

വെല്ലിങ്ടന്‍: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടി20യില്‍ ഇന്ത്യക്ക് 199 റണ്‍സ് വിജയലക്ഷ്യം. അപരാജിത അര്‍ധ സെഞ്ച്വറിയുമായി കളം നിറഞ്ഞ ഡാരില്‍ മിച്ചലിന്റെ (52 പന്തില്‍ 89*) തകര്‍പ്പന്‍ ബാറ്റിങ് കരുത്തിലാണ് കിവികള്‍ മികച്ച സ്‌കോര്‍ കണ്ടെത്തിയത്. 25 പന്തില്‍ 40 റണ്‍സടിച്ച ഫിന്‍ അലനും ആതിഥേയ നിരയില്‍ തിളങ്ങി. നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് ന്യൂസിലന്‍ഡ് 198 റണ്‍സ് നേടിയത്. ഇന്ന് ജയിച്ചാല്‍ അഞ്ച് മത്സര പരമ്പര ഇന്ത്യക്ക് സ്വന്തമാക്കാം.
മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. രണ്ടാം ഓവറില്‍ ടിം സീഫെര്‍ട്ടിനെ (2) പുറത്താക്കി അര്‍ഷ്ദീപ് സിങ് കിവികളെ ഞെട്ടിച്ചെങ്കിലും പിന്നീടങ്ങോട്ട് വമ്പന്‍ ബാറ്റിങ് വെടിക്കെട്ടിനാണ് ഹെന്റി സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. രണ്ടാം വിക്കറ്റില്‍ ഫിന്‍ അലനും ഡാരില്‍ മിച്ചലും ചേര്‍ന്ന് 86 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഒമ്പതാം ഓവറില്‍ അലനെ പുറത്താക്കി നിതീഷ് കുമാര്‍ റെഡ്ഡിയാണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്. 25 പന്തില്‍ 5 സിക്‌സുകള്‍ ഉള്‍പ്പെടെയാണ് അലന്‍ 40 റണ്‍സ് അടിച്ചെടുത്തത്.
നാലാമനായി ക്രീസിലെത്തിയ ഗ്ലെന്‍ ഫില്പ്‌സിന് അധിക നേരം പിടിച്ചു നില്‍ക്കാനായില്ല. 14 പന്തില്‍ 17 റണ്‍സ് നേടിയ താരത്തെ അക്‌സര്‍ പട്ടേല്‍ റിട്ടേണ്‍ ക്യാച്ചിലൂടെ മടക്കി. മിച്ചലിനു കൂട്ടായി ബെവന്‍ ജേക്കബ്‌സ് ക്രീസിലെത്തിയതോടെ സ്‌കോറിങ് വേഗത്തിലായി. നാലാം വിക്കറ്റിലെ 50 റണ്‍സ് പാര്‍ട്‌നര്‍ഷിപ്പ് 35 പന്തില്‍ പിറന്നു. 26 പന്തില്‍ ഫിഫ്റ്റി തികച്ച മിച്ചല്‍, മറ്റൊരു 26 പന്തുകൂടി നേരിട്ട് 89 റണ്‍സുമായി പുറത്താകാതെ നിന്നു. അഞ്ച് വീതം സിക്‌സും ഫോറും ഉള്‍പ്പെടുന്നതാണ് ഇന്നിങ്‌സ്. ജേക്കബ്‌സ് 39 റണ്‍സുമായും പുറത്താകാതെ നിന്നു.
കഴിഞ്ഞ മത്സരത്തിലേതിനു സമാനമായി, റണ്‍സ് വിട്ടുനല്‍കുന്നതില്‍ ഇന്നും ഇന്ത്യന്‍ ബൗളര്‍മാര്‍ പിശുക്കു കാണിച്ചില്ല. നാലോവറില്‍ 44 റണ്‍സ് പ്രിന്‍സ് യാദവാണ് ഇക്കാര്യത്തില്‍ മുന്നിലുള്ളത്. ഭുവനേശ്വര്‍ കുമാര്‍ 40, നിതീഷ് കുമാര്‍ റെഡ്ഡി 38, അക്‌സര്‍ പട്ടേല്‍ 36, അര്‍ഷ്ദീപ് 33 എന്നിങ്ങനെയാണ് മറ്റു ബൗളര്‍മാര്‍ തങ്ങളുടെ ക്വാട്ടയില്‍ വഴങ്ങിയത്. പരിക്കേറ്റ ഇഷാന്‍ കിഷനു പകരം വൈഭവ് സൂര്യവംശിയെ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ഇറങ്ങിയത്.
Daryl Mitchell powers New Zealand Decent Score vs India 3rd T20I
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates