

കൊളംബോ: ശ്രീലങ്കയെ ചരിത്രത്തിലാദ്യമായി ഏകദിന ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച ക്യാപ്റ്റൻ അർജുന രണതുംഗയുടെ പുതിയ രൂപമാറ്റം കണ്ട് അമ്പരന്ന് ആരാധകർ. അടുത്തിടെ നടന്ന തമിഴ് യൂണിയന്റെ 125ാം വർഷികത്തിനെത്തിയ രണതുംഗയെ കണ്ടാണ് ആരാധകരുടെ അമ്പരപ്പ്. മുൻ സഹ താരങ്ങളായ സനത് ജയസൂര്യ, അരവിന്ദ ഡിസിൽവ, മുത്തയ്യ മുരളീധരൻ എന്നിവർക്കൊപ്പമാണ് അദ്ദേഹം ചടങ്ങിനെത്തിയത്.
ചുവന്ന കുർത്ത ധരിച്ചെത്തിയ രണതുംഗയുടെ ജയസൂര്യ, ഡിസിൽവ, മുത്തയ്യ എന്നിവർക്കൊപ്പം നിൽക്കുന്ന ചിത്രമാണ് വൈറലായത്. എന്നാൽ രണതുംഗയെ പലർക്കും പെട്ടെന്നു തിരിച്ചറിയാൻ സാധിച്ചില്ല. അമ്പരപ്പിക്കുന്ന ട്രാൻസ്ഫോർമേഷനാണ് അദ്ദേഹത്തിന്റേത്.
ക്രിക്കറ്റ് സജീവമായ കാലത്തെ അപേക്ഷിച്ചു വളരെ മെലിഞ്ഞാണ് അദ്ദേഹം പൊതുവേദിയിൽ എത്തിയത്. സനത് ജയസൂര്യ പങ്കിട്ട ഫോട്ടോയാണ് വൈറലായത്. പിന്നാലെ താരത്തെ കുറിച്ചുള്ള ആരാധകരുടെ അന്വേഷണങ്ങളും തുടങ്ങി. അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ചുള്ള ആശങ്കകളും അതിനിടെ പ്രചരിച്ചു.
'ആ ചുവന്ന കുർത്തയിലുള്ളത് അർജുന സാർ ആണോ', 'അദ്ദേഹത്തിനു എന്തുപറ്റി'... 'രണതുംഗയെ തിരിച്ചറിയാൻ സാധിക്കുന്നില്ല'... 'അർജുന എല്ലാവരേക്കാളും 20 വയസ് ചെറുപ്പമായി'. തുടങ്ങിയ കമന്റുകളാണ് ചിത്രത്തിനു താഴെ വരുന്നത്.
1996ലെ ലോകകപ്പിൽ രണതുംഗയുടെ ക്യാപ്റ്റൻസിയിൽ കളിച്ച ലങ്ക ഫൈനലിൽ ഓസ്ട്രേലിയയെ ഏഴ് വിക്കറ്റിനു വീഴ്ത്തിയാണ് കിരീടത്തിൽ മുത്തമിട്ടത്. 2000ത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ടെസ്റ്റ് പരമ്പരയ്ക്കു പിന്നാലെ അദ്ദേഹം രാജ്യാന്തര ക്രിക്കറ്റിൽ നിന്നു വിരമിച്ചു. പിന്നീട് രണതുംഗ രാഷ്ട്രീയത്തിൽ ഇറങ്ങി. സിംഹള ഉറുമയ പാർട്ടിയിൽ അംഗമായിരുന്നു അദ്ദേഹം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates