കരുത്തരായ ബ്രസീലിനെ സമനിലയില്‍ തളച്ചു; ഇക്വഡോര്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍

കോപ്പ അമേരിക്കയില്‍ നിലവിലെ ചാമ്പ്യന്മാരായ ബ്രസീലിനെ സമനിലയില്‍ തളച്ച് ഇക്വഡോര്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു
ബ്രസീല്‍ : ട്വിറ്റര്‍/കോപ്പ അമേരിക്ക
ബ്രസീല്‍ : ട്വിറ്റര്‍/കോപ്പ അമേരിക്ക
Updated on
1 min read

ഗോയിയാനിയ: കോപ്പ അമേരിക്കയില്‍ നിലവിലെ ചാമ്പ്യന്മാരായ ബ്രസീലിനെ സമനിലയില്‍ തളച്ച് ഇക്വഡോര്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി പിരിഞ്ഞു. ടൂര്‍ണമെന്റിലെ തുടര്‍ച്ചയായ നാലാം വിജയം ലക്ഷ്യം വെച്ച് കളിക്കാനിറങ്ങിയ ബ്രസീലിനെതിരേ മികച്ച പ്രകടനമാണ് ഇക്വഡോര്‍ കാഴ്ചവെച്ചത്.

ബ്രസീലിനായി എഡെര്‍ മിലിട്ടാവോയും ഇക്വഡോറിനായി ഏംഗല്‍ മീനയും ലക്ഷ്യം കണ്ടു. സമനില വഴങ്ങിയെങ്കിലും ബ്രസീല്‍ ബി ഗ്രൂപ്പില്‍ ചാമ്പ്യന്മാരായി. ഒരു മത്സരം പോലും വിജയിക്കാതെ നാലുമത്സരങ്ങളില്‍ നിന്നും മൂന്ന് പോയന്റുകള്‍ നേടി നാലാം സ്ഥാനത്തെത്തിയാണ് ഇക്വഡോര്‍ അവസാന എട്ടില്‍ ഇടം നേടിയത്. 

ക്വാര്‍ട്ടര്‍ ഫൈനല്‍ ബെര്‍ത്ത് നേരത്തേ ഉറപ്പിച്ചതിനാല്‍ വലിയ അഴിച്ചുപണികള്‍ നടത്തിയാണ് പരിശീലകന്‍ ടിറ്റെ ബ്രസീല്‍ ടീമിനെ ഇക്വഡോറിനെതിരായി ഇറക്കിയത്. നെയ്മര്‍, ഗബ്രിയേല്‍ ജെസ്യൂസ്, കാസെമിറോ തുടങ്ങിയ പ്രധാന താരങ്ങളെല്ലാം പകരക്കാരുടെ പട്ടികയിലാണ് ഇടം നേടിയത്. 

37-ാം മിനിട്ടില്‍ ബ്രസീല്‍ ഇക്വഡോറിന്റെ പ്രതിരോധപ്പൂട്ട് പൊളിച്ച് മത്സരത്തില്‍ ലീഡെടുത്തു. പ്രതിരോധതാരം എഡെര്‍ മിലിട്ടാവോയാണ് ബ്രസീലിനായി ഗോള്‍ നേടിയത്. എവര്‍ട്ടണ്‍ എടുത്ത ഫ്രീകിക്കിലൂടെയാണ് ഗോള്‍ പിറന്നത്. മഞ്ഞപ്പടയെ ഞെട്ടിച്ചുകൊണ്ട് മത്സരത്തിന്റെ 53-ാം മിനിട്ടില്‍ ഇക്വഡോര്‍ സമനില ഗോള്‍ നേടി. പകരക്കാരനായി എത്തിയ ഏംഗല്‍ മീനയാണ് ഇക്വഡോറിന്റെ രക്ഷകനായത്. ബോക്സിനുള്ളില്‍ പന്ത് സ്വീകരിച്ച മീന ഗോള്‍കീപ്പര്‍ അലിസണിന് അവസരം നല്‍കാതെ മികച്ച ഒരു ഷോട്ടിലൂടെ ലക്ഷ്യം കണ്ടു. 2021 കോപ്പ അമേരിക്കയിലെ ആദ്യ സമനില വഴങ്ങി ബ്രസീല്‍ ക്വാര്‍ട്ടറിലേക്ക് മുന്നേറി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com