

പല്ലെക്കലെ: ടി20 ലോകകപ്പില്‍ നിന്നും ഓസ്‌ട്രേലിയ പുറത്ത്. മഴയെ തുടര്‍ന്ന് ശ്രീലങ്കയില്‍ പല്ലെക്കലെ സ്റ്റേഡിയത്തില്‍ നടക്കേണ്ടിയിരുന്ന സിംബാബ്‌വെ അയര്‍ലന്‍ഡ് മത്സരം ടോസ് പോലും ഇടാനാകാതെ ഉപേക്ഷിച്ചതോടെയാണ് ഓസ്‌ട്രേലിയ ലോകകപ്പില്‍നിന്നു പുറത്തായത്. ഇതോടെ സിംബാബ്‌വെ 2026 ടി20 ലോകകപ്പിന്റെ സൂപ്പര്‍ എട്ടില്‍ കടന്നു.
മത്സരം ഉപേക്ഷിച്ചതോടെ സിംബാബ്‌വെയും അയര്‍ലന്‍ഡും പോയിന്റുകള്‍ പങ്കുവെയ്ക്കുകയായിരുന്നു. ഇതോടെ മുന്‍ ചാംപ്യന്‍മാരായ ഓസ്ട്രേലിയയും അയര്‍ലന്‍ഡും സൂപ്പര്‍ എട്ട് കാണാതെ പുറത്താവുകയായിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ സിംബാബ്‌വെയ്‌ക്കെതിരെയും ശ്രീലങ്കയ്‌ക്കെതിരെയും തോറ്റതോടെയാണ് ഓസ്‌ട്രേലിയയ്ക്ക് ടൂര്‍ണമെന്റില്‍നിന്നു പുറത്തേയ്ക്കുള്ള വാതില്‍ തുറന്നത്. ആദ്യ മത്സരത്തില്‍ അയര്‍ലന്‍ഡിനോട് മാത്രമാണ് അവര്‍ ജയിക്കാനായത്. ഒമാനെതിരായി ഒരു മത്സരം കൂടി ബാക്കിയുണ്ടെങ്കിലും ഇതു ജയിച്ചാലും നാലു പോയിന്റേ ആകൂ.
ഓസീസിനെതിരെ അട്ടിമറി ജയം നേടിയ സിംബാബ്‌വെ, 2024 ലോകകപ്പിന് യോഗ്യത നേടാനാകാതെ പോയതിന്റെ മധുരപ്രതികാരം കൂടിയായി ഇത്. സൂപ്പര്‍ എട്ടില്‍ കടന്നതോടെ 2028 ട്വന്റി20 ലോകകപ്പിനും അവര്‍ക്ക് സ്വാഭാവിക യോഗ്യത നേടി. സൂപ്പര്‍ എട്ടില്‍ ഇന്ത്യ ഉള്‍പ്പെടുന്ന ഗ്രൂപ്പ് ഒന്നിലാണ് അവര്‍. ദക്ഷിണാഫ്രിക്ക, വെസ്റ്റിന്‍ഡീസ് എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍. സൂപ്പര്‍ എട്ട് ടീമുകളില്‍ ഇനി ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാരെ മാത്രം അറിഞ്ഞാല്‍ മതി. യുഎസ്എ, പാകിസ്ഥാന്‍ എന്നീ ടീമുകളിലൊന്നാകും സൂപ്പര്‍ എട്ടില്‍ കടക്കുക. നാളെ നമീബിയയ്‌ക്കെതിരായ മത്സരത്തില്‍ ജയിച്ചാല്‍ പാകിസ്ഥാന് സൂപ്പര്‍ എട്ടില്‍ പ്രവേശിക്കാം. ഇന്ത്യ നേരത്തെ തന്നെ സൂപ്പര്‍ എട്ടിലെത്തിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates