

സിഡ്നി: 50 ' നോട്ടൗട്ടുമായി' ജീവിതത്തിൽ മുന്നേറുന്ന ക്രിക്കറ്റ് ഇതിഹാസം സച്ചിന് ഓസ്ട്രേലിയയുടെ ആദരം. ഇന്ത്യയ്ക്ക് പുറത്ത് സച്ചിന്റെ ഇഷ്ട ഗ്രൗണ്ടായ സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ, 50-ാം ജന്മദിനത്തിൽ ഇതിഹാസ താരത്തിന് ആദരം അർപ്പിച്ച് ഗേറ്റിന് സച്ചിന്റെ പേര് നൽകി. സച്ചിന്റെ സമകാലികനും വെസ്റ്റ് ഇൻഡീസിന്റെ ഇതിഹാസ താരവുമായ ബ്രയാൻ ലാറയുടെ പേരിലും ഗേറ്റ് ഉണ്ട്. സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ 277 റൺസ് നേടിയതിന്റെ 30-ാം വാർഷികത്തിലാണ് ലാറയ്ക്ക് ആദരം അർപ്പിച്ചത്.
'ഇന്ത്യയ്ക്ക് പുറത്ത് എന്റെ ഏറ്റവും ഇഷ്ടപ്പെട്ട ഗ്രൗണ്ടാണ് സിഡ്നിയിലേത്. സിഡ്നിയിൽ നിരവധി അവിസ്മരണീയമായ ഓർമ്മകൾ എനിക്കുണ്ട്. 1991-92 ലെ എന്റെ ആദ്യ ഓസ്ട്രേലിയൻ ടൂം മുതൽ തുടങ്ങുന്നതാണ് ഈ ഓർമ്മകൾ'- സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ട് പുറത്തുവിട്ട സച്ചിന്റെ പ്രസ്താവനയിൽ പറയുന്നു.
സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ സച്ചിൻ അഞ്ച് ടെസ്റ്റുകളാണ് കളിച്ചിട്ടുള്ളത്. 157 ശരാശരിയോടെ 785 റൺസാണ് ഈ ഗ്രൗണ്ടിൽ വച്ച് സച്ചിൻ അടിച്ചുകൂട്ടിയത്. ഇതിൽ സച്ചിന്റെ ഏറ്റവും ഉയർന്ന സ്കോറുകളിൽ ഒന്നായ 241ഉം ഉൾപ്പെടുന്നു. ഇനി മുതൽ എല്ലാ ക്രിക്കറ്റ് താരങ്ങൾക്കും ലാറ- ടെണ്ടുൽക്കർ ഗേറ്റിലൂടെ മാത്രമേ കളിക്കളത്തിൽ ഇറങ്ങാൻ സാധിക്കൂ എന്ന് സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ട് അധികൃതർ പറഞ്ഞു. ലാറ- ടെണ്ടുൽക്കർ എന്ന് രേഖപ്പെടുത്തിയിരിക്കുന്ന ഫലകവും അവിടെ സ്ഥാപിച്ചിട്ടുണ്ട്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
