ജഡേജയുടെ പ്രതിരോധം ഇളകിയില്ല! പക്ഷേ... ലോര്‍ഡ്‌സില്‍ ഇന്ത്യ പൊരുതി വീണു

181 പന്തുകള്‍ നേരിട്ട് പുറത്താകാതെ 61 റണ്‍സുമായി രവീന്ദ്ര ജഡേജ
Ravindra Jadeja's batting
രവീന്ദ്ര ജഡേജ (England vs India)x
Updated on
3 min read

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ പൊരുതി വീണു. 193 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യയുടെ പോരാട്ടം 170 റണ്‍സില്‍ അവസാനിച്ചു. ഇംഗ്ലണ്ടിന് 22 റണ്‍സ് വിജയം. 181 പന്തുകള്‍ നേരിട്ട് 61 റണ്‍സുമായി പുറത്താകാതെ ഒരറ്റത്തു നിന്ന രവീന്ദ്ര ജഡേജയുടെ പോരാട്ടം വിഫലമായി. ഷൊയ്ബ് ബഷീറിന്റെ ഏറ് പ്രതിരോധിച്ച് സിറാജ് ക്രീസില്‍ തട്ടിയിട്ട പന്ത് ഉരുണ്ടു കയറി ബെയ്ല്‍ ഇളകി വീണതോടെയാണ് ഇന്ത്യയുടെ ചെറുത്തു നില്‍പ്പ് അവസാനിച്ചത്.

അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇംഗ്ലണ്ട് 2-1നു മുന്നില്‍. ഇംഗ്ലണ്ടിനായി ജോഫ്ര ആര്‍ച്ചര്‍, ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് എന്നിവര്‍ 3 വീതം വിക്കറ്റുകള്‍ വീഴ്ത്തി. ബ്രയ്ഡന്‍ കര്‍സ് രണ്ട് വിക്കറ്റെടുത്തു. ഷൊയ്ബ് ബഷീര്‍, ക്രിസ് വോക്‌സ് ഓരോ വിക്കറ്റുകള്‍ സ്വന്തമാക്കി. ഇംഗ്ലണ്ടിന്റേയും ഇന്ത്യയുടേയും ഒന്നാം ഇന്നിങ്‌സ് 387 റണ്‍സില്‍ അവസാനിച്ചിരുന്നു. ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സില്‍ 192 റണ്‍സിനും പുറത്തായി.

വാലറ്റത്ത് നിതീഷ് കുമാര്‍ റെഡ്ഡി 53 പന്തുകള്‍ നേരിട്ട് 13 റണ്‍സും ജസ്പ്രിത് ബുംറ 54 പന്തുകള്‍ പ്രതിരോധിച്ച് നേടിയ 5 റണ്‍സും അവസാനമിറങ്ങിയ മുഹമ്മദ് സിറാജ് 30 പന്തുകള്‍ നേരിട്ട് 4 റണ്‍സെടുത്തും ജഡേജയ്ക്ക് ഉറച്ച പിന്തുണ നല്‍കിയതോടെ ഒരുവേള ഇന്ത്യ ജയിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ അനിവാര്യമായ തോല്‍വി തടയാന്‍ ആര്‍ക്കുമായില്ല.

അഞ്ചാം ദിനത്തില്‍ ഉച്ച ഭക്ഷണത്തിനു പിരിയുമ്പോള്‍ ഇന്ത്യയ്ക്ക് 112 റണ്‍സ് ചേര്‍ക്കുന്നതിനിടെ 8 വിക്കറ്റുകള്‍ നഷ്ടമായിരുന്നു. അവിടെ നിന്നാണ് ജഡേജ വാലറ്റത്തെ 3 പേരെ കൂട്ടുപിടിച്ച് സ്‌കോര്‍ 170 വരെ എത്തിച്ചത്.

193 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തുന്ന ഇന്ത്യയുടെ 7 വിക്കറ്റുകള്‍ 82 റണ്‍സിനിടെ വീഴ്ത്താന്‍ ഇംഗ്ലണ്ടിനായി. എട്ടാം വിക്കറ്റില്‍ ജഡേജയും നിതീഷ് കുമാര്‍ റെഡ്ഡിയും ചേര്‍ന്നു പിന്നീട് സ്‌കോര്‍ മുന്നോട്ടു നയിച്ചു. ഉച്ച ഭക്ഷണത്തിനു പിരിയുന്നതിനു തൊട്ടു മുന്‍പ് ക്രിസ് വോക്സ് നിതീഷിനെ പുറത്താക്കി ഇന്ത്യയെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിയിട്ടു. നിതീഷ് 53 പന്തുകള്‍ ചെറുത്ത് 13 റണ്‍സുമായി മടങ്ങി.

Ravindra Jadeja's batting
സെഞ്ച്വറിയടിച്ച് ടെസ്റ്റ് കിരീടം; എയ്ഡന്‍ മാര്‍ക്രം ഐസിസിയുടെ മികച്ച താരം

4 വിക്കറ്റ് നഷ്ടത്തില്‍ 58 റണ്‍സെന്ന നിലയിലാണ് ഇന്ത്യ അഞ്ചാം ദിനം തുടങ്ങിയത്. തുടക്കത്തില്‍ തന്നെ ഇന്ത്യക്ക് നിര്‍ണായകമായ രണ്ട് വിക്കറ്റുകള്‍ നഷ്ടമായി.

സ്‌കോര്‍ 71ല്‍ നില്‍ക്കെ ഋഷഭ് പന്തും 81ല്‍ എത്തിയപ്പോള്‍ കെഎല്‍ രാഹുലും പുറത്തായി. പന്തിനെ ജോഫ്ര ആര്‍ച്ചറും രാഹുലിന് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സുമാണ് മടക്കിയത്. രാഹുല്‍ 39 റണ്‍സെടുത്തു. പന്ത് 9 റണ്‍സുമായും പുറത്തായി. പിന്നാലെ എത്തിയ വാഷിങ്ടന്‍ സുന്ദര്‍ 4 പന്തുകള്‍ മാത്രം നേരിട്ട് പൂജ്യനായി പുറത്തായി. താരത്തെ ആര്‍ച്ചര്‍ സ്വന്തം ബൗളിങില്‍ പിടിച്ചു പുറത്താക്കുകയായിരുന്നു.

എളുപ്പം ജയിക്കാം എന്ന ആത്മവിശ്വാസത്തോടെ ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനെ (ഏഴു പന്തില്‍ 0) നഷ്ടമായി. കരുണ്‍ നായര്‍ (33 പന്തില്‍ ഒരു ഫോര്‍ സഹിതം 14), ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ (ഒന്‍പതു പന്തില്‍ ഒരു ഫോര്‍ സഹിതം ആറ്), നൈറ്റ് വാച്ച്മാനായി സ്ഥാനക്കയറ്റം നല്‍കി അയച്ച ആകാശ്ദീപ് (11 പന്തില്‍ ഒന്ന്) എന്നിവരാണ് പുറത്തായ ഇന്ത്യന്‍ ബാറ്റര്‍മാര്‍.

നേരത്തെ ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്സ് പോരാട്ടം 192ല്‍ അവസാനിച്ചു. 4 വിക്കറ്റുകള്‍ വീഴ്ത്തി ഇത്തവണ വാഷിങ്ടന്‍ സുന്ദറാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. പൊരുതി നിന്ന ജോ റൂട്ട്, അപകടകാരിയായ ജാമി സ്മിത്ത്, പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ച ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സ് എന്നിവരുടെ നിര്‍ണായക വിക്കറ്റുകള്‍ വാഷിങ്ടന്‍ സ്വന്തമാക്കി. നാല് പേരേയും താരം ക്ലീന്‍ ബൗള്‍ഡാക്കി.

ജസ്പ്രിത് ബുംറ, മുഹമ്മദ് സിറാജ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ നേടി. നിതീഷ് കുമാര്‍ റെഡ്ഡി, ആകാശ് ദീപ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. ഇംഗ്ലണ്ടിനായി ജോ റൂട്ട് 40 റണ്‍സെടുത്ത് ടോപ് സ്‌കോററായി. ബെന്‍ സ്റ്റോക്സ് 33 റണ്‍സ് കണ്ടെത്തി.

Ravindra Jadeja's batting
ഡക്കറ്റിന് നേരെ പ്രകോപനം, മോശം വാക്കുകള്‍; മുഹമ്മദ് സിറാജിന് പിഴ ശിക്ഷ

87 റണ്‍സ് ചേര്‍ക്കുന്നതിനിടെ 4 വിക്കറ്റ് നഷ്ടമായ ശേഷം ഇംഗ്ലണ്ട് തിരിച്ചു വരവിന്റെ പാതയിലായിരുന്നു. എന്നാല്‍ 150 റണ്‍സ് പിന്നിട്ടതിനു പിന്നാലെ ഇംഗ്ലണ്ടിനു 6 വിക്കറ്റുകള്‍ നഷ്ടമായി. ഒന്നാം ഇന്നിങ്സില്‍ സെഞ്ച്വറി നേടി ഇംഗ്ലണ്ടിനു കരുത്തായി നിന്ന ജോ റൂട്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സിനെ കൂട്ടുപിടിച്ച് ഇന്നിങ്സ് നേരെയാക്കാന്‍ ശ്രമിച്ചെങ്കിലും വാഷിങ്ടന്‍ സുന്ദര്‍ റൂട്ടിനെ ക്ലീന്‍ ബൗള്‍ഡാക്കി ഇംഗ്ലണ്ടിന്റെ പ്രതിരോധം തകര്‍ത്തു. പിന്നാലെ താരം അപകടകാരിയായ ജാമി സ്മിത്തിനേയും മടക്കി ഇംഗ്ലണ്ടിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലേക്ക് തള്ളിയിട്ടു. ജാമി സ്മിത്ത് 8 റണ്‍സുമായി പുറത്തായി. അടുത്ത വരവിലാണ് വാഷിങ്ടന്‍ സ്റ്റോക്സിനെ പുറത്താക്കിയത്. ഒടുവില്‍ ഷൊയ്ബ് ബഷീറിനേയും ക്ലീന്‍ ബൗള്‍ഡാക്കി വാഷിങ്ടന്‍ ഇംഗ്ലണ്ട് ഇന്നിങ്സിനു തിരശ്ശീലയിട്ടു.

നാലാം ദിനം ഒന്നാം സെഷനില്‍ ഓപ്പണര്‍ ബെന്‍ ഡക്കറ്റിനെ പുറത്താക്കി മുഹമ്മദ് സിറാജാണ് വിക്കറ്റ് വേട്ട തുടങ്ങിയത്. പിന്നാലെ മൂന്നാമന്‍ ഒലി പോപ്പിനേയും സിറാജ് മടക്കി. മികച്ച രീതിയില്‍ മുന്നോട്ടു പോയ ഓപ്പണ്‍ സാക് ക്രൗളിയെ വീഴ്ത്തി നിതീഷ് കുമാര്‍ റെഡ്ഡിയും ഇംഗ്ലണ്ടിനു പ്രഹരമേല്‍പ്പിച്ചു. ഹാരി ബ്രൂക്ക് പ്രത്യാക്രമണത്തിലേക്ക് കടന്നപ്പോഴാണ് ആകാശ് ദീപിന്റെ നിര്‍ണായക സ്‌ട്രൈക്ക്.

ഹാരി ബ്രൂക്ക് ഇന്ത്യയെ കടന്നാക്രമിക്കാന്‍ തുടങ്ങിയപ്പോഴാണ് ആകാശ് താരത്തെ ക്ലീന്‍ ബൗള്‍ഡാക്കിയത്. 4 ഫോറും ഒരു സിക്‌സും സഹിതം 19 പന്തില്‍ 23 റണ്‍സുമായി നില്‍ക്കുമ്പോഴാണ് ബ്രൂക്കിന്റെ വീഴ്ച.

വിക്കറ്റ് നഷ്ടമില്ലാതെ 2 റണ്‍സ് എന്ന നിലയില്‍ നാലാം ദിനം തുടങ്ങിയ ഇംഗ്ലണ്ടിനു സ്‌കോര്‍ 22 ല്‍ എത്തിയപ്പോഴാണ് ഡക്കറ്റിനെ നഷ്ടമായത്. താര 12 റണ്‍സെടുത്തു. പിന്നാലെ ഒലി പോപ്പും മടങ്ങി. താരം 4 റണ്‍സില്‍ പുറത്തായി. സാക് ക്രൗളി 22 റണ്‍സിലും വീണു. സ്‌കോര്‍ 50ല്‍ എത്തുമ്പോഴേക്കും മൂന്ന് പേര്‍ കൂടാരം കയറി. പിന്നാലെ ഇംഗ്ലണ്ടിനെ കരകയറ്റാനുള്ള ദൗത്യവുമായി എത്തിയ ബ്രൂക്ക് ഒന്നാളിയെങ്കിലും പെട്ടെന്നു കത്തി തീര്‍ന്നു.

Summary

England vs India, 3rd Test Lord's: The heroic stand between Ravindra Jadeja and Mohammed Siraj comes to end. Shoaib Bashir gets the wicket of Mohammed Siraj in the 75th over of the final innings and helps the hosts take a 2-1 lead in the series.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com