

ബംഗളൂരു: മുൻ ഇന്ത്യൻ ഫുട്ബോൾ താരവും ഈസ്റ്റ് ബംഗാൾ ഇതിഹാസവുമായ ഇല്യാസ് പാഷ (61) അന്തരിച്ചു. ദീർഘ നാളായി അസുഖ ബാധിതനായിരുന്നു ഇതിഹാസ പ്രതിരോധ താരം. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനാണ് (എഐഎഫ്എഫ്) അദ്ദേഹത്തിന്റെ വിയോഗം പുറത്തുവിട്ടത്. നിര്യാണത്തിൽ എഐഎഫ്എഫ് അനുശോചിച്ചു.
വിനായക ഫുട്ബോൾ ക്ലബിലൂടെയാണ് അദ്ദേഹം കരിയർ തുടങ്ങുന്നത്. റൈറ്റ് വിങ് ബാക്കായി കളിച്ചിരുന്ന ഇല്യാസ് പാഷ 1987ലാണ് ഇന്ത്യൻ ടീമിൽ അരങ്ങേറുന്നത്. ബൾഗേറിയക്കെതിരായ പോരാട്ടത്തിലാണ് ആദ്യമായി ഇന്ത്യൻ ജേഴ്സി അണിഞ്ഞത്. നെഹ്റു കപ്പിൽ കോഴിക്കോട് നടന്ന പോരാട്ടത്തിലാണ് അരങ്ങേറ്റം.
1987, 1991 വർഷങ്ങളിലെ നെഹ്റു കപ്പിലും 1991ലെ സാഫ് ഗെയിംസിലും 1992ലെ ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങളിലും അദ്ദേഹം ഇന്ത്യക്കായി കളിച്ചു. ആഭ്യന്തര ഫുട്ബോളിൽ 1993, 1995 വർഷങ്ങളിൽ ബംഗാൾ സന്തോഷ് ട്രോഫി കിരീടം നേടുമ്പോൾ ടീമിലെ നിർണായക പ്രതിരോധ താരമായിരുന്നു ഇല്യാസ്.
1989 മുഹമ്മദന്‍ സ്‌പോര്‍ട്ടിങിലൂടെയാണ് കൊല്‍ക്കത്ത ഫുട്‌ബോളില്‍ അദ്ദേഹം എത്തുന്നത്. സേഠ് നാഗ്ജി, നിസാം ഗോള്‍ഡ് കപ്പ് കിരീട നേട്ടങ്ങളില്‍ മുഹമ്മദന്‍സിനൊപ്പം സ്വന്തമാക്കി. പിന്നീടാണ് അദ്ദേഹം ഈസ്റ്റ് ബംഗാളിലെത്തുന്നത്.
ഈസ്റ്റ് ബംഗാൾ ജേഴ്സിയിലുള്ള അദ്ദേഹത്തിന്റെ 9 വർഷക്കാലത്തെ കരിയർ ഉജ്ജ്വലമായിരുന്നു. 1990ൽ ഈസ്റ്റ് ബംഗ്ലാളിനെ മൂന്ന് കിരീട നേട്ടങ്ങളിലേക്ക് നയിച്ചതിന്റെ മഹത്തായ ചരിത്രമുള്ള കരിയറായിരുന്നു ഇല്യാസ് പാഷയുടേത്. ഡ്യൂറൻഡ് കപ്പ്, ഐഎഫ്എ ഷീൽഡ്, റോവേഴ്സ് കപ്പ് നേട്ടങ്ങളാണ് അദ്ദേഹം നയിച്ച ഈസ്റ്റ് ബംഗാൾ സ്വന്തമാക്കിയത്.
ഈസ്റ്റ് ബംഗാളിനൊപ്പമുള്ള 9 വർഷത്തിൽ 28 കിരീട നേട്ടങ്ങളിൽ ഇല്യാസ് പങ്കാളിയായി. അഞ്ച് കൽക്കട്ട ഫുട്ബോൾ ലീഗ്, ഐഎഫ്എ ഷീൽഡുകൾ, നാല് ഡ്യൂറൻഡ് കപ്പ് ഉൾപ്പെടെയുള്ള കിരീടങ്ങൾ അദ്ദേഹം ക്ലബിനൊപ്പം സ്വന്തമാക്കി.
1993ൽ നേപ്പാളിൽ നടന്ന വായ് വായ് കപ്പിൽ ഈസ്റ്റ് ബംഗാൾ കിരീടം സ്വന്തമാക്കുമ്പോൾ ക്യാപ്റ്റന്റെ ആം ബാൻഡുമായാണ് അദ്ദേഹം കളിച്ചത്. ഈസ്റ്റ് ബംഗാളിന്റെ ആദ്യ അന്താരാഷ്ട്ര കിരീടവും അദ്ദേഹത്തിന്റെ നായകത്വത്തിലായിരുന്നു. 1993-94 ഏഷ്യൻ കപ്പ് വിന്നേഴ്സ് കപ്പിൽ ഇറാഖ് ടീം അൽ സവ്റ എസ്സിക്കെതിരെ ഈസ്റ്റ് ബംഗാൾ 6-2ന്റെ മിന്നും ജയം സ്വന്തമാക്കുമ്പോഴും ഇല്യാസ് മുന്നിൽ നിന്നു നയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates