

സിഡ്നി: യുവ താരങ്ങളെ വാർത്തെടുക്കുന്നതിൽ ഓസ്ട്രേലിയയേക്കാൾ ഇപ്പോൾ മുൻപിൽ നിൽക്കുന്നത് ഇന്ത്യയാണെന്ന് ഓസീസ് മുൻ താരം ഗ്രെഗ് ചാപ്പൽ. ഇന്ത്യക്കായി യുവതാരങ്ങളെ സൃഷ്ടിക്കുന്നതിൽ രാഹുൽ ദ്രാവിഡ് പകർത്തിയത് ഓസീസ് രീതിയാണെന്നും അദ്ദേഹം പറഞ്ഞു.
രാഹുൽ ദ്രാവിഡ് ഞങ്ങളുടെ ബുദ്ധി കടമെടുത്ത് ഇവിടെ പകർത്തിയതിന്റെ ഫലമാണ് ഇന്ത്യയിൽ ഇപ്പോൾ കാണുന്നത്. യുവതാരങ്ങളെ വളർത്തിയെടുക്കാൻ ഇന്ത്യക്കിപ്പോൾ മികച്ച സംവിധാനമുണ്ട്. വലിയ ജനസംഖ്യയുള്ളതും ഇന്ത്യക്ക് പ്രയോജനം ചെയ്തു. യുവതാരങ്ങളെ വളർത്തിയെടുക്കുന്നതിലും അവരെ ക്രിക്കറ്റ് സിസ്റ്റത്തിന്റെ ഭാഗമാക്കുന്നതിലും ഞങ്ങളായിരുന്നു ഇതുവരെ മുൻപിൽ. എന്നാൽ കഴിഞ്ഞ ഏതാനും വർഷമായി അതിന് മാറ്റം വന്നിരിക്കുന്നു, ഗ്രെഗ് ചാപ്പൽ അഭിപ്രായപ്പെട്ടു.
കഴിവുള്ള കളിക്കാർക്ക് അവസരം ലഭിക്കാത്ത അവസ്ഥയാണ് ഇപ്പോൾ വരുന്നത്. അങ്ങനെ സംഭവിക്കാൻ പാടില്ല. ഓസ്ട്രേലിയൻ മണ്ണിൽ ഇന്ത്യ പരമ്പര ജയം നേടിയതും ഇന്ത്യയുടെ ബെഞ്ച് സ്ട്രെങ്ത്തിനെ ചൂണ്ടി ചാപ്പൽ പറയുന്നു. 2005 മുതൽ 2007 വരെ ഇന്ത്യൻ ടീമിന്റെ പരിശീലകനായിരുന്നു ചാപ്പൽ.
യുവ താരങ്ങളെ വാർത്തെടുത്ത് ഇന്ത്യൻ ടീമിന്റെ ഭാവി മികച്ചതെന്ന് ഉറപ്പിച്ച് രാഹുൽ ദ്രാവിഡ് ക്രിക്കറ്റ് ലോകത്തിന്റെ കയ്യടി നേടിയിരുന്നു. ഇന്ത്യൻ അണ്ടർ 19 ടീമിനെ ലോക കിരീടത്തിലേക്ക് ദ്രാവിഡ് എത്തിച്ചിരുന്നു. ഇന്ത്യ എ ടീമിനേയും രാഹുൽ പരിശീലിപ്പിച്ചു. പിന്നാലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയുടെ തലപ്പത്തേക്ക് എത്തിയ ദ്രാവിഡ് വളർന്ന് വരുന്ന കളിക്കാർക്ക് വേണ്ട മാർഗ നിർദേശങ്ങൾ നൽകി ഒപ്പമുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates