

ന്യൂഡൽഹി: ഒളിംപിക്സ് ഗുസ്തിയിൽ ഫൈനലിലേക്ക് എത്തുന്ന ആദ്യ വനിതാ താരം. തൊട്ടടുത്ത ദിവസം ഭാരക്കുറവിന്റെ പേരിൽ അയോഗ്യത. പിന്നാലെ വെള്ളിക്ക് അർഹതയുണ്ടെന്ന അപ്പീലുമായി അന്താരാഷ്ട്ര കായിക കോടതിയിൽ ഹർജി. ഒടുവിൽ ഹർജി തള്ളൽ. അതിനു ശേഷം കരിയർ അവസാനിപ്പിക്കുന്നുവെന്ന അപ്രതീക്ഷിത പ്രഖ്യാപനം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇന്ത്യയുടെ അഭിമാന താരം വിനേഷ് ഫോഗട്ട് കടന്നു പോയത് സമാനതകളില്ലാത്ത പ്രതിസന്ധികളിലൂടെയാണ്. ഒടുവിൽ അവർ ഇന്ത്യയിലേക്ക് ഇന്ന് മടങ്ങിയെത്തി. രാജ്യം ഒരു ചാമ്പ്യനു ചേർന്ന പ്രൗഢിയിൽ അവരെ സ്വീകരിച്ചു.
സ്വീകരണത്തിനു ശേഷം തന്റെ ജീവിതാവസ്ഥകളെ കുറിച്ചുള്ള വൈകാരിക കുറിപ്പുമായി വിനേഷ് രംഗത്തെത്തി. കടന്നു പോയ ജീവിതാവസ്ഥകൾ തനിക്കു വലിയ ധൈര്യമാണ് നൽകിയതെന്നു താരം ദീർഘമായ കുറിപ്പിൽ വ്യക്തമാക്കി. സാമൂഹിക മാധ്യമത്തിലാണ് വൈകാരിക കുറിപ്പ്.
താരത്തിന്റെ കുറിപ്പ്
'ചെറിയൊരു ഗ്രാമത്തിൽ നിന്നുള്ളു കൊച്ചു കുട്ടിയായിരുന്ന എനിക്ക് ഒളിംപിക്സ് എന്നാൽ എന്താണെന്നു പോലും അറിയില്ലായിരുന്നു. മുടി നീട്ടി വളർത്തുന്നതും കൈയിൽ മൊബൈൽ കൊണ്ടു നടക്കുന്നതുമൊക്കെയായിരുന്നു എന്റെ സ്വപ്നങ്ങളിൽ.'
'എന്റെ അച്ഛൻ സാധാരണക്കരാനാണ്. അദ്ദേഹം ബസ് ഡ്രൈവറായിരുന്നു. മൂന്ന് മക്കളിൽ ഏറ്റവും ഇളയവളാണ് ഞാൻ. അതുകൊണ്ടു തന്നെ അച്ഛനു ഏറ്റവും പ്രിയപ്പെട്ടവൾ ഞാനാണെന്നു കരുതുന്നു. ഒരു ദിവസം മകൾ ആകാശത്ത് വിമാനം പറപ്പിക്കുന്നത് താഴെ റോഡിലൂടെ ബസ് ഓടിക്കുമ്പോൾ താൻ കാണുമെന്നു അദ്ദേഹം പറയാറുണ്ടായിരുന്നു. ഞാൻ മാത്രമാണ് അച്ഛന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുക എന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതെല്ലാം കേൾക്കുമ്പോൾ ഞാൻ പൊട്ടിച്ചിരിക്കുമായിരുന്നു.'
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
'തന്നേക്കാൾ മികച്ച ജീവിത സാഹചര്യങ്ങൾ മക്കൾക്കുണ്ടാകണമെന്നു ആഗ്രഹിച്ചിരുന്നു എന്റെ അമ്മ. മക്കൾ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തി നേടണമെന്ന ആഗ്രഹമായിരുന്നു അവർക്ക്. അച്ഛനേക്കാൾ എത്രയോ ലളിതമായ സ്വപ്നമാണ് അവർ കണ്ടത്.'
'അച്ഛൻ ഞങ്ങളെ വിട്ടുപിരിഞ്ഞ ദിവസം മുതൽ വിമാനം പറപ്പിക്കുന്ന മകളെ കുറിച്ചുള്ള അച്ഛന്റെ വാക്കുകളും ചിന്തകളും മാത്രമാണ് എനിക്കൊപ്പമുണ്ടായിരുന്നത്. അതിന്റെ അർഥം എനിക്ക് മനസിലായില്ല. എന്നാൽ ആ സ്വപ്നത്തെ ഞാൻ ചേർത്തു പിടിച്ചു. അച്ഛൻ മരിച്ച് രണ്ട് മാസങ്ങൾക്കപ്പുറം അമ്മയ്ക്ക് മൂന്നാം ഘട്ട കാൻസർ സ്ഥിരീകരിച്ചു. അതോടെ അമ്മയുടെ സ്വപ്‍നങ്ങൾ അകലെയായി.'
'വിധവയായ അമ്മയ്ക്ക് വേണ്ടി കുട്ടിക്കാലം ത്യജിച്ച മൂന്ന് കുട്ടികളുടെ കഥ അവിടെയാണ് തുടങ്ങിയത്. ജീവിത യാഥാർഥ്യങ്ങൾക്കു മുന്നിൽ, നീണ്ട മുടി, മൊബൈൽ ഫോൺ എന്ന എന്റെ ആഗ്രഹങ്ങളും മാഞ്ഞിരുന്നു. ലക്ഷ്യം അതിജീവനം മാത്രമായി. എന്റേതായ കാര്യങ്ങൾക്കായി പോരാടാൻ അമ്മയാണ് എന്നെ പഠിപ്പിച്ചത്. ധൈര്യത്തെ കുറിച്ചു ചിന്തിക്കുമ്പോൾ ഞാൻ അമ്മയെ ഓർക്കും. എന്തു സംഭവിക്കുമെന്നു നോക്കാതെ പോരാടാൻ എനിക്ക് കരുത്തു തന്നത് ആ ധൈര്യമാണ്'- വിനേഷ് കുറിച്ചു.
ഭര്‍ത്താവടക്കമുള്ള ബന്ധുക്കളെ കുറിച്ചും അവര്‍ കുറിപ്പില്‍ പറയുന്നുണ്ട്. കഴിഞ്ഞ ഒന്നു രണ്ട് വര്‍ഷമായി ജീവിതത്തില്‍ പലതും സംഭവിച്ചു. ചുറ്റിലുമുള്ളവരുടെ പിന്തുണ വലിയ കരുത്തായി. അവരുടെ പിന്തുണയിലാണ് പല പരീക്ഷണ ഘട്ടങ്ങളേയും തനിക്കു താണ്ടാന്‍ സാധിച്ചതെന്നും അവര്‍ കുറിപ്പില്‍ പറയുന്നു.
കരിയറിലെ ഭാവി സംബന്ധിച്ചു അവര്‍ കുറിപ്പില്‍ വ്യക്തമായി പറയുന്നില്ല. എന്നാല്‍ 2032 വരെ ഗുസ്തിയില്‍ തുടരാന്‍ ആഗ്രഹിച്ചിരുന്നുവെന്നു അവര്‍ വ്യക്തമാക്കുന്നുണ്ട്. ഗുസ്തി ഇപ്പോഴും തന്‍റെ ഉള്ളിലുണ്ടെന്നും എന്നാല്‍ ഭാവിയെക്കുറിച്ചു പ്രവചിക്കാന്‍ സാധിക്കില്ലെന്നും വിനേഷ് പറയുന്നു. പോരാട്ടം തുടരുമെന്നു പറഞ്ഞാണ് ഏറെ വൈകാരികമായ കുറിപ്പ് അവര്‍ അവസാനിപ്പിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates