ന്യൂഡൽഹി: ഇംഗ്ലണ്ട് പേസർ ജെയിംസ് ആൻഡേഴ്സനെ നേരിടുന്നതിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ് ലിക്ക് ഇപ്പോഴും വ്യക്തത കുറവുണ്ടെന്ന് മുൻ പേസര് ഇർഫാൻ പഠാൻ. മിച്ചൽ ജോൺസനെ പോലൊരു ബൗളറെ നേരിടുന്നതിൽ കോഹ് ലിക്ക് ആശങ്കകളുണ്ടാവില്ല. എന്നാൽ ആൻഡേഴ്സന് എതിരെ മുള്ളിന്മേലാവും കോഹ് ലി നിൽക്കുകയെന്ന് ഇർഫാൻ പഠാൻ പറഞ്ഞു.
നിങ്ങൾ കോഹ് ലിയോട് ചോദിക്കൂ, മിച്ചൽ ജോൺസന്റെ ഫാസ്റ്റ് ബൗളിങ്ങിൽ കോഹ് ലിക്ക് ആകുലതകളുണ്ടാവില്ല. എന്നാൽ ആൻഡേഴ്സന്റെ കാര്യത്തിൽ അങ്ങനെയല്ല. പന്തിൽ മൂവ്മെന്റ് ഉണ്ടാവുമ്പോൾ ലോകത്ത് ഒരു ബാറ്റ്സ്മാനും സ്വസ്ഥതയുണ്ടാവില്ല. അനിശ്ചിതത്വമാണ് അവിടെ. അത് എല്ലായ്പ്പോഴും അങ്ങനെ തന്നെയായിരിക്കും ഇർഫാൻ പഠാൻ പറയുന്നു.
കമിൻസിനും ആർച്ചർക്കും എതിരെ പന്തും ബട്ട്ലറും ലാപ്പ് ഷോട്ടും റിവേഴ്സ് സ്വീപ്പും കളിക്കുന്നത് നമ്മൾ കണ്ടു. സ്പീഡ് മാത്രം കൊണ്ട് ജയം നേടാനാവില്ല. കാരണം ബാറ്റ്സ്മാൻ സ്പീഡിനെ ഭയക്കുന്ന കാലം കഴിഞ്ഞു. സംവിധാനങ്ങളും ബാറ്റുകളും മെച്ചപ്പെട്ടു. പന്തിന്റെ പേസിലൂടെ ഗ്രൗണ്ട് കടക്കാൻ ഒരു ടച്ച് മാത്രം മതി. ഇവിടെ അതിജീവിക്കണം എങ്കിൽ കഴിവ് വേണം. പന്ത് സ്വിങ് ചെയ്യിക്കാൻ സാധിക്കുന്നത് ഒരു വലിയ കഴിവാണെന്നും പഠാൻ പറയുന്നു.
2014ലെ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിന്റെ സമയം നാല് വട്ടമാണ് ഇന്ത്യൻ നായകനെ ആൻഡേഴ്സൻ പുറത്താക്കിയത്. 10 ഇന്നിങ്സിൽ നിന്ന് കോഹ് ലിക്ക് അവിടെ നേടാനായത് 134 റൺസ് മാത്രം. എന്നാൽ 2018ൽ 593 റൺസ് ആണ് ഇംഗ്ലണ്ടിൽ കോഹ് ലി സ്കോർ ചെയ്തത്. 2 സെഞ്ചുറിയും മൂന്ന് അർധ ശതകവും ഇതിൽ ഉൾപ്പെടുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates