‍സില്‍ അവസാനിച്ചു.
142 റണ്‍സിന്റെ ഭീമന്‍ പരാജയമാണ് ബംഗ്ലാദേശിനു നേരിടേണ്ടി വന്നത്. അഫ്ഗാനിസ്ഥാനെതിരെ റണ്‍സ് അടിസ്ഥാനത്തില്‍ ബംഗ്ലാദേശിന്റെ ഏറ്റവും വലിയ തോല്‍വിയെന്ന നാണക്കേടിന്റെ ഭാരവും അവര്‍ സ്വന്തം മണ്ണില്‍ പേറേണ്ടി വന്നു. 2015നു ശേഷം അവര്‍ സ്വന്തം മണ്ണില്‍ തോല്‍ക്കുന്ന മൂന്നാമത്തെ മാത്രം മത്സരമാണെന്നതും അഫ്ഗാന്‍ മികവിന്റെ മൂല്യമുയര്‍ത്തുന്നു.
ഓപ്പണര്‍മാരായ ഗുര്‍ബാസ്- സാദ്രാന്‍ സഖ്യം 256 റണ്‍സിന്റെ മിന്നും തുടക്കമാണ് ടീമിനു സമ്മാനിച്ചത്. പിന്നീടിറങ്ങിയ എട്ട് ബാറ്റര്‍മാരും ചേര്‍ന്നാണ് ബാക്കി 75 റണ്‍സ് കണ്ടെത്തിയത്!
ഗുര്‍ബാസ് 125 പന്തില്‍ 145 റണ്‍സ് കണ്ടെത്തി ടോപ് സ്‌കോററായി. സാദ്രാന്‍ 119 പന്തില്‍ 100 റണ്‍സും കണ്ടെത്തി. 13 ഫോറും എട്ട് കൂറ്റന്‍ സിക്‌സുകളും തൊങ്ങല്‍ ചാര്‍ത്തിയ ഇന്നിങ്‌സാണ് ഗുര്‍ബാസ് കളിച്ചത്. സാദ്രാന്‍ ഒന്‍പത് ഫോറും ഒരു സിക്‌സും പറത്തി.
ഏകദിനത്തില്‍ 21കാരനായ ഗുര്‍ബാസ് നേടുന്ന നാലാം സെഞ്ച്വറിയാണിത്. താരത്തിന്റെ മികച്ച വ്യക്തിഗത സ്‌കോറും ഇതുതന്നെ. 21കാരന്‍ തന്നെയായ ഇബ്രാഹിം സാദ്രാന്റെയും നാലാം ഏകദിന സെഞ്ച്വറിയാണിത്.
ഇരുവരും ചേര്‍ന്നെടുത്ത 256 റണ്‍സ് ഏതൊരു വിക്കറ്റിലേയും അഫ്ഗാനിസ്ഥാന്റെ ഏറ്റവും ഉയര്‍ന്ന ബാറ്റിങ് കൂട്ടുകെട്ടെന്ന റെക്കോര്‍ഡും സ്വന്തമാക്കി. 2010ല്‍ കരിം സാദിഖും മുഹമ്മദ് ഷഹ്‌സാദും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ അടിച്ചെടുത്ത 218 റണ്‍സായിരുന്നു നേരത്തെയുള്ള റെക്കോര്‍ഡ്. സ്‌കോട്‌ലന്‍ഡിനെതിരെയായിരുന്നു ഈ പ്രകടനം.
എല്ലാ ഫോര്‍മാറ്റിലേയും അഫ്ഗാന്‍ ബാറ്റര്‍മാരുടെ ഏറ്റവും മികച്ച രണ്ടാമത്തെ പ്രകടനമായി ഇതു മാറി. സിംബാബ്‌വെക്കെതിരായ ടെസ്റ്റ് പോരാട്ടത്തിന്റെ രണ്ടാം ഇന്നിങ്‌സില്‍ അസ്ഗര്‍ അഫ്ഗാന്‍- ഹഷ്മത്തുല്ല ഷാഹിദി സഖ്യം എടുത്ത 307 റണ്‍സാണ് ഒന്നാമത്.
മറ്റൊരു റെക്കോര്‍ഡും സഖ്യം സ്വന്തമാക്കി. ബംഗ്ലാദേശ് ടീമിനെതിരെ ഒരു ടീമിന്റെ ഏതൊരു വിക്കറ്റിലേയും ഏറ്റവും മികച്ച നാലാമത്തെ കൂട്ടുകെട്ടായും പ്രകടനം മാറി. വിരാട് കോഹ്‌ലി- ഇഷാന്‍ കിഷന്‍ സഖ്യം കഴിഞ്ഞ വര്‍ഷം നേടിയ 290 റണ്‍സാണ് ഒന്നാമത്. ബംഗ്ലാദേശിനെതിരെ ഒരു ടീമിന്റെ ഏറ്റവും മികച്ച രണ്ടാമത്തെ ഓപ്പണിങ് കൂട്ടുകെട്ടായും ഈ പ്രകടനം മാറി.
ഇരുവരും പുറത്തായ ശേഷം എത്തിയവരില്‍ 25 റണ്‍സെടുത്ത് പുറത്താകാതെ നിന്ന മുഹമ്മദ് നബിയുടെ പ്രകടനവും ശ്രദ്ധേയമായി. താരം 15 പന്തില്‍ ഒരു സിക്‌സും ഫോറും സഹിതം 25 റണ്‍സെടുത്തു. പത്ത് റണ്‍സെടുത്ത നജിബുല്ല സാദ്രാനാണ് രണ്ടക്കം കടന്ന മറ്റൊരാള്‍.
ബംഗ്ലാദേശിനായി മുസ്താഫിസുര്‍ റഹ്മാന്‍, ഹസന്‍ മഹ്മുദ്, ഷാകിബ് അല്‍ ഹസന്‍, മെഹ്ദി ഹസന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റെടുത്തു. എബ്ദോദ് ഹുസൈന്‍ ഒരു വിക്കറ്റെടുത്തു.
കൂറ്റന്‍ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ബംഗ്ലാദേശ് ഒരു ഘട്ടത്തിലും വിജയിക്കാനുള്ള ശ്രമം നടത്തിയില്ല. സ്പിന്‍- പേസ് ബൗളിങ് കരുത്തില്‍ അഫ്ഗാന്‍ ബൗളര്‍മാര്‍ ബംഗ്ലാ ബാറ്റര്‍മാരെ വരിഞ്ഞിട്ടു.
85 പന്തില്‍ 69 റണ്‍സെടുത്ത മുഷ്ഫിഖുര്‍ റഹിം മാത്രമാണ് പൊരുതാനുള്ള ആര്‍ജവം കാണിച്ചത്. ഷാകിബ്, മെഹദി എന്നിവ 25 റണ്‍സ് വീതം കണ്ടെത്തിയെങ്കിലും അധികം മുന്നോട്ടു പോകാന്‍ സാധിച്ചില്ല. മറ്റൊരാളും കാര്യമായ ചെറുത്തു നില്‍പ്പിനു മുതിര്‍ന്നില്ല.
ക്യാപ്റ്റന്‍ ലിറ്റന്‍ ദാസാണ് തകര്‍ച്ചയ്ക്ക് തുടക്കമിട്ടത്. താരം 13 റണ്‍സില്‍ വീണു. പിന്നീട് തുടരെ വിക്കറ്റുകളും അവര്‍ക്ക് നഷ്ടമായി. 72 റണ്‍സിനിടെ അവര്‍ക്ക് ആറ് വിക്കറ്റുകള്‍ നഷ്ടമായി. സ്‌കോര്‍ 100 പോലും കടക്കില്ലെന്ന പ്രതീതിയായിരുന്നു. പിന്നീട് ഏഴാം വിക്കറ്റില്‍ മെഹ്ദി ഹസനെ കൂട്ടുപിടിച്ച് മുഷ്ഫിഖര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് അവരുടെ തോല്‍വി ഭാരം കുറച്ചത്. ഇരുവരും ചേര്‍ന്നു 87 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. 48 പന്തുകളാണ് മെഹ്ദി ചെറുത്തത്.
അഫ്ഗാനു വേണ്ടി ഫസല്‍ഹഖ് ഫാറൂഖി, മുജീബ് റഹ്മാന്‍ എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി. മാന്ത്രക സ്പിന്നര്‍ റാഷിദ് ഖാന്റെ ഒന്‍പത് ഓവറുകളും കളിയില്‍ നിര്‍ണായകമായി. താരം 28 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. മുഹമ്മദ് നബി ഒരു വിക്കറ്റെടുത്തു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates