

ശിഖർ ധവാൻ നയിക്കുന്ന ഇന്ത്യൻ ടീമിനെ രണ്ടാം നിരയായി മുദ്രകുത്താൻ കഴിയില്ലെന്ന് ശ്രീലങ്കൻ ഇതിഹാസ താരം അരവിന്ദ ഡി സിൽവ. ശ്രീലങ്കൻ പരമ്പരയ്ക്ക് ഇന്ത്യ രണ്ടാംനിര ടീമിനെ അയച്ചത് ‘അപമാന’മാണെന്ന മുൻ ലങ്കൻ ക്യാപ്റ്റൻ അർജുന രണതുംഗ പറഞ്ഞതിന് പിന്നാലെയാണ് ഡി സിൽവയുടെ പ്രതികരണം. വിരാട് കോഹ്ലി, രോഹിത് ശർമ്മ എന്നിവർ അടങ്ങുന്ന ഇന്ത്യൻ ടീം ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്കായി ലണ്ടനിലായ പശ്ചാത്തലത്തിലാണ് ധവാന്റെ നേതൃത്വത്തിലുള്ള ടീമിനെ ശ്രീലങ്കൻ പരമ്പരക്ക് ബിസിസിഐ അയച്ചത്.
"ഇന്ത്യക്ക് ഇപ്പോൾ കഴിവുള്ള നിരവധി താരങ്ങളുണ്ട്, അവരെ രണ്ടാം നിര എന്നുവിളിക്കേണ്ട യാതൊരു കാര്യവുമില്ല. നിലവിലെ സാഹചര്യത്തിൽ കളിക്കാരുടെ മനസ്സ് എൻഗേജ് ചെയ്യേണ്ടത് അത്യാവശ്യമാണ്. ടീമിനെ മാറ്റുന്ന രീതിയെ ഞാൻ ഒരിക്കലും കുറ്റം പറയില്ല. ഓരോ കളിക്കും വ്യത്യസ്ത ടീമുകളെ അയക്കുന്നത് ഭാവിയിൽ ഗുണകരമാണ് എന്നാണ് ഞാൻ കരുതുന്നത്. രണ്ടാം നിര ടീമിനെ അയച്ചാരും മൂന്നാം നിര ടീമിനെ അയച്ചാലും അവരെ ആ രീതിയിൽ മുദ്രകുത്തേണ്ട ആവശ്യമില്ല കാരണം ഇതൊരു റൊട്ടേഷണൽ ക്രമീകരണമാണ്", ഡി സിൽവ പറഞ്ഞു.
രണ്ടാംനിര ഇന്ത്യൻ ടീം കളിക്കാനെത്തുന്നത് ശ്രീലങ്കൻ ക്രിക്കറ്റിനെ അപമാനിക്കുന്നതിന് തുല്യമാണെന്നായിരുന്നു രണതുംഗയുടെ വിമർശനം. ടെലിവിഷൻ മാർക്കറ്റിംഗ് ആവശ്യങ്ങൾ മുൻനിർത്തി അവരുമായി കളിക്കാൻ സമ്മതിച്ചതിന് നിലവിലെ ബോർഡ് അംഗങ്ങളെ ഞാൻ കുറ്റപ്പെടുത്തുന്നു” എന്ന് രണതുങ്ക പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തിരുന്നു. ജൂലൈ 13 മുതൽ മൂന്ന് ഏകദിനങ്ങളും മൂന്ന് ട്വന്റി 20 മത്സരങ്ങളുമാണ് ശ്രീലങ്കയിൽ ഇന്ത്യ കളിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates