

സിഡ്നി: ഓസ്ട്രേലിയയിലെ സിഡ്നി ബോണ്ടി ബീച്ചിലുണ്ടായ വെടി വയ്പ്പിൽ നിന്നു രക്ഷപ്പെട്ടതായി മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മൈക്കൽ വോൺ. ബോണ്ടി ബീച്ചിൽ നടന്ന ജൂത ആഘോഷമായ ഹനൂക്കയുടെ ആദ്യ ദിനത്തിലാണ് ഭീകരാക്രമണമുണ്ടായത്. സംഭവത്തിൽ 15 പേർ കൊല്ലപ്പെട്ടു. 40 പേർക്കു പരിക്കേറ്റു.
ആഷസ് പരമ്പരയുടെ കമന്ററി പാനലിൽ അംഗമാണ് വോൺ. ഇതിന്റെ ഭാഗമായാണ് അദ്ദേഹം ഓസ്ട്രേലിയയിൽ എത്തിയത്. സംഭവം നടക്കുമ്പോൾ പ്രദേശത്ത് വോണുണ്ടായിരുന്നു. അടുത്തുള്ള റസ്റ്റോറന്റിൽ അഭയം തേടിയതാണ് രക്ഷയായത്.
‘ബോണ്ടിയിലെ ഒരു റസ്റ്റേറന്റിൽ കുടുങ്ങിപ്പോയത് ഭയപ്പെടുത്തുന്ന കാര്യമാണ്. ഇപ്പോൾ സുരക്ഷിതമായി തിരിച്ചെത്തി. എമര്‍ജൻസി സര്‍വീസുകൾക്കും ഭീകരരെ നേരിട്ട വ്യക്തിക്കും നന്ദി അറിയിക്കുന്നു. ഭീകരാക്രമണത്തിൽ ഇരയാക്കപ്പെട്ടവർക്കൊപ്പം നിൽക്കേണ്ട സമയമാണിത്’– വോൺ എക്സിൽ കുറിച്ചു.
ബോണ്ടി ബീച്ചിൽ ജൂത ആഘോഷം നടക്കുന്നതിനിടെ ആൾക്കൂട്ടത്തിനു നേരെ വെടി വച്ചത് അച്ഛനും മകനുമെന്നു റിപ്പോർട്ട്. പാകിസ്ഥാൻ വംശജരായ 50 കാരനായ സാജിദ് അക്രം ഇയാളുടെ മകൻ നവീദ് അക്രം എന്ന 24കാരനുമാണ് അക്രമികൾ. ഇതിൽ 50കാരനെ ആക്രമണത്തിനു പിന്നാലെ പൊലീസ് വെടിവച്ചു കൊന്നു. നവീദ് സാരമായ പരിക്കുകളോടെ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
ഓസ്ട്രേലിയയിലെ ജൂത വിഭാഗത്തേയാണ് അക്രമികൾ ലക്ഷ്യമിട്ടതെന്നു റിപ്പോർട്ടുകളുണ്ട്. ഇരുവരും മാത്രമാണ് ആക്രമണത്തിനു പിന്നിലെന്നു പൊലീസ് വ്യക്തമാക്കി. സംഭവം ഭീകരാക്രമണമാണെന്നു പൊലീസ് സ്ഥിരീകരിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates