

മ്യൂണിക്ക്: ബെൽജിയത്തിന്റെ സുവർണ സംഘം ഒരിക്കൽ കൂടി തല കുമ്പിട്ടു നിന്നു. ബെൽജിയത്തെ ഒറ്റ ഗോളിനു വീഴ്ത്തി ഫ്രാൻസ് യൂറോ കപ്പിന്റെ ക്വാർട്ടറിൽ. കളിയുടെ അവസാന ഘട്ടത്തിൽ വഴങ്ങിയ സെൽഫ് ഗോളാണ് ബെൽജിയത്തിന്റെ പുറത്തേക്കുള്ള വഴി തുറന്നത്. മത്സരത്തിലുടനീളം ഫ്രഞ്ച് പട ക്യാപ്റ്റൻ എംബാപ്പെയുടെ നേതൃത്വത്തിൽ വൻ മുന്നേറ്റങ്ങൾ നടത്തിയപ്പോൾ അതെല്ലാം ബെൽജിയം സമർഥമായി തടുത്തിട്ടു. മറുഭാഗത്തും സമാന രീതിയിൽ ഫ്രാൻസ് പ്രതിരോധം തീർത്തു.
തുടക്കം മുതൽ ഫ്രാൻസ് ആക്രമിച്ചു മുന്നേറി. അന്റോയിൻ ഗ്രിസ്മാൻ, എംബാപ്പെ, മാർക്കസ് തുറാം അടങ്ങിയ മുന്നേറ്റം നിരന്തരം ഗോളിനായി ബെൽജിയം ബോക്സിലേക്ക് മുന്നേറ്റം നടത്തി. ഇടതു വിങിൽ എംബാപ്പെയും വലതു വിങിൽ ഗ്രിസ്മാനും ബെൽജിയം പ്രതിരോധത്തെ പരീക്ഷിച്ചു. ഒപ്പം തുറാമും. പതിയെ ബെൽജിയവും ആക്രമണ മൂഡിലേക്ക് മാറി.
പന്ത് കൈവശം വച്ച് കളിക്കുന്നതിൽ ഫ്രാൻസാണ് മുന്നിൽ നിന്നത്. 34ാം മിനിറ്റിൽ തുറാമിന്റെ ഹെഡ്ഡർ പുറത്തേക്ക്. ബെൽജിയത്തിന്റെ കൗണ്ടർ അറ്റാക്കുകൾ ഫ്രാൻസിനു തലവേദന തീർക്കുന്നുണ്ടായിരുന്നു. ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളിലും ഫ്രാൻസിന്റെ തുടരൻ മുന്നേറ്റങ്ങൾ. പക്ഷേ ഗോൾ അകന്നു നിന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
രണ്ടാം പകുതിയിൽ ഫ്രാൻസ് ആക്രമണം കൂടുതൽ കടുപ്പിച്ചു. ചൗമേനി, എംബാപ്പെ, തുറാം എന്നിവരെല്ലാം ഗോളിനടുത്തെത്തിയെങ്കിലും ബെൽജിയം ഗോൾ കീപ്പർ കൊയീൻ കാസ്റ്റീൽസ് വിലങ്ങായി നിന്നു. തുറാമിന്റേയും എംബാപ്പെയുടെയും ശ്രമങ്ങൾ ബാറിനു മുകളിലൂടെ പുറത്തേക്കും പോയി.
അതിനിടെ ബെൽജിയത്തിനു ബോക്സിനുള്ളിൽ മികച്ച അവസരം കിട്ടി. എന്നാൽ കരാസ്കോ എടുത്ത ഷോട്ട് തിയോ ഹെർണാണ്ടസ് സമർഥമായി ബ്ലോക്ക് ചെയ്തതു ഫ്രാൻസിനു ആശ്വാസം നൽകി. 83ാം മിനിറ്റിൽ കെവിൻ ഡിബ്രുയ്നെയുടെ ഷോട്ട് ഫ്രഞ്ച് ഗോൾ കീപ്പർ മയ്ഗ്നൻ തട്ടിയകറ്റി. തൊട്ടു പിന്നാലെയാണ് മത്സരത്തിന്റെ വിധി നിർണയിച്ച ഗോൾ വന്നത്.
ആക്രമണങ്ങൾ തുടർന്ന ഫ്രഞ്ച് പടയ്ക്ക് ബോക്സിൽ വച്ച് ഒരു സുവർണാവസരം ഒരുങ്ങി. ഗോൾ ലക്ഷ്യമിട്ട് കോലോ മുവാനി തൊടുത്ത ഷോട്ട് തടയാനുള്ള ബെൽജിയം ഡിഫൻഡർ യാൻ വെർടോൻഗന്റെ ശ്രമം അമ്പേ പാളി നേരെ ബെൽജിയം ബോക്സിൽ. കാസ്റ്റീൽസിന്റെ കണക്കുകൂട്ടൽ തെറ്റിച്ചായിരുന്നു വെർടോൻഗന്റെ കാലിൽ പന്ത് തട്ടിയത്. ദിശ മാറി പന്ത് നേരെ വലയിലേക്ക് വീഴുമ്പോൾ കാസ്റ്റീൽസ് നിസഹായനായി. അവസാന മിനിറ്റുകളിൽ സമനില പിടിക്കാനുള്ള ബെൽജിയം ശ്രമങ്ങളൊന്നും കൃത്യതയില്ലാതെ അവസാനിച്ചതോടെ ഫ്രഞ്ച് പട ക്വാർട്ടറിൽ. അവസാന എട്ടിൽ പോർച്ചുഗലിനേയാണ് എംബാപ്പെയും സംഘവും നേരിടുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates