ന്യൂഡൽഹി: ഓസ്ട്രേലിയൻ പര്യടനത്തിലുള്ള ഇന്ത്യൻ സംഘത്തിൽ ആരാധകരുടെ കൈയടി വാങ്ങുന്നത് താത്കാലിക നായകൻ അജിൻക്യ രഹാനെയാണ്. ഇപ്പോഴിതാ ഓസീസ് പര്യടനത്തിന് മുന്നോടിയായി രഹാനെ നടത്തിയ കഠിനാധ്വാനത്തിന്റെ കഥ വിവരിച്ച് രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ പരിശീലകനും മെന്ററുമായ പ്രവീൺ ആംറെ.
പരമ്പരയിലെ ആദ്യ രണ്ടു ടെസ്റ്റുകൾ പൂർത്തിയാകുമ്പോൾ 181 റൺസുമായി രഹാനെയാണ് റൺവേട്ടയിൽ മുന്നിൽ. ഇത്തരമൊരു സ്ഥിരതയിലേക്കെത്താൻ താരം പരിശീലന വേളയിൽ പ്രത്യേക തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. ശരീരത്തിൽ നിറയെ ഏറും വാങ്ങിക്കൂട്ടിയെന്ന് ആംറെ പറയുന്നു.
ഓസ്ട്രേലിയയിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ അത്തരമൊരു അന്തരീക്ഷം പരിശീലന വേളയിൽത്തന്നെ സൃഷ്ടിച്ച് ഒട്ടേറെത്തവണ ശരീരത്തൽ ഏറുകൾ ഏറ്റുവാങ്ങിയാണ് രഹാനെ പരമ്പരയ്ക്കായി ഒരുങ്ങിയതെന്നാണ് വെളിപ്പെടുത്തൽ. ഓസ്ട്രേലിയൻ പേസ് ബോളർമാരുടെ ആക്രമണത്തെ ഫലപ്രദമായി തടയുന്നതിനായിരുന്നു ഇത്.
‘പരിശീല വേളയിൽ രഹാനെ സ്വന്തമായ ചില രീതികൾ ആവിഷ്കരിച്ചിരുന്നു. പന്തെറിയുന്നവരോട് ചില പ്രത്യേക മേഖലകളിൽ എറിയാൻ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ചില പ്രത്യേകതരം പന്തുകളിൽ പരിശീലനം നേടാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു’ – ആംറെ പറഞ്ഞു.
‘എത്രയും പെട്ടെന്ന് പന്തുകളോട് പ്രതികരിക്കാൻ കഴിയുന്ന വിധത്തിലാണ് അദ്ദേഹം പരിശീലനം ക്രമപ്പെടുത്തിയത്. ഓസ്ട്രേലിയയിൽ ആതിഥേയരുടെ പേസ് ആക്രമണത്തെ നേരിടുമ്പോൾ ശരീരത്തിൽ ഏറുകൊള്ളേണ്ടി വരുമെന്ന് അറിയാവുന്നതിനാൽ ഇവിടെ പരിശീലിക്കുമ്പോൾത്തന്നെ അതിനുള്ള തയാറെടുപ്പും നടത്തിയിരുന്നു’ – ആംറെ വ്യക്തമാക്കി.
മെൽബണിൽ നടന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ സെഞ്ച്വറി നേടി ഇന്ത്യയെ മുന്നിൽ നിന്ന് നയിച്ച രഹാനെ മാൻ ഓഫ് ദ് മാച്ച് പുരസ്കാരവും സ്വന്തമാക്കിയിരുന്നു. ക്യാപ്റ്റനെന്ന നിലയിൽ രഹാനെ കൈക്കൊണ്ട തന്ത്രങ്ങളും ബൗളർമാരെ സമർഥമായി ഉപയോഗിച്ചതുമൊക്കെ ശ്രദ്ധേയമായിരുന്നു. മുൻ താരങ്ങളടക്കം നിരവധി പേർ താരത്തെ അഭിനന്ദിക്കുകയും ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates