'കിരീടം വീട്ടിലേയ്ക്കല്ല, റോമിലേക്ക്'- ഇറ്റലി യൂറോപ്പിലെ രാജാക്കൻമാർ; ഷൂട്ടൗട്ടിൽ ഇം​ഗ്ലണ്ടിനെ വീഴ്ത്തി യൂറോ കപ്പിൽ അസൂറിപ്പടയുടെ മുത്തം 

'കിരീടം വീട്ടിലേയ്ക്കല്ല, റോമിലേക്ക്'- ഇറ്റലി യൂറോപ്പിലെ രാജാക്കൻമാർ; ഷൂട്ടൗട്ടിൽ ഇം​ഗ്ലണ്ടിനെ വീഴ്ത്തി യൂറോ കപ്പിൽ അസൂറിപ്പടയുടെ മുത്തം 
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ
Updated on
2 min read

വെംബ്ലി: നീണ്ട കാലത്തെ അന്താരാഷ്ട്ര കിരീട വരൾച്ചയ്ക്ക് സ്വന്തം തട്ടകത്തിൽ വിരാമമിടാമെന്ന ഇം​ഗ്ലണ്ടിന്റെ സ്വപ്നം ഇത്തവണയും നടന്നില്ല. ആവേശപ്പോരാട്ടത്തിൽ ഇം​ഗ്ലണ്ടിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ വീഴ്ത്തി ഇറ്റലിയ്ക്ക് യൂറോ കപ്പ് കിരീടം. തകർപ്പൻ സേവുകളുമായി കളം നിറഞ്ഞ ​ഗോൾകീപ്പർ ജിയാൻ ലൂയി ഡൊണാറുമ്മയാണ് ഇറ്റലിയ്ക്ക് പെനാൽറ്റി ഷൂട്ടൗട്ടിൽ വിജയം സമ്മാനിച്ചത്. ഷൂട്ടൗട്ടിൽ 3-2 എന്ന സ്‌കോറിനാണ് അസൂറിപ്പടയുടെ വിജയം.

നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോൾ നേടി സമനില പാലിച്ച ശേഷമാണ് മത്സരം എക്സ്ട്രാ ടൈമിലേക്കും പിന്നീട് പെനാൽറ്റി ഷൂട്ടൗട്ടിലേക്കും നീണ്ടത്. നിശ്ചിത സമയത്ത് ഇംഗ്ലണ്ടിനായി ലൂക്ക് ഷോയും ഇറ്റലിയ്ക്കായി ലിയോണാർഡോ ബൊനൂച്ചിയും സ്‌കോർ ചെയ്തു.

ഷൂട്ടൗട്ടിൽ ജെയ്ഡൻ സാഞ്ചോ, ബുകായോ സാക എന്നിവരുടെ ഷോട്ടുകൾ തടുത്തിട്ട ഇറ്റാലിയൻ ഗോൾകീപ്പർ ജിയാൻല്യൂജി ‍ഡൊണാരുമ്മയാണ് ടീമിന് വിജയവും കിരീടവും സമ്മാനിച്ചത്. മാർക്കസ് റാഷ്ഫോഡിന്റെ ഷോട്ട് പോസ്റ്റിലിടിച്ച് പുറത്തുപോയി. മറുവശത്ത് ഇറ്റാലിയൻ താരങ്ങളായ ആൻഡ്രിയ ബെലോട്ടി, ജോർജീഞ്ഞോ എന്നിവരുടെ ഷോട്ടുകൾ ഇംഗ്ലിഷ് ഗോൾകീപ്പർ ജോർദാൻ പിക്ഫോർഡ് തടുത്തെങ്കിലും ഡൊമിനിക്കോ ബെറാർഡി, ലിയനാർഡോ ബൊനൂച്ചി, ബെർണാദേഷി എന്നിവർ ലക്ഷ്യം കണ്ടതോടെയാണ് അസൂറിപ്പട കിരീടം ഉറപ്പാക്കിയത്. ഇംഗ്ലിഷ് നിരയിൽ ഹാരി കെയ്ൻ, ഹാരി മഗ്വയർ എന്നിവർ മാത്രമാണ് ഷോട്ടുകൾ ലക്ഷ്യത്തിലെത്തിച്ചത്.

1968-ന് ശേഷം ഇതാദ്യമായാണ് ഇറ്റലി യൂറോ കപ്പിൽ മുത്തമിടുന്നത്. ആദ്യ യൂറോകപ്പ് കിരീടം ലക്ഷ്യം വെച്ചിറങ്ങിയ ഇം​ഗ്ലണ്ടിന് അമിത പ്രതിരോധത്തിലേക്ക് വലിഞ്ഞത് തിരിച്ചടിയായി മാറുകയായിരുന്നു. ആദ്യം ലീഡ് നേടിയ ശേഷമാണ് ഇംഗ്ലണ്ട് കളി കൈവിട്ടത്. 

കഴിഞ്ഞ 34 മത്സരങ്ങളിലായി പരാജയമറിയാതെ കുതിപ്പ് തുടരുന്ന ഇറ്റലി ഒരു മത്സരം പോലും തോൽക്കാതെയാണ് യൂറോ കപ്പ് സ്വന്തമാക്കിയത്. റോബർട്ടോ മാൻസിനിയുടെ തന്ത്രങ്ങളുടെ മികവിലാണ് ഇറ്റലി യൂറോയിൽ മുത്തമിട്ടത്. 

ഇറ്റലി കഴിഞ്ഞ മത്സരത്തിൽ കളിച്ച അതേ ടീമിനെ നിലനിർത്തിയപ്പോൾ ഇംഗ്ലണ്ട് ഒരു മാറ്റവുമായാണ് ഫൈനലിൽ ഇറങ്ങിയത്. ബുക്കായോ സാക്കയ്ക്ക് പകരം കീറൺ ട്രിപ്പിയർ ടീമിൽ ഇടം നേടി. വർണാഭമായ സമാപന ചടങ്ങുകളോടെയാണ് ഫൈനൽ മത്സരം ആരംഭിച്ചത്. 

മത്സരം തുടങ്ങിയ ഉടൻ തന്നെ ഇറ്റലിയ്‌ക്കെതിരേ ഇംഗ്ലണ്ട് ലീഡെടുത്തു. രണ്ടാം മിനിറ്റിൽ തന്നെ ലൂക്ക് ഷോയാണ് ഇംഗ്ലണ്ടിനായി സ്‌കോർ ചെയ്തത്. ഇറ്റലിയ്ക്ക് ലഭിച്ച കോർണർ കിക്ക് രക്ഷപ്പെടുത്തിയ ഇംഗ്ലീഷ് പ്രതിരോധത്തിൽ നിന്നു പിറന്ന കൗണ്ടർ അറ്റാക്കിൽ നിന്നാണ് ഗോൾ പിറന്നത്. പന്തുമായി മുന്നേറിയ ഹാരി കെയ്ൻ പന്ത് ട്രിപ്പിയർക്ക് കൈമാറി. പന്തുമായി ബോക്‌സിലേക്ക് കയറാൻ ശ്രമിച്ച ട്രിപ്പിയർ മികച്ച ഒരു ക്രോസ് ബോക്‌സിലേക്ക് നൽകി. പന്ത് കൃത്യമായി പിടിച്ചെടുത്ത ലൂക്ക് ഷോ മികച്ച ഒരു കിക്കിലൂടെ പന്ത് വലയിലെത്തിച്ചു. ഗോൾകീപ്പർ ഡൊണാറുമ്മയ്ക്ക് നോക്കി നിൽക്കാനേ സാധിച്ചുള്ളൂ.

യൂറോ ഫൈനൽ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ ഗോൾ നേടിയ താരം എന്ന റെക്കോഡ് ലൂക്ക് ഷോ സ്വന്തമാക്കി. താരം ഇംഗ്ലണ്ടിനായി നേടുന്ന ആദ്യ അന്താരാഷ്ട്ര ഗോൾ കൂടിയാണിത്. തുടക്കത്തിൽ തന്നെ ഗോൾ വഴങ്ങിയതോടെ ഇറ്റലി പതറി. ഏഴാം മിനിറ്റിൽ ഇറ്റലിയ്ക്ക് ഇംഗ്ലണ്ട് ബോക്‌സിന് തൊട്ടുപുറത്തുനിന്നും ഫ്രീകിക്ക് ലഭിച്ചെങ്കിലും കിക്കെടുത്ത ഇൻസിന്യെയ്ക്ക് പിഴച്ചു. പന്ത് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. 

ആദ്യ പകുതിയിൽ ഇംഗ്ലണ്ട് തന്നെയാണ് ആധിപത്യം പുലർത്തിയത്. ഇറ്റലിയുടെ ഓരോ ആക്രമണത്തെയും സമർഥമായി തന്നെ ഇംഗ്ലീഷ് പ്രതിരോധ നിര നേരിട്ടു. ഗോൾ നേടിയതോടെ പ്രതിരോധത്തിൽ കൂടുതൽ ശക്തി പകരാൻ ഇംഗ്ലണ്ടിന് സാധിച്ചു. 35ാം മിനിറ്റിൽ ഇറ്റലിയുടെ ഫെഡറിക്കോ കിയേസയുടെ തകർപ്പൻ ലോങ്‌റേഞ്ചർ ഇംഗ്ലീഷ് പോസ്റ്റിനെ തൊട്ടുരുമ്മി കടന്നുപോയി. 

രണ്ടാം പകുതിയുടെ തുടക്കം മുതൽ ഇറ്റലി ആക്രമണം കടുപ്പിച്ചു. ഒടുവിൽ 67-ാം മിനിറ്റിൽ ഇറ്റലി സമനില ഗോൾ നേടി. പ്രതിരോധ താരം ലിയോണാർഡോ ബൊനൂച്ചിയാണ് ടീമിനായി സ്‌കോർ ചെയ്തത്. കോർണർ കിക്കിലൂടെയാണ് ഗോൾ പിറന്നത്. ഇംഗ്ലീഷ് ബോക്‌സിനുള്ളിലേക്ക് പറന്നിറങ്ങിയ കോർണർ കിക്കിന് വെറാറ്റി തല വച്ചെങ്കിലും അത് കൃത്യമായി പിക്ക്‌ഫോർഡ് രക്ഷപ്പെടുത്തി. എന്നാൽ പന്ത് ക്രോസ് ബാറിൽ തട്ടി ബൊനൂച്ചിയുടെ കാലിലേക്കാണെത്തിയത്. മാർക്ക് ചെയ്യപ്പെടാതെയിരുന്ന ബൊനൂച്ചി പന്ത് അനായാസം വലയിലെത്തിച്ചു.

83ാം മിനിറ്റിൽ പകരക്കാരനായെതതിയ ഇംഗ്ലണ്ടിന്റെ ബുക്കായോ സാകയ്ക്ക് മികച്ച അവസരം ലഭിച്ചെങ്കിലും താരത്തിന് അത് മുതലാക്കാനായില്ല. വൈകാതെ നിശ്ചിത സമയം അവസാനിച്ചു. മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീണ്ടു.

എക്‌സ്ട്രാ ടൈമിലും കാര്യമായ നീക്കങ്ങൾ ഇരുടീമുകൾക്കും നടത്താനായില്ല. ഇതോടെ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടു. 1976-ലാണ് ഇതിനു മുൻപ് ഒരു യൂറോ കപ്പ് ഫൈനൽ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com