

മോസ്‌ക്കോ: മാഴ്‌സലോയുടെ പരുക്കിനെ കുറിച്ച് ഒട്ടും ആശങ്ക വേണ്ടെന്ന് ബ്രസീല്‍ ഫുട്‌ബോള്‍ അധികൃതര്‍. ലോകകപ്പിനെത്തിയത് മുതല്‍ ബ്രസീല്‍ ടീമിനെ വല്ലാതെ കുഴയ്ക്കുന്നതാണ് പരുക്ക്. ഡഗ്ലസ് കോസ്റ്റ, ഡാനിലോ എന്നിവരടക്കമുള്ളവര്‍ ഇപ്പോഴും പരുക്കിന്റെ പിടിയിലാണ്. അതിന്റെ അവസാന ഇരയാണ് സെര്‍ബിയക്കെതിരേ ഇറങ്ങി തുടക്കത്തില്‍ തന്നെ കളം വിടേണ്ടി വന്ന മാഴ്‌സലോ. സെര്‍ബിയക്കെതിരായ മത്സരത്തിന്റെ പത്താം മിനുട്ടിലാണ് മാഴ്‌സെലോയ്ക്ക് പരുക്കേറ്റത്. അതോടെ താരത്തിന്റെ ലോകകപ്പ് മത്സരങ്ങളില്‍ ആശങ്കയുടെ നിഴല്‍ വീണു. പിന്നാലെ സാമൂഹിക മാധ്യമങ്ങള്‍ വഴി മാഴ്‌സലോയുടെ പരുക്ക് സംബന്ധമായി വന്‍ പ്രചാരണങ്ങളും കൊഴുത്തു. ഇതോടെയാണ് പരുക്കിനെ കുറിച്ച് വിശദീകരണവുമായി ബ്രസീലിയന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ രംഗത്ത് വന്നത്. ആശങ്ക ഒട്ടുംതന്നെ വേണ്ടെന്നാണ് ബ്രസീല്‍ അധികൃതര്‍ വ്യക്തമാക്കിരിക്കുന്നത്. മാഴ്‌സെലോയുടെ പുറംഭാഗത്തെ ഞരമ്പിന് വലിവ് അനുഭവപ്പെട്ടതാണെന്നും താരം സുഖം പ്രാപിച്ച് വരികയാണെന്നും ബ്രസീല്‍ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ അറിയിച്ചു.
സെര്‍ബിയക്കെതിരായ മികച്ച പ്രകടനത്തോടെ ആരാധകരില്‍ ആവേശം നിറച്ച് ബ്രസീല്‍ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറിലേക്ക് കടന്നുകഴിഞ്ഞു. മെക്‌സിക്കോയാണ് പ്രീ ക്വാര്‍ട്ടറില്‍ സെലക്കാവോകളുടെ എതിരാളി. ബ്രസീല്‍ ടീമിലെ മികച്ച താരങ്ങളിലൊരാളാണ് മാഴ്‌സലോ. വേഗതയും മൈതാനം മുഴുവന്‍ നിറഞ്ഞുകളിക്കുന്ന ശൈലിയുമാണ് ഈ റയല്‍ മാഡ്രിഡ് താരത്തെ വേറിട്ടുനിര്‍ത്തുന്നത്. അതേസമയം മാഴ്‌സലോ മടങ്ങിയപ്പോള്‍ മത്സരത്തില്‍ പകരമെത്തിയ ഫിലിപ്പെ ലൂയിസും ബ്രസീലിനായി തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates