ലണ്ടന്‍: ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും പരിശീലകനുമെതിരെ ഗുരുതര ആരോപണവുമായി സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അധികൃതര്‍ തന്നെ ചതിച്ചുവെന്ന് റൊണാള്‍ഡോ കുറ്റപ്പെടുത്തി. യുണൈറ്റഡ് പരിശീലകന്‍ എറിക് ടെന്‍ ഹാഗിനോട് ബഹുമാനമില്ലെന്നും റൊണാള്‍ഡോ വ്യക്തമാക്കി.
പിയേഴ്‌സ് മോര്‍ഗനുമായുള്ള അഭിമുഖത്തിലാണ് റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെ രംഗത്തു വന്നത്. പരിശീലകന്‍ എറിക് ടെന്‍ഹാഗ് ഉള്‍പ്പെടെയുള്ള യുണൈറ്റഡിലെ ചില ഉന്നതര്‍ തന്നെ ക്ലബ്ബില്‍ നിന്ന് ഒഴിവാക്കാന്‍ നിരന്തരം ശ്രമിക്കുകയാണെന്ന് റൊണാള്‍ഡോ ആരോപിച്ചു.
' മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് പരിശീലകന്‍ എറിക് ടെന്‍ഹാഗിനോട് എനിക്ക് ബഹുമാനമില്ല. എന്നെ ബഹുമാനിക്കാത്ത ഒരാളെ ഞാനൊരിക്കലും ബഹുമാനിക്കില്ല. മാനേജര്‍ മാത്രമല്ല ക്ലബ്ബിലെ സീനിയര്‍ എക്‌സിക്യുട്ടീവ് പദവിയിലിരിക്കുന്ന രണ്ടുമൂന്നുപേര്‍ എന്നെ പുറത്താക്കാന്‍ ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷവും അവരതിന് ശ്രമിച്ചിരുന്നു. ഞാന്‍ ചതിക്കപ്പെട്ടു. ജനങ്ങള്‍ സത്യം തിരിച്ചറിയണം.' റൊണാള്‍ഡോ പറഞ്ഞു.
ഇതിഹാസ പരിശീലകൻ സര്‍ അലക്‌സ് ഫെര്‍ഗൂസന്‍ വിളിച്ചിട്ടാണ് ക്ലബ്ബിലേക്ക് വന്നതെന്നും ഇപ്പോള്‍ യുണൈറ്റഡ് അധികൃതര്‍ തനിക്കെതിരെയാണെന്നും റൊണാള്‍ഡോ കൂട്ടിച്ചേര്‍ത്തു. സര്‍ അലക്‌സ് പരിശീലകസ്ഥാനം ഒഴിഞ്ഞശേഷം യുണൈറ്റഡിന് ഒരു പുരോഗമനവും ഉണ്ടായിട്ടില്ല. ക്ലബ്ബ് ശരിയായ വഴിയ്ക്കല്ല പോകുന്നതെന്ന് അദ്ദേഹത്തിന് നന്നായി അറിയാം. കഴിഞ്ഞ സീസണില്‍ സര്‍ അലക്‌സ് ഫെര്‍ഗൂസന്‍ മാഞ്ചെസ്റ്റര്‍ സിറ്റിയിലേക്ക് പോകരുതെന്ന് ആവശ്യപ്പെട്ട പ്രകാരം അത് അനുസരിക്കുകയായിരുന്നുവെന്നും റൊണാള്‍ഡോ പറഞ്ഞു.
റൊണാള്‍ഡോയും പരിശീലകന്‍ എറിക് ടെന്‍ ഹാഗും തമ്മിൽ കുറച്ചു കാലമായി അകൽച്ചയിലാണ്. പലപ്പോഴും പകരക്കാരുടെ റോളിലാണ് റൊണാള്‍ഡോ കളിക്കാനിറങ്ങുന്നത്. 2021-ലാണ് റൊണാള്‍ഡോ യുവന്റസില്‍ നിന്ന് മാഞ്ചെസ്റ്റര്‍ യുണൈറ്റഡിലെത്തിയത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ടോട്ടനത്തിനെതിരായ മത്സരത്തിനിടെ പകരക്കാരനാക്കിയതില്‍ അരിശംപൂണ്ട് റൊണാള്‍ഡോ മത്സരം പൂര്‍ത്തിയാകും മുമ്പ് ഗ്രൗണ്ടിൽ നിന്നും പോയിരുന്നു. ഇതേത്തുടർന്ന് എറിക് ടെന്‍ഹാഗ് റൊണാള്‍ഡോയെ അടുത്ത മത്സരത്തില്‍ നിന്ന് വിലക്കുകയും ചെയ്തിരുന്നു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates