

ദുബൈ: ഏഷ്യാ കപ്പില്‍ ഒരാഴ്ച വ്യത്യാസത്തില്‍ വീണ്ടുമൊരു ഇന്ത്യ- പാകിസ്ഥാന്‍ ഹൈപ്പര്‍ ടെന്‍ഷന്‍ പോരാട്ടം! ഇന്ന് രാത്രി 8 മണി മുതല്‍ സൂപ്പര്‍ ഫോറില്‍ ബദ്ധവൈരികള്‍ വീണ്ടും നേര്‍ക്കുനേര്‍ വരും. ബാറ്റിങിലും ബൗളിങിലും ഒരുപോലെ തിളങ്ങി ഗ്രൂപ്പ് പോരില്‍ പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്. പാകിസ്ഥാനാകട്ടെ കളത്തിനകത്തും പുറത്തും നേരിടുന്ന വലിയ തിരിച്ചടികളുടെ പശ്ചാത്തലത്തിലാണ് വീണ്ടും ഇന്ത്യയ്ക്കു മുന്നിലേക്ക് വരുന്നത്.
ആദ്യ മത്സരത്തിനിടെയുണ്ടായ കൈ കൊടുക്കല്‍ വിവാദത്തിന്റെ അന്തരീക്ഷത്തിലാണ് ഇരു ടീമുകളും പോരിനൊരുങ്ങുന്നത്. ഒന്നുറപ്പ് ക്രിക്കറ്റ് ആരാധകരെ സംബന്ധിച്ചു ആവേശപ്പോരാട്ടമാണ് കാത്തിരിക്കുന്നത്. പാക് ടീം മാനസികമായി വലിയ അങ്കലാപ്പിലാണെന്നു അവരുടെ കഴിഞ്ഞ ദിവസത്തെ പ്രവൃത്തികള്‍ സൂചിപ്പിക്കുന്നുണ്ട്. മത്സരത്തിനു മുന്‍പുള്ള മാധ്യമങ്ങളെ കാണല്‍ ഒഴിവാക്കി ടീം മോട്ടിവേഷണല്‍ സ്പീക്കറുടെ ക്ലാസിലിരുന്നാണ് സൂപ്പര്‍ ഫോറിനിറങ്ങുന്നത്.
പഹല്‍ഗാം ഭീകരാക്രമണവും തുടര്‍ന്നുള്ള ഇന്ത്യന്‍ മറുപടിയായ ഓപ്പറേഷന്‍ സിന്ദൂറും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായതിന്റെ പശ്ചാത്തലത്തിലാണ് ഏഷ്യാ കപ്പിലെ ഗ്രൂപ്പ് ഘട്ടത്തില്‍ ഇരു ടീമുകളും പോരിനിറങ്ങിയത്. ടോസ് സമയത്തും മത്സര ശേഷവും പാക് താരങ്ങള്‍ക്കും കൈ കൊടുക്കാന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും സഹ താരങ്ങളും നില്‍ക്കാത്തതാണ് വലിയ വിവാദങ്ങളിലേക്ക് നയിച്ചത്. മത്സരത്തിലെ വിജയം സൂര്യകുമാര്‍ യാദവ് പഹല്‍ഗാം ഭീകരാക്രമണത്തിലെ ഇരകളുടെ കുടുംബാംഗങ്ങള്‍ക്കും സൈന്യത്തിനുമാണ് സമര്‍പ്പിച്ചത്. ഇന്ത്യയുടെ കൈ കൊടുക്കാന്‍ വിസമ്മതിച്ച നിലപാടിനെതിരെ പാകിസ്ഥാന്‍ രംഗത്തെത്തുകയും ചെയ്തു.
മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റ് പറഞ്ഞിട്ടാണ് കൈ കൊടുക്കാത്തതെന്നു ആരോപിച്ച് പാകിസ്ഥാന്‍ ഐസിസിക്ക് പരാതി നല്‍കിയിരുന്നു. പൈക്രോഫ്റ്റിനെ ഏഷ്യാ കപ്പ് ഒഫീഷ്യല്‍സ് പട്ടികയില്‍ നിന്നു ഒഴിവാക്കണമെന്ന ആവശ്യമാണ് പാകിസ്ഥാന്‍ മുന്നോട്ടു വച്ചത്. എന്നാല്‍ ഐസിസി ആവശ്യം നിരസിക്കുകയും പൈക്രോഫ്റ്റിനെ സംരക്ഷിക്കുകയുമാണ് ചെയ്തത്. ഇന്നത്തെ പോരാട്ടത്തിലും പൈക്രോഫ്റ്റിനെ തന്നെയാണ് ഐസിസി മാച്ച് റഫറിയായി നിയമിച്ചിട്ടുള്ളത്.
ഐസിസി നടപടിയെടുക്കില്ലെന്നു വ്യക്തമാക്കിയതിനു പിന്നാലെ പാക് ടീം ടൂര്‍ണമെന്റ് ബഹിഷ്‌കരിക്കുമെന്നു ഭീഷണി മുഴക്കി രംഗത്തെത്തി. എന്നാല്‍ പിന്നീട് യുഎഇക്കെതിരെ കളിക്കാനിറങ്ങി. ജയത്തോടെ അവര്‍ സൂപ്പര്‍ ഫോറിലുമെത്തി. യുഎഇക്കെതിരായ പോരാട്ടത്തിനു തൊട്ടു മുന്‍പാണ് അവര്‍ ബഹിഷ്‌കരണം പിന്‍വലിച്ച് വീണ്ടും കളിക്കാന്‍ തയ്യാറായത്. ഇതോടെ ഒരു മണിക്കൂര്‍ വൈകിയാണ് കളി തുടങ്ങിയത്.
അതിനിടെ പൈക്രോഫ്റ്റുമായി പാക് ടീം നടത്തുന്ന ചര്‍ച്ചകളും അതില്‍ മാച്ച് റഫറി ക്ഷമാപണം നടത്തുന്നതിന്റേയും വിഡിയോ അവര്‍ പുറത്തു വിട്ടത് ഐസിസിയെ ചൊടിപ്പിച്ചു. വിഷയത്തില്‍ ഐസിസി പാക് ടീമിനോട് വിശദീകരണം ആവശ്യപ്പെട്ടു. യുഎഇക്കെതിരായ പോരാട്ടം കളിക്കാനിറങ്ങാന്‍ ഒരു മണിക്കൂര്‍ വൈകിയതിന്റെ കാരണം ബോധിപ്പിക്കാനും ഐസിസി പാക് ടീമിനോടു ആവശ്യപ്പെട്ടിരുന്നു.
അപരാജിതം ഇന്ത്യ
ഗ്രൂപ്പ് ഘട്ടത്തില്‍ പാകിസ്ഥാനെ ഏഴ് വിക്കറ്റിനാണ് ഇന്ത്യ തകര്‍ത്തത്. 47 റണ്‍സെടുത്ത് സൂര്യകുമാര്‍ യാദവ് മുന്നില്‍ നിന്നു ടീമിനെ നയിക്കുകയും ചെയ്തു. ബൗളിങില്‍ കുല്‍ദീപ് യാദവ്- അക്ഷര്‍ പട്ടേല്‍- വരുണ്‍ ചക്രവര്‍ത്തി സ്പിന്‍ ത്രയത്തിനു മുന്നില്‍ പാക് പട വിയര്‍ത്തു നിന്നു. ഒമാനെതിരായ പോരാട്ടത്തിനിടെ മൈതാനത്ത് തലയടിച്ചു വീണ അക്ഷര്‍ പട്ടേല്‍ ഇന്നു കളിക്കുമെന്നു ഉറപ്പായിട്ടില്ല. അക്ഷര്‍ കളിച്ചില്ലെങ്കില്‍ അര്‍ഷ്ദീപ് സിങിനായിരിക്കും നറുക്കു വീഴുക.
ഒമാനെതിരായ പോരട്ടത്തില്‍ വിശ്രമം ലഭിച്ച പേസര്‍ ജസ്പ്രിത് ബുംറ, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ തിരിച്ചെത്തും. ബാറ്റിങില്‍ ഏഷ്യാ കപ്പില്‍ ആദ്യമായി ബാറ്റിങിനു അവസരം കിട്ടിയ മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍ അര്‍ധ സെഞ്ച്വറി നേടി ഫോം വ്യക്തമാക്കിയിരുന്നു. മാന്‍ ഓഫ് ദി മാച്ചും സഞ്ജുവായിരുന്നു. അതേസമയം ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ ഇതുവരെ ഫോമിലെത്താത്തു മാത്രമാണ് ഇന്ത്യയെ കുഴക്കുന്നത്. സഹ ഓപ്പണര്‍ അഭിഷേക് ശര്‍മ സ്‌ഫോടനാത്മക ബാറ്റിങുമായി കളം വാഴുന്നത് ഇന്ത്യക്ക് കരുത്താണ്. ഇന്ന് അഭിഷേക്- ഗില്‍ ഓപ്പണിങ് സഖ്യം മിന്നും ഫോമിലെത്തിയാല്‍ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാകും.
പാക് പ്രതിസന്ധി
കളത്തിനു പുറത്തുള്ള വിവാദങ്ങള്‍ പാക് ടീമിനെ പിടിച്ചുലച്ചിട്ടുണ്ട്. ടൂര്‍ണമെന്റിനു മുന്‍പ് പരിചയ സമ്പന്നരും മുന്‍ നായകന്‍മാരുമായ ബാബര്‍ അസം, മുഹമ്മദ് റിസ്വാന്‍ എന്നീ നിര്‍ണായക താരങ്ങളെ ഒഴിവാക്കി താരതമ്യേന പുതുമുഖങ്ങള്‍ നിറഞ്ഞ ടീമിനെ ഇറക്കി പ്രതാപം വീണ്ടെടുക്കാമെന്ന സ്വപ്‌നവുമായി എത്തിയ അവര്‍ക്ക് വലിയ പിഴവാണ് സംഭവിച്ചത്.
ടീമിലെ പരിചയ സമ്പന്നരായ ഫഖര്‍ സമാന്‍, ക്യാപ്റ്റന്‍ സല്‍മാന്‍ ആഘ എന്നിവര്‍ ഇതുവരെ ഫോമിലെത്തിയിട്ടില്ല. പേസര്‍ ഷഹീന്‍ ഷാ അഫ്രീദിയ്ക്കും മികവു കാണിക്കാനായിട്ടില്ല. ഇന്ത്യക്കെതിരായ ആദ്യ പോരാട്ടത്തില്‍ ഒന്നാം ഓവറിലെ ആദ്യ രണ്ട് പന്തിലും സിക്‌സും ഫോറും തൂക്കിയാണ് അഭിഷേക് ശര്‍മ ഷഹീന്‍ അഫ്രീദിയെ എതിരേറ്റത്. താരം ഫോമിലേക്കെത്തുമെന്ന പ്രതീക്ഷയിലാണ് ടീം. സ്പിന്നര്‍ അബ്രാര്‍ അഹമദാണ് മറ്റൊരു പ്രതീക്ഷ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
