

ദുബൈ: ഏഷ്യാ കപ്പില്‍ ഇന്ത്യ- പാകിസ്ഥാന്‍ ബ്ലോക്ക്ബസ്റ്റര്‍ പോരാട്ടം നാളെ നടക്കാനിരിക്കെ ഇന്ത്യന്‍ ടീം ഏതു മൂഡിലാണെന്നു വ്യക്തമാക്കി സഹ പരിശീലകന്‍ റയാന്‍ ടെന്‍ഡോഷെ. ഇന്ത്യ- പാകിസ്ഥാന്‍ മത്സരം ബഹിഷ്‌കരിക്കണമെന്ന മുറവിളി ഉയരുന്നതിനിടെയാണ് പോരാട്ടം നടക്കാനിരിക്കുന്നത്.
പുറത്തു നടക്കുന്ന കോലാഹലങ്ങള്‍ ശ്രദ്ധിക്കേണ്ടതില്ലെന്ന കര്‍ശന നിര്‍ദ്ദേശമാണ് ഡ്രസിങ് റൂമില്‍ കോച്ച് ഗംഭീര്‍ വ്യക്തമാക്കിയതെന്നു ടെന്‍ഡോഷെ പറയുന്നു. കാര്യങ്ങള്‍ പ്രൊഫഷണലായി തന്നെ മുന്നോട്ടു പോകണമെന്ന നിര്‍ദ്ദേശമാണ് പരിശീലകന്‍ താരങ്ങള്‍ക്കു നല്‍കിയിരിക്കുന്നത്.
ഇന്ത്യ- പാക് മത്സരം ബഹിഷ്‌കരിക്കണമെന്ന ആവശ്യം രാജ്യവ്യാപകമായി ഉയര്‍ന്നിട്ടുണ്ട്. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പരസ്പരം കളിക്കേണ്ടതില്ലെന്ന നിലപാടാണ് ആരാധകരിലടക്കം ഒരു വിഭാഗം പ്രകടിപ്പിക്കുന്ന വികാരം.
വിഷയം ഏറെ വൈകാരികമാണെന്നു ടെന്‍ഡോഷെ പറയുന്നു. അതിനാല്‍ തന്നെ ഇന്ത്യന്‍ സര്‍ക്കാരിന്റേയും ബിസിസിഐയുടേയും നിര്‍ദ്ദേശങ്ങള്‍ ടീം കര്‍ശനമായി തന്നെ പാലിച്ചാണ് കളിയെ സമീപിക്കാന്‍ ഒരുങ്ങുന്നതെന്നും ഡച്ച് പരിശീലകന്‍ വ്യക്തമാക്കി.
അതിനിടെ ബിസിസിഐ അധികൃതരാരും മത്സരം കാണാന്‍ വരില്ലെന്ന റിപ്പോര്‍ട്ടുകളുണ്ട്. മത്സരം രഹസ്യമായി ബഹിഷ്‌കകരിക്കാനുള്ള നീക്കമാണെന്നു റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. മത്സര ദിവസമായ നാളെ ഒരു പ്രതിനിധി മാത്രമായിരിക്കും പങ്കെടുക്കുക.
നേരത്തെ ചാംപ്യന്‍സ് ട്രോഫി പോരാട്ടത്തിലെ ഇന്ത്യ- പാക് മത്സരം കാണാന്‍ ബിസിസിഐയിലെ ഒട്ടേറെ പേര്‍ എത്തിയിരുന്നു. എന്നാല്‍ ഇത്തവണ പങ്കെടുത്താല്‍ അതു വിവാദമായേക്കുമെന്ന കണക്കുകൂട്ടലിലാണ് തീരുമാനം.
ഇത്തവണ ഏഷ്യാ കപ്പ് ഇന്ത്യയിലാണ് നടത്തേണ്ടിയിരുന്നത്. എന്നാല്‍ പാകിസ്ഥാന്‍ ഇന്ത്യന്‍ മണ്ണില്‍ കളിക്കില്ലെന്നു വ്യക്തമാക്കിയതോടെ എല്ലാ മത്സരങ്ങലും യുഎഇയിലേക്ക് മാറ്റാന്‍ ബിസിസിഐ തീരുമാനിക്കുകയായിരുന്നു. അടുത്ത വര്‍ഷം ഇന്ത്യയില്‍ അരങ്ങേറുന്ന ടി20 ലോകകപ്പ് കളിക്കാനും പാകിസ്ഥാന്‍ വരില്ല. പാകിസ്ഥാന്റെ ലോകകപ്പിലെ മത്സരങ്ങള്‍ ശ്രീലങ്കയിലാണ് നടക്കുക.
അതിനിടെ ഇന്ത്യ- പാക് മത്സരം റദ്ദാക്കണമെന്നു ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജിയും വന്നിരുന്നു. എന്നാല്‍ ഹര്‍ജിയില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന ആവശ്യം കോടതി തള്ളി. അതൊരു മത്സരമല്ലേയെന്നും അതു നടക്കട്ടെയെന്നും വ്യക്തമാക്കിയാണ് കോടതി ഹര്‍ജി തള്ളിയത്.
ഇന്ത്യയും പാകിസ്ഥാനും മാത്രമായുള്ള പോരാട്ടങ്ങളാണ് നടക്കാത്തത്. ഐസിസി അടക്കമുള്ള ടൂര്‍ണമെന്റുകളിലെ മത്സരങ്ങള്‍ നടത്താമെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടാണ് കുറച്ചു കാലമായി ഇന്ത്യന്‍ ടീം പിന്തുടരുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates