

ന്യൂയോർക്ക്: ഇടത് ഹാംസ്ട്രിങ്ങിനേറ്റപേശി വലിവ് കാരണം കഴിഞ്ഞ 16 ദിവസമായി കളിക്കളത്തിന് പുറത്തിരുന്ന അർജന്റീനൻ നായകൻ ലയണൽ മെസി തകർപ്പൻ തിരിച്ചുവരവ് നടത്തി. ലോകകപ്പ് പോരാട്ടങ്ങൾക്ക് മുന്നോടിയായി ചൊവ്വാഴ്ച രാത്രി നടന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ ഐസ്‌ലൻഡിനെതിരെ പകരക്കാരനായി കളത്തിലിറങ്ങിയ മെസി ഗോൾ നേടുകയും ചെയ്തു. മെസിയുടെ മടങ്ങിവരവോടെ എതിരില്ലാത്ത 3 ഗോളുകൾക്ക് ഐസ്‌ലൻഡിനെ തകർത്ത് അർജന്റീന തങ്ങളുടെ ആധികാരിക വിജയം ഉറപ്പാക്കി.
അമേരിക്കയിലെ അലബാമയിലുള്ള ഓബർണിലെ ജോർദാൻ-ഹെയർ സ്റ്റേഡിയത്തിൽ നിലവിലുള്ള ലോക ചാമ്പ്യന്മാരുടെയും മെസിയുടെയും പ്രകടനം നേരിട്ട് കാണാൻ മാത്രം 88,044 ആരാധകരാണ് ഗാലറിയിൽ ഇരച്ചെത്തിയത്. മത്സരത്തിന്റെ രണ്ടാം പകുതിയിൽ ജിയുലിയാനോ സിമിയോണിക്ക് പകരക്കാരനായാണ് കോച്ച് ലയണൽ സ്കലോണി മെസിയെ ഇറക്കിയത്. കഴിഞ്ഞ മെയ് 24-ന് ഫിലാഡൽഫിയ യൂണിയനെതിരെയുള്ള ഇന്റർ മിയാമിയുടെ മത്സരത്തിനിടെ 73-ാം മിനിറ്റിൽ പേശി വേദനയെ തുടർന്ന് കളംവിട്ട ശേഷം ആദ്യമായാണ് മെസി അർജന്റീനൻ ജേഴ്സിയിൽ കളത്തിൽ എത്തിയത്.
മത്സരത്തിന്റെ 70-ാം മിനിറ്റിൽ കളത്തിൽ പ്രവേശിച്ച മെസി തൊട്ടുപിന്നാലെ 72-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. ഇതോടെ അർജന്റീനയ്ക്കായി മെസി നേടുന്ന ആകെ ഗോളുകളുടെ എണ്ണം 117 ആയി ഉയർന്നു. ക്ലബ്ബ്-അന്താരാഷ്ട്ര കരിയറിലുടനീളമുള്ള അദ്ദേഹത്തിന്റെ 911-ാം ഔദ്യോഗിക ഗോൾ കൂടിയായിരുന്നു ഇത്. ഈ ഗോളോടെ അർജന്റീനയുടെ ഫുട്ബോൾ ചരിത്രത്തിൽ ഗോൾ നേടുന്ന ഏറ്റവും പ്രായംകൂടിയ താരം എന്ന പുതിയ റെക്കോർഡും ലയണൽ മെസി സ്വന്തം പേരിൽ കുറിച്ചു.
നേരത്തെ ഇന്റർ മിയാമിയുടെ ക്യാപ്റ്റനായ മെസിക്ക് ഇടത് ഹാംസ്ട്രിങ്ങിൽ പേശി ക്ഷീണം സ്ഥിരീകരിച്ചിരുന്നു. തുടർന്ന് കഴിഞ്ഞ ആഴ്ചയാണ് അദ്ദേഹം അർജന്റീനയുടെ ദേശീയ ക്യാമ്പിൽ റിപ്പോർട്ട് ചെയ്തത്. 2022-ലെ തങ്ങളുടെ ലോകകപ്പ് കിരീടം നിലനിർത്താനുള്ള പോരാട്ടത്തിന് മുൻപായി മെസി പൂർണ്ണ ഫിറ്റ്നസ് വീണ്ടെടുത്തത് അർജന്റീനൻ ആരാധകർക്കും ടീം മാനേജ്മെന്റിനും വലിയ ആശ്വാസമാണ് നൽകുന്നത്. ജൂൺ 16-ന് അൾജീരിയയ്ക്ക് എതിരെയാണ് ലോകകപ്പിൽ അർജന്റീനയുടെ ആദ്യ മത്സരം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates