

അബുദാബി: ഏഷ്യാ കപ്പിൽ മൂന്ന് ആധികാരിക വിജയങ്ങളുമായി സൂപ്പർ ഫോർ റൗണ്ടിലെത്തിയ ആഹ്ലാദത്തിനിടെ ശ്രീലങ്കൻ ടീം ക്യാംപിനെ ദുഃഖത്തിലാഴ്ത്തി ഓൾ റൗണ്ടർ ദുനിത് വെള്ളാലഗെയുടെ പിതാവിന്റെ വിയോഗം. അബുദാബിയിൽ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ ശ്രീലങ്ക സ്കോർ പിന്തുടർന്നു ബാറ്റിങ് തുടരുന്നതിനിടെയാണ് സങ്കട വാർത്ത ക്യാംപിലെത്തിയത്.
ദുനിതിന്റെ പിതാവ് സുരങ്ക വെള്ളാലഗെ ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്. ശ്രീലങ്കയിലെ പ്രിൻസ് ഓഫ് വെയിൽസ് ടീമിന്റെ ക്യാപ്റ്റനായിരുന്നു സുരങ്ക. അദ്ദേഹത്തിനു പക്ഷേ ലങ്കൻ ദേശീയ ടീമിൽ അവസരം കിട്ടിയില്ല. മകനിലൂടെയാണ് ആ സ്വപ്നം പിതാവ് സാക്ഷാത്കരിച്ചത്.
മത്സര ശേഷം പരിശീലകൻ സനത് ജയസൂര്യയാണ് താരത്തോടു ദുഃഖ വാർത്ത അറിയിച്ചത്. പരിശീലകനും സഹ താരങ്ങളും മറ്റും ദുനിതിനെ ആശ്വസിപ്പിക്കുന്ന വിഡിയോയും പുറത്തു വന്നിട്ടുണ്ട്.
ദുനിതിന്റെ പിതാവ് അൽപ്പ സമയം മുൻപ് നമ്മെ വിട്ടിപിരിഞ്ഞു. അതീവ വേദനയോടെയാണ് ഞാനിതു പറയുന്നത്. മരണ വിവരം ദുനിതിനെ അറിയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തിനു പിന്തുണ നൽകേണ്ട സമയമാണ്. അതിനാൽ ആഘോഷങ്ങൾ അവസാനിപ്പിക്കണം- മുൻ ശ്രീലങ്കൻ താരം റസൽ അർണോൾഡ് കമന്ററിക്കിടെ വ്യക്തമാക്കി.
മത്സരത്തിൽ ആദ്യ മൂന്നോവറിൽ നന്നായി പന്തെറിഞ്ഞ ദുനിതിനു പക്ഷേ അവസാന ഓവറിൽ മികവ് കൈവിടേണ്ടി വന്നു. ഈ ഓവറിൽ അഫ്ഗാൻ താരം മുഹമ്മദ് നബി അഞ്ച് സിക്സുകൾ സഹിതം 32 റൺസ് വാരി. ദുനിത് വെള്ളാലഗെ നാലോവറിൽ 49 റൺസാണ് വഴങ്ങിയത്. ഒരു വിക്കറ്റ് നേടി. മത്സരത്തിൽ ലങ്ക ആറ് വിക്കറ്റ് വിജയവുമായി ഗ്രൂപ്പ് ചാംപ്യൻമാരായ സൂപ്പർ ഫോറിലെത്തി. അഫ്ഗാൻ പുറത്താകുകയും ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates