സിഡ്‌നി: ഓസ്‌ട്രേലിയന്‍ ഓപ്പണറും ടി20 നായകനുമായ ആരോണ്‍ ഫിഞ്ച് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. 12 വര്‍ഷം നീണ്ട ഉജ്ജ്വലമായ കരിയറിനാണ് ഫിഞ്ച് വിരാമമിട്ടത്. നിലവില്‍ ഓസീസിന്റെ ടി20 ടീമില്‍ മാത്രം അംഗമാണ് ഫിഞ്ച്. ഏകദിനത്തില്‍ നിന്ന് നേരത്തെ വിരമിച്ചിരുന്നു.
ഓസ്‌ട്രേലിയക്ക് ടി20 ലോകകപ്പ് സമ്മാനിച്ച നായകനാണ് ഫിഞ്ച്. ഏകദിന ടീമിനേയും നേരത്തെ നയിച്ചിട്ടുണ്ട്. 76 ടി20 മത്സരങ്ങളിലും 55 ഏകദിനങ്ങളിലും ഫിഞ്ച് ഓസീസിനെ നയിച്ചു. മൂന്ന് വിഭാഗങ്ങളിലുമായി ആകെ 254 അന്താരാഷ്ട്ര മത്സരങ്ങളാണ് താരം ഓസ്‌ട്രേലിയന്‍ ജേഴ്‌സിയില്‍ കളിച്ചത്. അഞ്ച് ടെസ്റ്റുകള്‍, 146 ഏകദിനം, 103 ടി20 മത്സരങ്ങള്‍.
'2024ല്‍ നടക്കുന്ന ലോകകപ്പ് വരെ കളിക്കാന്‍ എനിക്ക് സാധിക്കില്ലെന്ന് ഞാന്‍ തിരിച്ചറിയുന്നു. ലോകകപ്പിന് പുതിയ ടീമിനെ കെട്ടിപ്പടുക്കാനുള്ള പദ്ധതികള്‍ ആരംഭിക്കേണ്ട സമയമാണ്. അതുകൊണ്ടു തന്നെ വിരമിക്കാന്‍ ഉചിതമായ സമയമായെന്ന് ഞാന്‍ കരുതുന്നു. അന്താരാഷ്ട്ര കരിയറിലുടനീളം പിന്തുച്ച എല്ലാ ആരാധകരോടും ഞാന്‍ നന്ദി പറയുന്നു.'
'2021ലെ ടി20 ലോകകപ്പ്, 2015ലെ ഏകദിന ലോകകപ്പ് നേട്ടങ്ങള്‍ ഏറ്റവും വലിയ നിമിഷങ്ങളാണ്. 12 വര്‍ഷം ഓസ്‌ട്രേലിയക്കായി കളിക്കാന്‍ കഴിഞ്ഞതും മഹാരഥന്‍മാരായ നിരവധി താരങ്ങള്‍ക്കെതിരെ കളിക്കാന്‍ കഴിഞ്ഞതും അവിശ്വസനീയ ബഹുമതിയാണ്'- ഫിഞ്ച് വ്യക്തമാക്കി.
2011ല്‍ ഇംഗ്ലണ്ടിനെതിരായ ടി20 പോരാട്ടത്തിലാണ് ഫിഞ്ച് ഓസ്‌ട്രേലിയക്കായി അരങ്ങേറിയത്. 146 ഏകദിന മത്സരങ്ങളില്‍ നിന്ന് 5,406 റണ്‍സാണ് താരം അടിച്ചെടുത്തത്. 17 ശതകം 30 അര്‍ധ ശതകങ്ങളും നേടി. 103 ടി20 പോരാട്ടങ്ങളില്‍ നിന്ന് 3,120 റണ്‍സ് സമ്പാദ്യം. രണ്ട് സെഞ്ച്വറിയും 19 അര്‍ധ സെഞ്ച്വറിയും. അഞ്ച് ടെസ്റ്റില്‍ നിന്ന് 278 റണ്‍സ്. രണ്ട് അര്‍ധ സെഞ്ച്വറികളും ടെസ്റ്റില്‍ നേടി.
153 റണ്‍സാണ് ഏകദിനത്തിലെ ഉയര്‍ന്ന സ്‌കോര്‍. ടി20യില്‍ 172 റണ്‍സും ടെസ്റ്റില്‍ 62 റണ്‍സും മികച്ച പ്രകടനം. അന്താരാഷ്ട്ര ടി20യിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ ഫിഞ്ച് നേടിയ 172 റണ്‍സാണ്.
2018ല്‍ സിംബാബ്‌വെക്കെതിരെയാണ് താരത്തിന്റെ റെക്കോര്‍ഡ് പ്രകടനം. 76 പന്തില്‍ നിന്നായിരുന്നു ഈ മിന്നലടി. പത്ത് സിക്‌സും 16 ഫോറും സഹിതമായിരുന്നു ഫിഞ്ചിന്റെ കടന്നാക്രമണം. ഈ റെക്കോര്‍ഡ് ഇന്നും തകരാതെ നില്‍ക്കുന്നു.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് താരം ഏകദിനത്തില്‍ നിന്ന് വിരമിച്ചത്. അഞ്ച് വര്‍ഷം മുന്‍പ് ഇന്ത്യക്കെതിരെയാണ് അവസാന ടെസ്റ്റ് മത്സരം കളിച്ചത്.
പരിമിത ഓവര്‍ ക്രിക്കറ്റിലെ സൂപ്പര്‍ സ്റ്റാറായാണ് ഫിഞ്ച് പരിഗണിക്കപ്പെടുന്നത്. 2020ല്‍ ഐസിസിയുടെ ദശാബ്ദത്തിലെ ഏറ്റവും മികച്ച ടി20 താരത്തിനുള്ള പുരസ്‌കാരം ഫിഞ്ച് സ്വന്തമാക്കിയിരുന്നു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates