

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് സെലക്ഷൻ കമ്മിറ്റി തലപ്പത്തേക്ക് മുൻ ഇന്ത്യൻ പേസർ അജിത് അഗാർക്കർ എത്തുമെന്നു റിപ്പോർട്ടുകൾ. ഫെബ്രുവരിയിൽ ചാനൽ സ്റ്റിങ് ഓപ്പറേഷനിൽ കുരുങ്ങി ചേതൻ ശർമ രാജിവച്ച ശേഷം സെലക്ഷൻ കമ്മിറ്റി ചെയർമാൻ സ്ഥാനത്ത് ആരെയും നിയമിച്ചിട്ടില്ല. ഈ സ്ഥാനത്തേക്കാണ് മുംബൈ പേസർ എത്തുന്നത്. ശമ്പള വർധനവോടെയായിരിക്കും നിയമനമെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
ഒരു കോടി രൂപയാണ് നിലവിൽ ചീഫ് സെലക്ടർക്ക് വാർഷികമായി നൽകുന്ന ശമ്പളം. ഇതു ഉയർത്താമെന്ന വാഗ്ദാനം ബിസിസിഐ നൽകിയെന്നും പിന്നാലെ അഗാർക്കർ ചെയർമാൻ സ്ഥാനത്തേക്ക് അപേക്ഷ സമർപ്പിച്ചെന്നും റിപ്പോർട്ടിലുണ്ട്. സെലക്ഷൻ കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾക്കു 90 ലക്ഷം രൂപയാണ് ശമ്പളം.
ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിന്റെ സഹ പരിശീലകനായിരുന്നു അഗാർക്കർ. ഈ സ്ഥാനം അദ്ദേഹം രാജി വച്ചു. പിന്നാലെയാണ് അഭ്യൂഹങ്ങൾ പരന്നത്.
നേരത്തെയും അഗാർക്കർ അപേക്ഷ നൽകിയിരുന്നു. 2020ലാണ് അദ്ദേഹം ചെയർമാൻ സ്ഥാനത്തേക്ക് അപേക്ഷ സമർപ്പിച്ചത്. എന്നാൽ അതു പരിഗണിക്കപ്പെട്ടില്ല. നിലവിൽ സുബ്രതോ ബാനർജി, സലിൽ അങ്കോള, ശ്രീധരൻ ശരത്, ശുവസുന്ദർ ദാസ് എന്നിവരാണ് സീനിയർ സെലക്ഷൻ കമ്മിറ്റിയിലെ അംഗങ്ങൾ.
മുൻ ഇന്ത്യൻ പേസറായ അഗാർക്കർ മുംബൈ നായകനായിരുന്നു. ഇന്ത്യക്കായി 26 ടെസ്റ്റുകളും 191 ഏകദിനങ്ങളും താരം കളിച്ചു. നാല് ടി20 മത്സരങ്ങളും അഗാർക്കർ കളിച്ചിട്ടുണ്ട്. 2007ൽ പ്രഥമ ടി20 ലോകകപ്പ് കിരീടം ഇന്ത്യ സ്വന്തമാക്കുമ്പോൾ അഗാർക്കറും ടീമിലുണ്ടായിരുന്നു.
ഈ വാർത്ത കൂടി വായിക്കൂ
മതില്‍ കെട്ടി ഖവാജ; ഓസ്‌ട്രേലിയന്‍ പോരാട്ടം മുടക്കി ആഷസില്‍ മഴ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates