

മോസ്‌കോ: ആരും ആരെയും തോല്‍പ്പിക്കും. ആക്രമണം അഴിച്ചുവിടുന്ന ടീമുകള്‍ക്കെതിരേ വളരെ ജാഗ്രത പുലര്‍ത്തി പ്രതിരോധിക്കുകയും ഒരു പഴുത് കിട്ടുമ്പോള്‍ പ്രത്യാക്രമണം നടത്തുക ചെയ്യുക. ദുര്‍ബലര്‍ എന്നി വിശേഷണമില്ലാതെ കട്ടയ്ക്ക് പോരാടി നില്‍ക്കുക. അവസാന നിമിഷത്തില്‍ ഗോളുകളടിച്ച് മത്സര ഫലം അനകൂലമാക്കുക. തുടങ്ങി നിരവധി തന്ത്രപരമായ മുന്നേറ്റങ്ങളാണ് ഇത്തവണ ലോകകപ്പിലെ പ്രാഥമിക റൗണ്ടില്‍ കണ്ടത്. എല്ലാവരും ഗോളടിക്കുന്നു. ലോകകപ്പിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ പിറന്ന ലോകകപ്പായി റഷ്യന്‍ ടൂര്‍ണമെന്റ് മാറിയല്‍ അത്ഭുതമില്ല. 48 മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ പ്രാഥമിക ഘട്ടത്തില്‍ 122 ഗോളുകളാണ് ടീമുകള്‍ അടിച്ചുകൂട്ടിയത്. അതായത് ഓരോ മത്സരത്തിലും 2.5 ഏവറേജില്‍ ഗോളുകള്‍ പിറന്നു. മത്സരിച്ച 32 ടീമുകളും ഗോളുകള്‍ നേടി എന്നതാണ് മറ്റൊരു സവിശേഷത.
കിരീട പ്രതീക്ഷയുമായി എത്തിയവരില്‍ ജര്‍മനിയുടേത് മാത്രമാണ് അപ്രതീക്ഷിത പുറത്താകല്‍. മറ്റ് വമ്പന്‍ ടീമുകള്‍ വലിയ പരുക്കേല്‍ക്കാതെ പ്രീ ക്വാര്‍ട്ടറിലെത്തി.
64 മത്സരങ്ങളില്‍ 48 എണ്ണം കഴിഞ്ഞു. ഇനി നോക്കൗട്ട് മത്സരങ്ങളാണ്. നിശ്ചിത സമയത്തേക്കും അധിക സമയത്തേക്കും പെനാല്‍റ്റി ഷൂട്ടൗട്ടിലേക്കും ഒക്കെ നീളുന്ന പിരിമുറുക്കത്തിന്റെ അങ്ങേ അറ്റം വരെ നില്‍ക്കുന്ന കാല്‍പന്ത് കളിയുടെ അപ്രവചനീയ സൗന്ദര്യത്തിന് ആഴങ്ങള്‍ കൂടുമെന്ന് ചുരുക്കം.
അര്‍ജന്റീന- ഫ്രാന്‍സ്
ഗ്രൂപ്പ് ഡി യിലെ രണ്ടാം സ്ഥാനക്കാരായ അര്‍ജന്റീനയും സി യിലെ ഒന്നാം സ്ഥാനക്കാരായ ഫ്രാന്‍സും തമ്മിലാണ് ആദ്യ പ്രീ ക്വാര്‍ട്ടര്‍. ഇരു ടീമുകളും ഏറ്റുമുട്ടുമ്പോള്‍ തുല്യ ശക്തികളുടെ പോരാട്ടമായി മാറും. ഗ്രൂപ്പ് മത്സരങ്ങളില്‍ ആധികാരിക പ്രകടനം കാഴ്ചവെക്കാനായിട്ടില്ലെങ്കിലും അര്‍ജന്റീനയെക്കാള്‍ മികച്ചു നിന്നത് ഫ്രാന്‍സ് ആണ്. മെസി തിളങ്ങിയില്ലെങ്കില്‍ അര്‍ജന്റീനയ്ക്ക് മടങ്ങാം. മികവുറ്റ താരങ്ങളുടെ സാന്നിധ്യമാണ് ഫ്രാന്‍സിന്റെ സവിശേഷത. എങ്കിലും ആ പെരുമയ്‌ക്കൊത്ത പ്രകടനം അവര്‍ പുറത്തെടുത്തു എന്ന് പറയാന്‍ കഴിയില്ല. മെസി ഫോമിലേക്കെത്തിയതിന്റെ പ്രതീക്ഷയിലാണ് അര്‍ജന്റീന.
ഉറുഗ്വെ- പോര്‍ച്ചുഗല്‍
ലാറ്റിനമേരിക്കന്‍ കരുത്തരായ ഉറുഗ്വെയും യൂറോ ചാംപ്യന്മാരായ പോര്‍ച്ചുഗലും തമ്മിലുള്ള മത്സരം ശ്രദ്ധേയമാകും. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സാന്നിധ്യം പോര്‍ച്ചുഗലിന് നേട്ടമാണ്. എന്നാല്‍, ടീമെന്ന നിലയില്‍ ഉറുഗഗ്വെ ഗ്രൂപ്പ് മത്സരങ്ങളില്‍ തിളങ്ങി. നാല് ഗോളുകളുമായി തിളങ്ങി നില്‍ക്കുന്ന ക്രിസ്റ്റിയാനോയും ഒപ്പം ക്വരസ്മയും പ്രതീക്ഷ നല്‍കുന്നു പോര്‍ച്ചുഗലിന്.
ബ്രസീല്‍- മെക്‌സിക്കോ
റഷ്യന്‍ ലോകകപ്പില്‍ കിരീടം നേടുമെന്ന് കരുതപ്പെടുന്ന ടീമാണ് ബ്രസീല്‍. അതിനൊത്ത പ്രകടനം അവര്‍ ഗ്രൂപ്പ് മത്സരത്തില്‍ പുറത്തെടുത്തുകഴിഞ്ഞു. പ്രത്യേകിച്ച് അവസാന മത്സരത്തില്‍. നെയ്മറിന്റെ നേതൃത്വത്തിലുള്ള ടീം മികച്ച ഒത്തിണക്കത്തോടെയാണ് കളിക്കുന്നത്. ആദ്യ മത്സരത്തില്‍ ജര്‍മനിയെ ഞെട്ടിച്ച മെക്‌സിക്കോയും അപ്രതീക്ഷിത പ്രകടനം നടത്തി. എന്നാല്‍, സ്വീഡനോട് തോറ്റ രീതി അവര്‍ക്ക് പ്രീ ക്വാര്‍ട്ടറിനപ്പുറം കടക്കാനാകുമോ എന്ന സംശയം ഉയര്‍ത്തുന്നുണ്ട്.
ബെല്‍ജിയം- ജപ്പാന്‍
ലോകകപ്പിലെ ഏറ്റവും മികച്ച ആക്രമണ സംഘമാണ് ബെല്‍ജിയത്തിന്റെ കരുത്ത്. മികച്ച ടീമായി കളിക്കുന്ന ഒരുപിടി ലോകോത്തര താരങ്ങള്‍ അവര്‍ക്കുണ്ട്. ആക്രമണ ഫുട്‌ബോള്‍ കളിക്കുന്ന ജപ്പാന് ബെല്‍ജിയത്തിനെതിരെ അട്ടിമറി ജയം നേടാന്‍ കഴിയുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
റഷ്യ- സ്‌പെയിന്‍
ആതിഥേയരെന്ന നിലയില്‍ ആദ്യ രണ്ട് മത്സരത്തിലും ഗോള്‍ വര്‍ഷം നടത്തിയ ടീമാണ് റഷ്യ. കാണികളുടെ മികച്ച പിന്തുണ ടീമിന് ഗുണകരമാണ്. എന്നാല്‍, ഉറുഗ്വെയുമായി നടന്ന മത്സരത്തില്‍ ടീമിന്റെ നിലവാരം അളക്കപ്പെട്ടു. ആദ്യ മത്സരത്തില്‍ പോര്‍ച്ചുഗലിനോട് സമനില വഴങ്ങിയെങ്കിലും ആ മത്സരത്തില്‍ സ്‌പെയിന്‍ പുറത്തെടുത്ത സുന്ദരമായ ഫുട്‌ബോള്‍ പിന്നീടുള്ള രണ്ട് കളികളില്‍ നിലനിര്‍ത്താന്‍ അവവര്‍ക്ക് സാധിച്ചില്ല. പ്രീ ക്വാര്‍ട്ടറില്‍ റഷ്യയെ അനായാസം മറികടക്കാനുള്ള വിഭവ ശേഷി ഏതായാലും 2010ലെ ചാംപ്യന്‍മാര്‍ക്കുണ്ട്.
ക്രൊയേഷ്യ- ഡെന്‍മാര്‍ക്
ലോകകപ്പില്‍ മികച്ച പ്രകടനം നടത്തിയ ടീമുകളില്‍ മുന്നില്‍ നില്‍ക്കുന്നു ക്രൊയേഷ്യ. സുവര്‍ണ തലമുറയിലെ മികവുറ്റ താരങ്ങളുടെ സാന്നിധ്യമാണ് അവരുടെ ശക്തി. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളും ജയിച്ചു. അര്‍ജന്റീനയ്‌ക്കെതിരായ പ്രകടനം അവരുടെ ശക്തി എന്താണെന്ന് ലോകത്തിന് ശരിക്കും ബോധ്യപ്പെട്ടു. ഡെന്മാര്‍ക്കും ശരാശരി പ്രകടനം നടത്തിയ ടീമാണ്.
സ്വീഡന്‍- സ്വിറ്റ്‌സര്‍ലന്‍ഡ്
പ്രീ ക്വാര്‍ട്ടറിലെ ശക്തമായ മത്സരമായിരിക്കും സ്വീഡനും സ്വിറ്റ്‌സര്‍ലന്‍ഡും തമ്മില്‍. ഇരു ടീമുകളും ഗ്രൂപ്പ് മത്സരത്തില്‍ കരുത്തു തെളിയിച്ച് എത്തുന്നവര്‍. ഓരോ മത്സരം കഴിയുന്തോറും സ്വീഡന്റെ പുരോഗമനമാണ് ശ്രദ്ധേയം. വളരെ വേഗതയാര്‍ന്ന നീക്കങ്ങളാണ് സ്വിസ് ടീമിനെ പേടിക്കേണ്ടവരാക്കി നിര്‍ത്തുന്നത്.
ഇംഗ്ലണ്ട്- കൊളംബിയ
പതിവ് ഇംഗ്ലീഷ് ഫുട്‌ബോളിന്റെ ആലസ്യമില്ലാത്ത ഒരു ഇംഗ്ലണ്ട് ടീമിനെയാണ് റഷ്യയില്‍ കണ്ടത്. ഏത് ടീമിനെയും തോല്‍പ്പിക്കാന്‍ കെല്‍പ്പുള്ളവരാണ് ത്രീ ലയണ്‍സ്. ഹാരി കെയ്‌നിന്റെ ഗോളടി മികവ് ടീമിന് മേല്‍ക്കൈ നല്‍കുന്നു. ആദ്യ കളിയിലെ ഞെട്ടിക്കുന്ന തോല്‍വി മറന്ന് തുടര്‍ച്ചയായ രണ്ടു മത്സരങ്ങള്‍ ജയിച്ചെത്തിയ കൊളംബിയയ്ക്ക് ഇംഗ്ലണ്ടിനെ അട്ടിമറിക്കാനുള്ള ശേഷി ഉണ്ടോ എന്ന് കണ്ടറിയാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates