കാല്‍പന്തിന്റെ ഒരു മനോഹര യുഗത്തിന് വിരാമം; ഇനിയെസ്റ്റ വിരമിച്ചു

സ്പാനിഷ് ഫുട്‌ബോള്‍ ടീമിനെ മഹത്തായ വിജയങ്ങളിലേക്ക് നയിച്ച ആന്ദ്രെ ഇനിയെസ്റ്റ ലാ റോജ കുപ്പായം അഴിച്ചു
കാല്‍പന്തിന്റെ ഒരു മനോഹര യുഗത്തിന് വിരാമം; ഇനിയെസ്റ്റ വിരമിച്ചു
Updated on
2 min read

സ്പാനിഷ് ഫുട്‌ബോള്‍ ടീമിനെ മഹത്തായ വിജയങ്ങളിലേക്ക് നയിച്ച ആന്ദ്രെ ഇനിയെസ്റ്റ ലാ റോജ ജേഴ്‌സി അഴിച്ചു. ആതിഥേയരായ റഷ്യയോട് ലോകകപ്പ് പ്രീ ക്വാര്‍ട്ടറിലേറ്റ അട്ടിമറി തോല്‍വിക്ക് പിന്നാലെയാണ് സമ്പന്നമായ കരിയറിന് 34കാരനായ ഇനിയെസ്റ്റ നിരാശയോടെ വിരാമമിട്ടത്. സ്‌പെയിനിന്റെ 2008, 2012 വര്‍ഷങ്ങളിലെ യൂറോ കപ്പ്, 2010ലെ ലോകകപ്പ് വിജയങ്ങള്‍ക്ക് ഇനിയെസ്റ്റയാണ് അച്ചുതണ്ടായി നിന്നത്. സ്പാനിഷ് മധ്യനിരയില്‍ ഷാവിക്കൊപ്പം ചേര്‍ന്ന് നെയ്‌തെടുത്ത സുന്ദരമായ നിമിഷങ്ങള്‍ കാല്‍പന്ത് ചരിത്രത്തിന്റെ ഒളിമങ്ങാത്ത ഓര്‍മകളിലേക്ക് ചേര്‍ത്തുവച്ചാണ് ഇതിഹാസ താരം അന്താരാഷ്ട്ര ഫുട്‌ബോളിനോട് വിട പറഞ്ഞത്. 

2008 മുതല്‍ 2012 വരെ സ്പാനിഷ് ഫുട്‌ബോള്‍ ടീം നടത്തിയ അശ്വമേധത്തിന് നേതൃത്വം നല്‍കിയത് ഇനിയെസ്റ്റ ഉള്‍പ്പെട്ട സുവര്‍ണ തലമുറയായിരുന്നു. 2010ലെ ലോകകപ്പ് വിജയത്തിന് സ്‌പെയിന്‍ ഏറ്റവും കൂടുതല്‍ കടപ്പെട്ടിരിക്കുന്നതും ഈ കുറിയ മനുഷ്യനോട് തന്നെ. അന്ന് ഹോളണ്ടിനെതിരായ ഫൈനല്‍ അധിക സമയത്തേക്ക് നീണ്ടപ്പോള്‍ നിര്‍ണായക ഗോള്‍ പിറന്നതും ഈ ബൂട്ടില്‍ നിന്നായിരുന്നു. 

സ്‌പെയിന്‍ മൈതാനത്ത് പ്രദര്‍ശിപ്പിച്ച ടിക്കി- ടാക്കയെന്ന കുറിയ പാസുകളിലൂടെ വികസിക്കുന്ന സുന്ദരമായ കളിയുടെ നട്ടെല്ലായിരുന്നു ഇനിയെസ്റ്റ. മാന്ത്രികമായ ചലനങ്ങളിലൂടെ സ്‌പെയിനിന്റേയും ബാഴ്‌സയുടേയും കളി വ്യാകരണങ്ങളെ കാവ്യാത്മകമായി മൈതാനത്ത് വ്യാഖ്യാനിച്ച കളിക്കാരനായിരുന്നു അദ്ദേഹം. ഭാവനാ സമ്പന്നവും ബുദ്ധിപരവുമായ നീക്കങ്ങളിലൂടെ ഇനിയെസ്റ്റ ആരാധകരുടെ മനസിനെ ആനന്ദിപ്പിച്ചു. 
കരിയറിലെ അവസാന അന്താരാഷ്ട്ര പോരാട്ടം ഷൂട്ടൗട്ടിലേക്ക് നീണ്ടപ്പോള്‍ കിക്കെടുത്ത ഇനിയെസ്റ്റ വല ചലിപ്പിച്ചാണ് മടങ്ങിയത്. തന്റെ അവസാന രാജ്യാന്തര പോരാട്ടത്തില്‍ പകരക്കാരനായാണ് അദ്ദേഹം കളിച്ചത്. വിജയത്തോടെ വിട പറയാനുള്ള അവസരം കാലം അദ്ദേഹത്തിന് നല്‍കിയില്ല. കരിയറിലെ ഏറ്റവും നിരാശാജനകമായ ദിവസമെന്ന് വിശേഷിപ്പിച്ചാണ് ഇനിയെസ്റ്റ ഹംസഗാനം ചൊല്ലിയത്. 

2006ലാണ് ഇനിയെസ്റ്റ സ്‌പെയിനിനായി അരങ്ങേറിയത്. 12 വര്‍ഷം നീണ്ട രാജ്യാന്തര കരിയറില്‍ രാജ്യത്തിനായി 131 മത്സരങ്ങള്‍ അദ്ദേഹം കളിച്ചു. 13 ഗോളുകളും രാജ്യത്തിനായി നേടി. കഴിഞ്ഞ സീസണോടെ അദ്ദേഹം ബാഴ്‌സലോണയില്‍ നിന്നും വിട പറഞ്ഞിരുന്നു. ബാഴ്‌സയ്‌ക്കൊപ്പം 32 കിരീട നേട്ടങ്ങളില്‍ അദ്ദേഹം പങ്കാളിയായി. ബാഴ്‌സലോണയ്ക്കായി ലാ ലിഗയില്‍ 530 മത്സരങ്ങള്‍ കളിച്ച ഇനിയെസ്റ്റ 46 ഗോളുകള്‍ നേടി. 138 യൂറോപ്യന്‍ പോരാട്ടങ്ങളില്‍ നിന്ന് ക്ലബിനായി 11 ഗോളുകളും അദ്ദേഹം വലയിലാക്കി. നിലവില്‍ ജപ്പാനീസ് ലീഗ് വണ്‍ ടീം വിസ്സല്‍ കോബെയുടെ താരമാണ് ഇനിയെസ്റ്റ. ലോക ഫുട്‌ബോളിനെ ത്രസിപ്പിച്ച ഏറ്റവും മനോഹരമായ ഒരു യുഗത്തിന് കൂടിയാണ് ഇനിയെസ്റ്റയെന്ന മധ്യനിര മജീഷ്യന്‍ തിരശ്ശീലയിട്ടത്.

കരിയറിലെ നേട്ടങ്ങള്‍
ഫിഫ ലോകകപ്പ്- 2010
യൂറോ കപ്പ്- 2008, 2012
യൂറോ കപ്പ് (അണ്ടര്‍ 19)- 2002
യൂറോ കപ്പ് (അണ്ടര്‍ 16)- 2001
യുവേഫ ചാംപ്യന്‍സ് ലീഗ്- 2006, 2009, 2011, 2015
യുവേഫ സൂപ്പര്‍ കപ്പ്- 2011, 2015
ഫിഫ ക്ലബ് ലോകകപ്പ്- 2009, 2011, 2015
സ്പാനിഷ് ലാ ലിഗ- 2005, 06, 09, 10, 11, 13, 15, 16, 18
സ്പാനിഷ് കിങ്‌സ് കപ്പ്- 2009, 12, 15, 16, 17, 18
സ്പാനിഷ് സൂപ്പര്‍ കപ്പ്- 2005, 06, 10, 11, 13, 16

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com