

ജയ്പുര്‍: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് താരം വൈഭവ് സൂര്യവംശി തകര്‍പ്പന്‍ ബാറ്റിങ് പ്രകടനമാണ് നടത്തുന്നത്. ടീമിന്റെ വിജയങ്ങളില്‍ എല്ലാം വൈഭവിന്റെ സാന്നിധ്യം നിര്‍ണായകമാണ്. പന്ത് എറിയുന്നത് ആരാണെങ്കിലും ബൗണ്ടറി കടത്തും വൈഭവ്. താരത്തിന്റെ ബാറ്റിങ്ങിനെ പുകഴ്ത്തി മുന്‍ താരങ്ങളടക്കം രംഗത്തെത്തിയിരുന്നു.
വൈഭവിന്റെ ബാറ്റില്‍ എഐ ചിപ്പുണ്ടെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് നിരീക്ഷകനായ നൗമാന്‍ നിയാസ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. വൈഭവിന്റെ തകര്‍പ്പന്‍ ബാറ്റിങ്ങിനു പിന്നില്‍ എഐ ചിപ്പാണെന്നും അതു ലബോറട്ടറിയില്‍ പരിശോധിക്കണമെന്നുമായിരുന്നു പാക് നിരീക്ഷകന്‍ തമാശരൂപേണ പറഞ്ഞത്.
എന്നാല്‍ നൗമാന് മറുപടിയുമായി എത്തിയിരിക്കുകയാണു വൈഭവ്. ദൈവമാണ് തന്റെ ബാറ്റില്‍ എന്തോ സ്ഥാപിച്ചിരിക്കുന്നതെന്നാണ് വൈഭവിന്റെ മറുപടി. 'ദൈവമാണ് അത് എന്റെ ബാറ്റില്‍ വച്ചത്. എന്റെ ബാറ്റില്‍ എന്തോ ഉണ്ടെന്ന് സ്വര്‍ഗത്തില്‍ ഇരുന്ന് അദ്ദേഹം പറഞ്ഞു. ഞാന്‍ അത് ഉപയോഗിക്കുകയാണ്.' രാജസ്ഥാന്‍ റോയല്‍സ് പുറത്തുവിട്ട വിഡിയോയില്‍ വൈഭവ് പറഞ്ഞു.
പാകിസ്ഥാന്‍ ക്രിക്കറ്റ് നിരീക്ഷകനായ നൗമാന്‍ നിയാസ് പഞ്ഞത് - 'ആലോചിച്ചു നോക്കൂ, എന്താണ് ആ കുട്ടി ചെയ്യുന്നത്? വൈഭവിന്റെ ബാറ്റ് പരിശോധിക്കണം. ഉത്തേജക മരുന്നു പരിശോധനകള്‍ താരങ്ങള്‍ക്കു നടത്താറുണ്ട്. വൈഭവിന്റെ കാര്യത്തിലും അത്തരമൊരു പരിശോധന ആവശ്യമാണ്. വൈഭവിന്റെ ബാറ്റില്‍ എഐ ചിപ്പ് ഉണ്ടായിരിക്കണം. അസാധാരണമായ കളിയാണിത്. എന്തൊരു താരമാണ്? 18 വയസ്സാകുമ്പോള്‍ ശരീരത്തില്‍ മസിലുകളെല്ലാം കരുത്താര്‍ജിക്കും. പക്ഷേ ഈ പയ്യന് 16 വയസ്സാണു പ്രായം. വിരാട് കോഹ് ലി ലോകചാംപ്യനായ സമയത്താണ് അവന്‍ ജനിച്ചത്. സാങ്കേതികതയ്ക്ക് ഒത്ത കരുത്തല്ല വൈഭവിനുള്ളത്. വൈഭവ് 360 ഡിഗ്രി ബാറ്റു ചെയ്യുന്ന താരമാണ്.'
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates