

മെൽബൺ: ബോക്‌സിങ് ഡേ ടെസ്റ്റിന്റെ മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ രണ്ടാം ഇന്നിങ്‌സിൽ ലീഡ് സ്വന്തമാക്കി ഓസ്‌ട്രേലിയ. നാല് വിക്കറ്റ് അവശേഷിക്കേ രണ്ട് റൺസിൻറെ ലീഡ് മാത്രമാണ് ഓസ്‌ട്രേലിയക്കുള്ളതെന്നത് ഇന്ത്യയുടെ ജയപ്രതീക്ഷ നിലനിർത്തുന്നതാണ്. മൂന്നാം ദിനം സ്റ്റമ്പെടുക്കുമ്പോൾ ആറു വിക്കറ്റ് നഷ്ടത്തിൽ 133 റൺസെന്ന നിലയിലാണ് ഓസീസ്. 65 പന്തിൽ നിന്ന് 17 റൺസുമായി കാമറൂൺ ഗ്രീനും 53 പന്തിൽ നിന്ന് 15 റൺസുമായി പാറ്റ് കമ്മിൻസുമാണ് ക്രീസിൽ.
ഇന്ത്യൻ ബൗളർമാർ മികച്ച പ്രകടനം പുറത്തെടുത്തപ്പോൾ രണ്ടാം ഇന്നിങ്സിൽ ഓസീസിന്റെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. രണ്ട് വിക്കറ്റുമായി രവീന്ദ്ര ജഡേജയും ഓരോ വിക്കറ്റ് നേടി ജസ്‌പ്രീത് ബുമ്രയും ഉമേഷ് യാദവും മുഹമ്മദ് സിറാജും രവിചന്ദ്ര അശ്വിനുമാണ് ഓസീസ് പദ്ധതികൾ പൊളിച്ചത്.
ഓസിസ് സ്കോർ നാലിൽ നിൽക്കെ ഓപ്പണർ ജോ ബേൺസിനെ (4) പുറത്താക്കി ഉമേഷ് യാദവാണ് ആദ്യ പ്രഹരം നൽകിയത്. പിന്നാലെ മാർനസ് ലബുഷെയ്ന്റെ (28) വിക്കറ്റ് അശ്വിൻ വീഴ്ത്തി. സ്റ്റീവ് സ്മിത്തിനെ ബുംറയും മാത്യു വെയ്ഡനെ ജഡേജയും പുറത്താക്കി. ട്രാവിഡ് ഹെഡിനെ സിറാജ് മടക്കി. ഓസീസ് ക്യാപ്റ്റൻ ടീം പെയ്നും ജഡേജയ്ക്ക് മുന്നിൽ കീഴടങ്ങി. സ്റ്റീവ് സ്മിത്ത് (8), മാത്യു വെയ്ഡ് (40), ട്രാവിഡ് ഹെഡ് (17), പെയ്ന് (1) എന്നിങ്ങനെയാണ് സ്കോർ.
നേരത്തെ ഓസ്ട്രേലിയക്കെതിരേ 131 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് ഇന്ത്യ സ്വന്തമാക്കിയിരുന്നു. മൂന്നാം ദിനം അഞ്ചു വിക്കറ്റിന് 277 റൺസെന്ന നിലയിൽ ബാറ്റിങ് ആരംഭിച്ച ഇന്ത്യ 326 റൺസിന് ഓൾഔട്ടായി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates