

ഫിഫ ലോകകപ്പിൽ അർജന്റീന 3-2 ന് വിജയിച്ച കാബോ വെർദെയ്ക്കെതിരായ മത്സരത്തിനിടെ ലോകകപ്പിൽ ആദ്യമായി കളിക്കുന്ന റോബർട്ടോ ലോപ്പസ് മെസിയുമായി മൈതാനത്ത് വെച്ച് തർക്കിക്കുന്ന ഒരു ചിത്രം സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലായിരുന്നു. ചിത്രത്തിൽ മെസി ലോപ്പസിനോട് ദേഷ്യത്തിൽ എന്തോ പറയുന്നതും കാണാമായിരുന്നു. ഇപ്പോൾ ആ മത്സരത്തിനിടെയു മെസി തന്നോട് എന്താണ് പറഞ്ഞതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് റോബർട്ടോ ലോപ്പസ്. ഒരു ടോക്ക് ഷോയ്ക്കിടെയാണ് താരം അന്നത്തെ സംഭവങ്ങളെക്കുറിച്ച് വിവരിച്ചത്.
അത് വലിയ കാര്യമാക്കേണ്ട ഒന്നുമല്ലായിരുന്നു. മെസി എന്റെ മുന്നിലൂടെ നടന്നുപോയപ്പോൾ അദ്ദേഹം ഒരു യഥാർഥ മനുഷ്യൻ തന്നെയാണോ എന്ന് ഉറപ്പുവരുത്താൻ ഞാൻ ചെറുതായിട്ടൊന്ന് തള്ളി നോക്കിയതാണ്. അദ്ദേഹം മനുഷ്യനാണോ എന്ന് തൊട്ടറിയണമായിരുന്നു എനിക്ക്! എന്നാൽ ഞാൻ ചെയ്തത് അദ്ദേഹത്തിന് അത്ര ഇഷ്ടപ്പെട്ടില്ല.
'അദ്ദേഹം എന്നോട് പറഞ്ഞു- 'ലോപ്പസ്, ഇതൊരു ഫൗൾ ആണ്. ഇവിടെ പന്തൊന്നുമില്ലല്ലോ, എന്നെ തൊട്ടുപോകരുത്.' എന്നെ സമ്മർദ്ദത്തിലാക്കാനാണ് അദ്ദേഹം അങ്ങനെ പറഞ്ഞതെന്ന് എനിക്ക് തോന്നി. അതുകൊണ്ട് ഞാൻ അത് കാര്യമാക്കിയില്ല. അദ്ദേഹം കളി തുടർന്നു. പിന്നീട് റഫറി ഫസ്റ്റ് ഹാഫ് വിസിൽ മുഴക്കിയപ്പോൾ ഞാൻ അദ്ദേഹത്തിന്റെ അടുത്ത് ചെന്ന് പറഞ്ഞു- 'നോക്കൂ, എനിക്ക് നിങ്ങളെ ഒന്ന് തൊട്ടുനോക്കണമായിരുന്നു. കാരണം നിങ്ങൾ എന്റെ പുറകിലുണ്ടെങ്കിൽ ഞാൻ വലിയ അപകടത്തിലാണെന്ന് എനിക്കറിയാം.' അതിനുശേഷം ഞങ്ങൾ പരസ്പരം കൈകൊടുത്തു പിരിയുകയായിരുന്നു.'- മൈതാനത്ത് നടന്നതിനെക്കുറിച്ച് താരം വെളിപ്പെടുത്തി.
ലോകകപ്പിൽ അർജന്റീന ഇതിഹാസം കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്. തന്റെ മഹത്വത്തിന് അടിവരയിട്ടുകൊണ്ട് ഈ ടൂർണമെന്റിൽ ഇതുവരെ എട്ട് ഗോളുകൾ നേടി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന കളിക്കാരനായി മാറി. മാത്രമല്ല അർജന്റീനയെ വീണ്ടും വലിയ വിജയങ്ങളിലേക്ക് നയിക്കാനും മെസിക്ക് സാധിക്കുന്നു.
മെസ്സിയും അർജന്റീനയും ഗോളടിച്ചു കൂട്ടുന്നുണ്ടെങ്കിലും അവരുടെ ഈ ലോകകപ്പ് യാത്ര അത്ര സുഗമവും ആയിരുന്നില്ല. റൗണ്ട് ഓഫ് 32ൽ കാബോ വെർദെ ടീം അർജന്റീനയെ എക്സ്ട്രാ ടൈം വരെ വിയർപ്പിച്ചു. അതിനുശേഷം നടന്ന പ്രീ ക്വാർട്ടറിൽ ഈജിപ്തിനെതിരെ 2-0 ന് പുറകിലായ ശേഷമാണ് നാടകീയമായ തിരിച്ചുവരവിലൂടെ അവർ രക്ഷപെട്ടത്. ഇനി ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്സർലൻഡാണ് അർജന്റീനയുടെ എതിരാളികൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates