

റോം: യൂറോ ആവേശം ഇന്ന് മുതൽ. മാഞ്ചിനിയുടെ കീഴിൽ സടകുടഞ്ഞ് എഴുന്നേറ്റ് എത്തുന്ന ഇറ്റലി ഇന്ന് തുർക്കിയെ നേരിടും. തുടരെ എട്ട് ക്ലീൻ ഷീറ്റുമായി കരുത്ത് നിറച്ചെത്തുന്ന ഇറ്റലിക്ക് പക്ഷേ തുർക്കി മറികടക്കുക എളുപ്പമാവില്ല. ഇന്ത്യൻ സമയം രാത്രി 12.30നാണ് മത്സരം.
യൂറോ യോഗ്യതകളിൽ വലിയ ആശങ്കകളില്ലാതെയാണ് തുർക്കി കടന്നു പോയത്. ഗ്രൂപ്പ് എച്ചിൽ ഫ്രാൻസിന് പിന്നിൽ രണ്ടാം സ്ഥാനം പിടിച്ച അവർ 10 കളിയിൽ തോറ്റത് ഒരെണ്ണത്തിൽ മാത്രം. വഴങ്ങിയത് മൂന്ന് ഗോളുകളും. യുവേഫ നേഷൻസ് ലീഗിൽ തിരിച്ചടി നേരിട്ടെങ്കിലും ലോകകപ്പ് യോഗ്യതാ മത്സരത്തിൽ നെതർലാൻഡ്സിനെതിരെ 4-2ന്റെ ജയം പിടിച്ചത് യൂറോയ്ക്കെത്തുമ്പോഴും അവരുടെ ആത്മവിശ്വാസം കൂട്ടും.
2018 ലോകകപ്പിലേക്ക് യോഗ്യത നേടാനാവാതെ പോയതിന് ശേഷമുള്ള തിരിച്ചു വരവിന്റെ പാതയിലാണ് ഇറ്റലി. യൂറോ യോഗ്യതാ മത്സരങ്ങളിൽ പത്തിൽ പത്തിലും ജയിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ഇറ്റലിയുടെ വരവ്. ഇതിൽ 37 തവണ ഇറ്റലി ഗോൾ വല കുലുക്കിയപ്പോൾ വഴങ്ങിയത് നാല് ഗോളുകൾ മാത്രം. യുവേഫ നേഷൻസ് ലീഗിലും ഗ്രൂപ്പിൽ ഒന്നാമതായ ഇറ്റലി 2018 സെപ്തംബറിന് ശേഷം തോൽവിയറിഞ്ഞിട്ടില്ല.
ഇറ്റലിയുടെ ആക്രമണത്തിന് ഇമ്മൊബിലെയും ഇൻസീനെയുമാണ് മുൻപിലുണ്ടാവുക. ബരെല്ല, ലൊകടെല്ലി, ജോർഗീഞ്ഞോ എന്നിവർ മധ്യനിരയിൽ കളി മെനയാൻ ഉണ്ടാവും. കിയെല്ലിനി, ബൊണൂചിയും പ്രതിരോധ കോട്ട തീർക്കും. 4-3-3 ഫോർമേഷനിൽ ഇറ്റലി ഇറങ്ങാനാണ് സാധ്യത. തുർക്കിയിലേക്ക് വരുമ്പോൾ യിൽമാസ്, യസീസി എന്നിവർ മുന്നേറ്റ നിരയിൽ ആക്രമണങ്ങൾക്ക് തിരികൊളുത്താനുണ്ടാവും. ചെഗിംസ്, ചാഹനൊഗ്ലു എന്നിവർ മധ്യനിരയിൽ കളി മെനയുമ്പോൾ ശക്തമായ പ്രതിരോധമാണ് തുർക്കിയും അണിനിരത്തുന്നത്. സെനോൽ ഗുനസ്, സൊയുഞ്ചു, ഡെമിറാൽ എന്നിവർ കോട്ട കാക്കാൻ ഇറങ്ങും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates