ലണ്ടൻ: പ്രീമിയർ ലീഗിൽ കളിക്കാനിറങ്ങുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടം സ്വന്തമാക്കി ആഴ്സണലിന്റെ കൗമാരക്കാരൻ ഏതൻ നവാനേരി. കഴിഞ്ഞ ദിവസം ബ്രെന്റ് ഫോർഡിനെതിരായ പോരാട്ടത്തിൽ അവസാന മിനിറ്റുകളിൽ പകരക്കാരനായി ഇറങ്ങിയാണ് താരം അപൂർവ റെക്കോർഡ് സ്വന്തം പേരിലേക്ക് മാറ്റിയത്.
15 വയസും 181 ദിവസവും പ്രായമുള്ളപ്പോഴാണ് നവാനേരി കളിക്കാനിറങ്ങിയത്. വോൾവ്സിനെതിരായ പോരാട്ടത്തിൽ 16 വയസും 30 ദിവസവും പ്രായമുള്ളപ്പോൾ കളിക്കാനിറങ്ങിയ ഫുൾഹാമിനായി കളിക്കാനിറങ്ങിയ ഹാർവി എലിയറ്റിന്റെ റെക്കോർഡാണ് നവാനേരി പഴങ്കഥയാക്കിയത്.
ആഴ്സണൽ അക്കാദമിയിലൂടെയാണ് ഇംഗ്ലണ്ട് താരം കൂടിയായ നവാനേരി കളിച്ചു വളർന്നത്. മധ്യനിര താരമായ നവാനേരിയോട് സീനിയർ ടീമിനായി കളത്തിലിറങ്ങാൻ ഒരുങ്ങിയിരിക്കാൻ കോച്ച് മൈക്കൽ ആർത്തേറ്റ നിർദ്ദേശം നൽകിയിരുന്നു.
ക്ലബ് നൽകുന്ന വലിയൊരു സന്ദേശം കൂടിയാണ് ഈ കൗമാരക്കാരന്റെ അരങ്ങേറ്റത്തിലൂടെ സംഭവച്ചിരിക്കുന്നതെന്ന് ആർത്തേറ്റ പറയുന്നു. കളിക്കാനായി ഒരുങ്ങി ഡഗൗട്ടിൽ നിൽക്കുമ്പോൾ കളി നന്നായി ആസ്വദിക്കാനാണ് നവാനേരിയോട് താൻ ആവശ്യപ്പെട്ടതെന്നും ഗണ്ണേഴ്സ് പരിശീലകൻ പറയുന്നു.
2003ൽ 16 വയസും 177 ദിവസവും പ്രായമുള്ളപ്പോൾ ലീഗ് കപ്പ് മത്സരത്തിൽ അരങ്ങേറ്റം കുറിച്ച് സെസ്ക് ഫാബ്രിഗാസും സമാനമായ നേട്ടം നേരത്തെ സ്വന്തമാക്കിയിരുന്നു. ആഴ്സണലിനായി ഏതെങ്കിലും മത്സരത്തിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡായിരുന്നു അന്ന് ഫാബ്രിഗസ് സ്വന്തം പേരിലാക്കിയത്.
നിലവിൽ ആഴ്സണൽ അണ്ടർ-18 ടീമിനെ പരിശീലിപ്പിക്കുന്ന ജാക്ക് വിൽഷെയർ പ്രീമിയർ ലീഗിൽ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ആഴ്സണൽ കളിക്കാരനായിരുന്നു. 2008ൽ 16 വയസും 256 ദിവസവും പ്രായമുള്ളപ്പോഴാണ് വിൽഷെയർ ഗണ്ണേഴ്സിനായി കളത്തിലെത്തിയത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates