'ലക്ഷക്കണക്കിന് ഫാന്‍സ് ഇല്ല, നിശബ്ദനായ പോരാളി; മറ്റുള്ളവരുടെ പരാജയവും പൂജാരയുടെ തലയില്‍'- തുറന്നടിച്ച് ഗാവസ്‌കര്‍

ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ മുഴുവന്‍ പരാജയപ്പെട്ടതിന്റെ പേരില്‍ പൂജാരയെ മാത്രം ബലിയാടാക്കുകയാണ് സെലക്ടര്‍മാര്‍ ചെയ്തത് എന്നാണ് ഗാവസ്‌കര്‍ ആരോപിക്കുന്നത്
പൂജാര/ ട്വിറ്റര്‍
പൂജാര/ ട്വിറ്റര്‍
Updated on
1 min read

മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ നിന്നു ചേതേശ്വര്‍ പൂജാരയെ ഒഴിവാക്കിയ സെലക്ഷന്‍ കമ്മിറ്റിയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് ഇതിഹാസ ബാറ്റര്‍ സുനില്‍ ഗാവസ്‌കര്‍. ഏറെ കാലമായി ഇന്ത്യയുടെ ടെസ്റ്റിലെ വിശ്വസ്തനായ ബാറ്ററാണ് പൂജാര. ഈയടുത്തു സമാപിച്ച ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ പൂജാര രണ്ടിന്നിങ്‌സിലും കാര്യമായ സംഭാവന നല്‍കാതെ മടങ്ങിയിരുന്നു. ഇതോടെയാണ് താരത്തെ ഒഴിവാക്കിയത്. 

എന്നാല്‍ ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ മുഴുവന്‍ പരാജയപ്പെട്ടതിന്റെ പേരില്‍ പൂജാരയെ മാത്രം ബലിയാടാക്കുകയാണ് സെലക്ടര്‍മാര്‍ ചെയ്തത് എന്നാണ് ഗാവസ്‌കര്‍ ആരോപിക്കുന്നത്. വെസ്റ്റ് ഇന്‍ഡീസിനെതിരെ ജൂലൈയിലാണ് ഇന്ത്യ രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ കളിക്കുന്നത്. ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ 2023-25 അധ്യായത്തിനും ഈ ടെസ്റ്റോടെ തുടക്കമാകും. 

'എന്തിനാണ് പൂജാരയെ ഒഴിവാക്കിയത്. ടീമിന്റെ മൊത്തം ബാറ്റിങ് പരാജയം മുഴുവന്‍ ആ മനുഷ്യന്റെ തലയില്‍ കെട്ടിവച്ച് ബലിയാക്കുകയാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നത്. അദ്ദേഹം ഇന്ത്യയുടെ ശാന്തനായ വിശ്വസ്തനായ സേവകനാണ്. ദശലക്ഷക്കണക്കിന് ആരാധകരുടെ പിന്തുണ ഇല്ലാത്തതിനാല്‍ ഒഴിവാക്കിയാലും ആരും ഒച്ചപ്പാടുണ്ടാക്കില്ലെന്ന ചിന്ത കൊണ്ടാണോ പൂജാരയെ നിങ്ങള്‍ ഉപേക്ഷിച്ചത്.' 

'പൂജാരയെ മാത്രം ഒഴിവാക്കി പരാജയപ്പെട്ട മറ്റുള്ള എല്ലാവരേയും നിലനിര്‍ത്തിയിട്ടുണ്ട്. എനിക്കറിയില്ല എന്താണ് ടീം തിരഞ്ഞെടുപ്പിന്റെ മാനദണ്ഡം എന്ന്. ടീം സെലക്ഷന്‍ സംബന്ധിച്ച കാര്യങ്ങള്‍ മാധ്യമങ്ങള്‍ വഴി പറയാന്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനൊന്നും വരുന്നുമില്ല.' 

പ്രായത്തിന്റെ അടിസ്ഥാനത്തില്‍ പോലും പൂജാരയെ ഒഴിവാക്കാന്‍ പാടില്ലെന്ന് ഗാവസ്‌കര്‍ പറയുന്നു. ഫൈനലില്‍ മറ്റുള്ളവരെല്ലാം പരാജയപ്പെട്ടു. പൂജാരയടക്കമുള്ള ടോപ് ഫോര്‍ ബാറ്റര്‍മാര്‍ 71 റണ്‍സ് മാത്രമാണ് കണ്ടെത്തിയത്. രണ്ടിന്നിങ്‌സിലുമായി 14, 27 എന്നിങ്ങനെയായിരുന്നു പൂജാര നേടിയത്. അര്‍ധ സെഞ്ച്വറി നേടിയ ഏക താരം രഹാനെ മാത്രമായിരുന്നു. 

'രാജ്യത്തിനായ ഒട്ടേറെ റെഡ് ബോള്‍ ക്രിക്കറ്റ് കളിച്ച താരമാണ് അദ്ദേഹം. അതിന്റെ സങ്കീര്‍ണതകള്‍ മുഴുവന്‍ അറിയുന്ന ബാറ്റര്‍. ഇന്ന് 39-40 വയസു വരെയൊക്കെ ആര്‍ക്കും കരിയര്‍ കൊണ്ടു പോകാം. റണ്‍സ് എടുക്കാന്‍ കെല്‍പ്പുള്ള കാലത്തോളം പ്രായം ഒരു ഘടകമേ അല്ല. രഹാനെ ഒഴികെ മറ്റുള്ള എല്ലാവരും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ പരാജയപ്പെട്ടു. പക്ഷേ അതെല്ലാം പൂജാരയുടെ മാത്രം വീഴ്ചയായി മാറ്റുന്നത് എന്തുകൊണ്ടാണെന്ന് സെലക്ടര്‍മാര്‍ വിശദീകരിക്കണം'- ഗാവസ്‌കര്‍ തുറന്നടിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com