

ധാക്ക: ടി20 ലോകകപ്പില്‍ നിന്നുള്ള ബംഗ്ലാദേശിന്റെ പുറത്താകല്‍ വലിയ ചര്‍ച്ചയും വിവാദവുമായിരുന്നു. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ത്യന്‍ മണ്ണില്‍ കളിക്കാന്‍ സാധിക്കില്ലെന്ന കടുത്ത നിലപാടുമായി അവര്‍ നിന്നതോടെയാണ് ഐസിസി ബംഗ്ലാദേശിനെ പുറത്താക്കിയത്. എന്നാല്‍ രാഷ്ട്രീയ കാരങ്ങളാലുള്ള ഈ തീരുമാനം കളിക്കാരെ സംബന്ധിച്ചു വലിയ നഷ്ടമാണ് ഉണ്ടാക്കിയതെന്നു തുറന്നു സമ്മതിക്കുകയാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ടീം സഹ പരിശീലകന് മുഹമ്മദ് സലാഹുദ്ദീന്.
വിഷയം ഇത്രയും വഷളാക്കിയത് ബംഗ്ലാദേശ് കായിക ഉപദേഷ്ടാവായി സേവനമനുഷ്ഠിച്ചിരുന്ന ആസിഫ് നസ്റുലാണെന്നു പരിശീലകന് തുറന്നടിച്ചു. വിഷയത്തില്‍ ബംഗ്ലാദേശ് താരങ്ങളെ നേരില്‍ കണ്ട് സര്‍ക്കാര്‍ തീരുമാനം അറിയിച്ചത് ആസിഫ് നസ്റുലായിരുന്നു. എന്നാല്‍ ബംഗ്ലാദേശിനെ പുറത്താക്കിയതിനു പിന്നാലെ ക്രിക്കറ്റ് ബോര്‍ഡും താരങ്ങളുമാണ് ഇന്ത്യന്‍ മണ്ണില്‍ കളിക്കേണ്ടതില്ല എന്ന തീരുമാനം എടുത്തത് എന്നായിരുന്നു നസ്റുല്‍ അവകാശപ്പെട്ടത്. ഇക്കാര്യമാണ് മുഹമ്മദ് സലാഹുദ്ദീന് ചോദ്യം ചെയ്യുന്നത്.
'അയാള്‍ നുണയനാണ്. ടീമിലെ ചില താരങ്ങള്‍ക്ക് വലിയ മാനസിക ആഘാതമാണ് ലോകകപ്പ് കളിക്കാന്‍ കഴിയില്ലെന്ന തീരുമാനം ഉണ്ടാക്കിയത്. ഒരാഴ്ചയോളമാണ് ചില താരങ്ങള്‍ മാനസികമായി കോമയിലായത്. അയാളൊരു അധ്യാപകനാണ്. അധ്യാപന് എങ്ങനെയാണ് ഇങ്ങനെ നുണ പറയുന്നത് എന്നു സങ്കല്പ്പിക്കാന് പോലും എനിക്കു സാധിക്കുന്നില്ല.'
'താരങ്ങള്‍ കാരണമാണ് ബംഗ്ലാദേശ് ലോകകപ്പ് കളിക്കാത്തത് എന്ന അയാളുടെ പ്രസ്താവന അംഗീകരിക്കാന്‍ എങ്ങനെ സാധിക്കും. ദേശീയ താത്പര്യം മുന്‍നിര്‍ത്തിയാണ് ലോകകപ്പ് ഇന്ത്യയില്‍ കളിക്കേണ്ടതില്ല എന്ന തീരുമാനം എടുത്തത്. അതംഗീകരിക്കാന്‍ കളിക്കാര്‍ ഒരുക്കമാണ്.'
'പക്ഷേ അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ ഉന്നയിക്കുമ്പോള്‍ എനിക്ക് വ്യക്തിപരമായി എന്റെ കീഴിലുള്ള താരങ്ങളുടെ കാര്യം പറയേണ്ടി വരും. ലോകകപ്പ് കളിക്കുക എന്നത് ഏതൊരു താരത്തിന്റേയും സ്വപ്നമാണ്. ഒറ്റ സെക്കന്‍ഡ് കൊണ്ടാണ് അതെല്ലാം നശിപ്പിക്കപ്പെട്ടത്. താരങ്ങളുടെ സ്വപ്നങ്ങളാണ് ഇല്ലാതാക്കിയത്. മാനസികമായി നിരാശയിലാണ്ടു പോയ താരങ്ങളെ തിരിച്ചു ഗ്രൗണ്ടിലേക്ക് എത്തിക്കാന്‍ ഞങ്ങള്‍ക്ക് കഠിനമായി തന്നെ പരിശ്രമിക്കേണ്ടി വന്നു. അവരെല്ലാം പഴയ ഊര്‍ജ്ജത്തിലേക്ക് തിരിച്ചെത്തിയതു തന്നെ വലിയ ആശ്വാസം'- മുഹമ്മദ് സലാഹുദ്ദീൻ വ്യക്തമാക്കി.
ടി20 ലോകകപ്പില്‍ പങ്കെടുക്കാതിരിക്കാനുള്ള തീരുമാനവുമായി ബന്ധപ്പെട്ട് ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങളുമായും ബിസിബി ഉദ്യോഗസ്ഥരുമായും നടത്തിയ ഒരു കൂടിക്കാഴ്ചയില്‍ നസ്രുല്‍ പങ്കെടുത്തിരുന്നു. ഈ യോഗത്തിലാണ് സര്‍ക്കാര്‍ തീരുമാനം അദ്ദേഹം കളിക്കാരെ ധരിപ്പിച്ചത്. ഐസിസി നല്കിയ അന്ത്യശാസനത്തിനു ശേഷമായിരുന്നു ഈ യോഗം. എന്നാല്‍ ബഹിഷ്കരണ തീരുമാനത്തില്‍ ഉറച്ചു നില്ക്കുന്നതായാണ് യോഗ ശേഷം നസ്റുല്‍ പ്രഖ്യാപിച്ചത്. തുടര്‍ന്നാണ് ഐസിസി ബംഗ്ലാദേശിനെ പുറത്താക്കി സ്കോട്ലന്ഡിനു പകരം അവസരം നല്‍കിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates