

മോസ്‌ക്കോ: കൈയിലിരുന്ന മത്സരം കൈവിട്ടുപോയതിന്റെ അമ്പരപ്പിലാണ് ജപ്പാന്‍. രണ്ട് ഗോളിന് മുന്നില്‍ നിന്ന ശേഷം ഏഷ്യന്‍ കരുത്തര്‍ മൂന്ന് ഗോളുകള്‍ വഴങ്ങി അവിശ്വസനീയമായി പരാജയപ്പെട്ടു. ആദ്യ പകുതി ഗോള്‍രഹിതമായപ്പോള്‍ രണ്ടാം പകുതിയിലാണ് മത്സരത്തിലെ അഞ്ച് ഗോളുകളും പിറന്നത്. 90 മിനുട്ട് പിന്നിടുമ്പോള്‍ ഇരു ടീമുകളും 2-2ന് സമനിലയിലായിരുന്നു. മത്സരം അധിക സമയത്തേക്ക് നീളുമെന്ന തോന്നലുളവാക്കി. നാല് മിനുട്ട് ലഭിച്ച ഇഞ്ച്വറി ടൈമില്‍ നസര്‍ ചാഡ്‌ലിയുടെ ഗോളിലാണ് ബെല്‍ജിയം വിജയവും ക്വാര്‍ട്ടര്‍ ബര്‍ത്തും ഉറപ്പിച്ചത്. ഈ മാസം ആറിന് നടക്കുന്ന ക്വാര്‍ട്ടറില്‍ ബ്രസീലാണ് ബെല്‍ജിയത്തിന്റെ എതിരാളികള്‍.
വിജയിച്ചിരുന്നെങ്കില്‍ ചരിത്രത്തിലാദ്യമായി ജപ്പാന് ക്വാര്‍ട്ടറില്‍ പ്രവേശിക്കാമായിരുന്നു. രണ്ട് ഗോള്‍ നേടിയ ശേഷം മികച്ച പ്രതിരോധം തീര്‍ക്കാന്‍ ശ്രമിക്കുന്നതിന് പകരം മൂന്നാം ഗോളിന് വേണ്ടി ആക്രമണം തുടര്‍ന്നതാണ് ജപ്പാന് തിരിച്ചടിയായത്. പ്രത്യേകിച്ച് ലുകാകു അടക്കമുള്ള താരങ്ങള്‍ ഉള്ള ബെല്‍ജിയത്തിനെതിരേ.
ആദ്യ പകുതി ഇരു ടീമുകളും ഗോളടിക്കാതെ പിരിഞ്ഞപ്പോള്‍ രണ്ടാം പകുതിയുടെ 48ാം മിനുട്ടില്‍ ഗെന്‍കി ഹരാഗൂചി ജപ്പാനെ മുന്നിലെത്തിച്ചു. തൊട്ടുപിന്നാലെ 52ാം മിനുട്ടില്‍ തക്ഷി ഇനൂയി രണ്ടാം ഗോള്‍ വലയിലാക്കി ബെല്‍ജിയത്തിന് അടുത്ത പ്രഹരം നല്‍കിയതോടെ അവര്‍ പുറത്താകല്‍ മുന്നില്‍ കണ്ടു.
ഒടുവില്‍ കളി ജപ്പാന്‍ വിജയിക്കുമെന്ന ഘട്ടത്തിലേക്ക് പോകുന്നതിനിടെ ബെല്‍ജിയം പരിശീലകന്‍ റോബര്‍ട്ടോ മാര്‍ട്ടിനസ് നടത്തിയ രണ്ട് സബ്‌സ്റ്റിറ്റിയൂഷനുകളാണ് മത്സരത്തിന്റെ ഗതി തിരിച്ചതും നിര്‍ണയിച്ചതും.
കളിയുടെ 69ാം മിനുട്ടില്‍ യാന്‍ വെര്‍ടോന്‍ഗനിലൂടെ ലീഡ് കുറച്ച ബെല്‍ജിയം 74ാം മിനുട്ടില്‍ മൗരന്‍ ഫെല്ലയ്‌നിയിലൂടെ സമനില പിടിച്ച് മത്സരത്തിലേക്ക് ഉജ്ജ്വലമായി തിരിച്ചെത്തി. ഫെല്ലയ്‌നിയെ മാര്‍ട്ടിനെസ് പകരക്കാരനായി ഇറക്കുകയായിരുന്നു. തന്റെ ട്രേഡ് മാര്‍ക്കായ ഹെഡ്ഡറിലൂടെയാണ് ഫെല്ലയ്‌നി ബെല്‍ജിയത്തെ മത്സരത്തിലേക്ക് തിരിച്ചെത്തിച്ചത്. അവസാന ഘട്ടത്തില്‍ വല കുലുക്കാനുള്ള ബെല്‍ജിയം താരങ്ങളുടെ ശ്രമം ജപ്പാന്‍ ഗോള്‍ കീപ്പര്‍ കവാഷിമയുടെ മികവിന് മുന്നില്‍ അവസാനിക്കുകയായിരുന്നു. മത്സരം 90 മിനുട്ട് പിന്നിട്ട് പോരാട്ടം അധിക സമയത്തേക്ക് നീളുമെന്ന് തോന്നിച്ചപ്പോഴാണ് ലുകാകുവിന്റെ പാസില്‍ നിന്ന് ലഭിച്ച പന്തുമായി മുന്നേറി ചാഡ്‌ലിയുടെ നിര്‍ണായക ഗോള്‍. ചാഡ്‌ലിയേയും മാര്‍ട്ടിനെസ് പകരക്കാരനായി ഇറക്കുകയായിരുന്നു.
നേരത്തെ ആദ്യ പകുതിയില്‍ തുടക്കം മുതല്‍ ആക്രമിച്ച് മുന്നേറിയ ലുകാകു അടക്കമുള്ള താരങ്ങളെ ജപ്പാന്‍ കട്ടയ്ക്ക് നിന്ന് പ്രതിരോധിച്ചു. പതിയെ മത്സരത്തിന്റെ താളത്തിലേക്ക് എത്തിയ ജപ്പാന്‍ തഞ്ചം കിട്ടിയപ്പോഴൊക്കെ ബെല്‍ജിയം ഭാഗത്തേക്ക് മുന്നേറ്റം നടത്തി അവരെ വിറപ്പിച്ചു. 43ാം മിനുട്ടിന്റെ അവസാനത്തില്‍ ജപ്പാന്‍ ഗോളിന് തൊട്ടരികില്‍ വരെ എത്തുകയും ചെയ്തു. ഒന്നാം പകുതിക്ക് പിരിയുമ്പോള്‍ ഇരു ടീമുകളും ഗോളുകളൊന്നും നേടിയിരുന്നില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates